
വാഷിങ്ടൺ: തൊഴിൽ അധിഷ്ഠിത യുഎസ് ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ഇന്ത്യൻ പ്രൊഫഷണലുകളുടെ കാത്തിരിപ്പ് നീളുന്നു.പല പ്രധാന വിഭാഗങ്ങളിലും പത്തുവർഷത്തിലേറെയായി കാത്തിരിപ്പ് തുടരുകയാണ്. പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ ചില വിഭാഗങ്ങളിൽ വിസാ നമ്പറുകൾ വീണ്ടും ലഭ്യമായെങ്കിലും ഇന്ത്യക്കാരുടെ ഗ്രീൻ കാർഡ് ബാക്ക്‌ലോഗിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്ന് ഒക്ടോബറിലെ യുഎസ് വിസാ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
അഡ്വാൻസ്ഡ് ഡിഗ്രിയുള്ളവരും പ്രത്യേക കഴിവുള്ളവരുമായ പ്രൊഫഷണലുകൾ കൂടുതലായി ഉപയോഗിക്കുന്ന ഇബി-2 വിഭാഗത്തിലാണ് ഇന്ത്യക്കാരും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരും തമ്മിലുള്ള വലിയ വ്യത്യാസം തുടരുന്നത്. ഇന്ത്യയ്ക്കുള്ള ഇബി-2 ഫൈനൽ ആക്ഷൻ തീയതി 2013 നവംബർ 1 ആണ്. മറ്റു ഭൂരിഭാഗം രാജ്യങ്ങൾക്കുള്ള തീയതി 2025 ജനുവരി 1 ആണ്. അതായത്, ഇന്ത്യയുടെ കട്ട്-ഓഫ് തീയതി 11 വർഷത്തിലേറെ പിന്നിലാണ്.
ഇബി-3 വിഭാഗത്തിലും സമാനമായ സ്ഥിതിയാണ്. ഇന്ത്യയുടെ ഫൈനൽ ആക്ഷൻ തീയതി 2014 ജനുവരി 1 ആണെങ്കിൽ മറ്റു ഭൂരിഭാഗം രാജ്യങ്ങൾക്ക് ഇത് 2024 മേയ് 15 ആണ്.
അതേസമയം, ഇബി-1 വിഭാഗത്തിൽ ഇന്ത്യൻ അപേക്ഷകർക്ക് നേരിയ മുന്നേറ്റമുണ്ട്. അസാധാരണ കഴിവുള്ളവർ, പ്രമുഖ പ്രൊഫസർമാരും ഗവേഷകരും, ചില ബഹുരാഷ്ട്ര കമ്പനികളുടെ എക്സിക്യൂട്ടീവുകളും ഉൾപ്പെടുന്ന ഇബി -1 വിഭാഗത്തിന്റെ ഇന്ത്യയ്ക്കുള്ള ഫൈനൽ ആക്ഷൻ തീയതി 2023 ഫെബ്രുവരി 1 ആയി മുന്നേറി.
പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ ഇബി -2 ഇന്ത്യ വിഭാഗത്തിലും വിസാ നമ്പറുകൾ വീണ്ടും ലഭ്യമായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനഘട്ടത്തിൽ വാർഷിക വിസാ വിഹിതം തീർന്നതിനെ തുടർന്ന് ഈ വിഭാഗത്തിൽ വിസാ ലഭ്യത ഇല്ലാതായിരുന്നു.
‘Dates for Filing’ പട്ടികയിലും ഇന്ത്യക്കാർക്ക് ചില മുന്നേറ്റമുണ്ട്. ഇബി-1-ന്റെ തീയതി 2024 ജൂലൈ 1 ആണെങ്കിൽ ഇബി -2, ഇബി-3 വിഭാഗങ്ങളിൽ ഇത് 2015 ജനുവരി 15 ആണ്. എന്നാൽ ഈ തീയതി ഉപയോഗിച്ച് അമേരിക്കയ്ക്കുള്ളിൽ നിന്ന് അഡ്ജസ്റ്റ്മെന്റ് ഓഫ് സ്റ്റാറ്റസ് അപേക്ഷ സമർപ്പിക്കാമോ എന്നത് ഓരോ മാസവും യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) തീരുമാനിക്കും.
‘Dates for Filing’ അപേക്ഷ സമർപ്പിക്കാൻ അർഹത ലഭിക്കുന്ന ഘട്ടത്തെ സൂചിപ്പിക്കുമ്പോൾ, ‘Final Action Date’ ഗ്രീൻ കാർഡ് അപേക്ഷ അന്തിമമായി അംഗീകരിക്കാൻ വിസാ നമ്പർ ലഭ്യമായിരിക്കുന്ന സമയത്തെയാണ് സൂചിപ്പിക്കുന്നത്.
ഇന്ത്യ, ചൈന, മെക്സിക്കോ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളാണ് നിലവിൽ യുഎസ് മുൻഗണനാ കുടിയേറ്റ സംവിധാനത്തിൽ ‘oversubscribed’ രാജ്യങ്ങളായി കണക്കാക്കപ്പെടുന്നത്. തൊഴിൽ അധിഷ്ഠിത കുടിയേറ്റത്തിന് നിയമപ്രകാരം വർഷം കുറഞ്ഞത് 140,000 വിസകളാണ് ലോകവ്യാപകമായി ലഭ്യമാക്കുന്നത്. ഓരോ രാജ്യത്തിനും ബാധകമായ സംഖ്യാ പരിധി കാരണം വലിയ തോതിൽ ഇന്ത്യൻ പ്രൊഫഷണലുകൾ യുഎസ് തൊഴിൽ അധിഷ്ഠിത കുടിയേറ്റ സംവിധാനത്തിൽ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്.
വിസാ ബുള്ളറ്റിൻ പ്രതിമാസം പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷകരുടെ ആവശ്യം, ലഭ്യമായ വിസാ നമ്പറുകൾ തുടങ്ങിയ ഘടകങ്ങൾ അനുസരിച്ച് കട്ട്-ഓഫ് തീയതികൾ മുന്നോട്ട് പോകുകയോ മാറ്റമില്ലാതെ തുടരുകയോ പിന്നോട്ടുപോകുകയോ ചെയ്യാം.