
മോസ്കോ: റഷ്യയിലെ വിദൂര സൈബീരിയൻ പ്രവിശ്യയായ ഇർകുട്സ്കിൽ 28 വയസ്സുള്ള ലബോറട്ടറി ടെക്നീഷ്യൻ അതിമാരകമായ പ്ലേഗ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ രോഗവ്യാപന ഭീതിയെത്തുടർന്ന് മേഖലയിലെ അഞ്ച് പ്രധാന ആശുപത്രികൾ അധികൃതർ അടപ്പിച്ചു. മരിച്ച സ്ത്രീയുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഇരുനൂറിലധികം പേരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.
ഷെലെഖോവിലുള്ള ആന്റി പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായ ദര്യ ഷിപിലോവ (28) ആണ് മരിച്ചത്. പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിനിടെ ജീവനുള്ള ബാക്ടീരിയകൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തിൽ കൈയിൽനിന്ന് നിലത്തുവീണ് പൊട്ടിയതിനെത്തുടർന്നാണ് ഇവർക്ക് അണുബാധയേറ്റതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശ്വാസകോശത്തെ അതീവ ഗുരുതരമായി ബാധിക്കുന്നതും വായുവിലൂടെ പകരുന്നതുമായ ന്യുമോണിക് പ്ലേഗ്' ആണ് ഇവർക്ക് ബാധിച്ചതെന്ന് സംശയിക്കുന്നു.