
ജെറുസലേം: 2023 ഒക്ടോബർ 7ന് ഇസ്രയേലിനെതിരെയുണ്ടായ ഹമാസ് ആക്രമണത്തിന്റെ മൂന്നാം വാർഷിക അനുസ്മരണച്ചടങ്ങിൽ കടുത്ത മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണത്തിൽ പങ്കെടുത്തവരെയും ഇസ്രയേൽ ബന്ദികളാക്കിയവരെയും പിന്തുടർന്ന് നടപടി സ്വീകരിക്കുമെന്ന് നെതന്യാഹു പറഞ്ഞു.
ഇസ്രയേലിനെതിരായ ആക്രമണത്തിൽ പങ്കെടുത്ത എല്ലാവരുടെയും സമയം അവസാനിക്കുകയാണെന്നും മറ്റുള്ളവരിലേക്ക് എത്തിയതുപോലെ ഇവരിലേക്കും എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസ് ഭീകരർക്കെതിരെ ഇസ്രയേൽ ദിവസവും തിരിച്ചടി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലിന് മുന്നിൽ ഇനിയും ദൗത്യങ്ങൾ ബാക്കിയുണ്ടെന്നും അവ പൂർത്തിയാക്കാനാണ് ലക്ഷ്യമെന്നും നെതന്യാഹു വ്യക്തമാക്കി. ലെബനനിൽ ഹിസ്ബുല്ലയ്ക്കെതിരായ ആക്രമണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇസ്രയേലുമായി സമാധാനം ആഗ്രഹിക്കുന്ന ഭൂരിപക്ഷമുള്ള രാജ്യവുമായി സമാധാനത്തിന് അവസരം സൃഷ്ടിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഇറാൻ ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിലെ ഭരണകൂടം സ്ഥാപിതമായതിനുശേഷമുള്ള ഏറ്റവും ദുർബലമായ ഘട്ടത്തിലാണെന്നും അത് നിലനിൽപ്പിനായി പോരാടുകയാണെന്നും നെതന്യാഹു അവകാശപ്പെട്ടു.
ഇസ്രയേലിനെ തകർക്കാൻ ഇറാൻ മൂന്ന് ഘടകങ്ങളടങ്ങിയ പദ്ധതിയാണ് പിന്തുടർന്നതെന്നും നെതന്യാഹു ആരോപിച്ചു. ചുറ്റുമുള്ള ഭീകരസംഘടനകളിലൂടെ ഇസ്രയേലിനെ ദുർബലപ്പെടുത്തുക, ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമാക്കിയുള്ള ആയിരക്കണക്കിന് ബാലിസ്റ്റിക് മിസൈലുകൾ, രാജ്യത്തെ പൂർണമായി ഇല്ലാതാക്കാൻ ലക്ഷ്യമിട്ട ആണവായുധങ്ങൾ എന്നിവയാണ് ആ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ പിന്തുണയുള്ള ഭീകരശൃംഖലകളെ ഇസ്രയേൽ സൈന്യം തകർത്തതായും അതിർത്തികളിൽ നിന്ന് ശത്രുക്കളെ പിന്നോട്ടാക്കിയതായും അദ്ദേഹം പറഞ്ഞു