Image

മന്ത്രി എൻ. ഷംസുദ്ദീൻ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

Published on 05 October, 2026
മന്ത്രി എൻ. ഷംസുദ്ദീൻ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തി. കോട്ടയത്ത് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പരസ്പരം കുറേയധികം കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉണ്ടായിരുന്നെന്ന് മന്ത്രി വ്യക്തമാക്കി. സഭ വിദ്യാഭ്യാസ രംഗത്ത് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്നും, സഭയുടെ ആവശ്യങ്ങളും അവരെ വിശ്വാസത്തിൽ എടുത്തും മുന്നോട്ടുപോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭ ചൂണ്ടിക്കാണിച്ച ചില പ്രശ്നങ്ങളിൽ ചെയ്യാൻ പറ്റുന്നത് ചെയ്യുമെന്നും മന്ത്രി ഉറപ്പുനൽകി.

അധ്യാപക നിയമനത്തിൽ ആർക്കും ആശങ്ക ഇല്ലാത്ത തരത്തിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷി അധ്യാപക നിയമനങ്ങളിൽ കഴിഞ്ഞ കുറെ നാളുകളായി നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാനാണ് സർക്കാർ നീക്കം നടത്തിയത്. ഈ നീക്കത്തിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിച്ചാൽ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിയുമായുള്ള ചർച്ചയിൽ പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് സഭ ചില പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചതായി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. തുറന്ന മനസ്സോടെ അവ പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചില ഉത്തരവുകളിൽ വ്യക്തതക്കുറവുകൾ സംഭവിച്ചിട്ടുണ്ടെന്നും, അവ എങ്ങനെയും വ്യാഖ്യാനിക്കാമെന്ന സ്ഥിതിയുള്ളത് ഭാവിയിൽ എയ്ഡഡ് മാനേജ്‌മെന്റുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും സഭ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ കാര്യങ്ങളെല്ലാം പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ആർച്ച് ബിഷപ്പ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക