
ദുബായ്: ഫ്ലൈദുബായ് പൈലറ്റിനെ ആക്രമിച്ച കോ പൈലറ്റ് ഹമ്മാം അൽ-ഹമ്മാമിയുടെ തീവ്രമതചിന്തകൾ പങ്കുവെക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ ചർച്ചയാകുന്നു. 'എത്ര വിശ്വാസികളായ പെൺകുട്ടികളാണ് മിശ്ര തൊഴിലിട സംസ്കാരത്തിൽ പെട്ട് നശിക്കുന്നത്' എന്നു തുടങ്ങിയ ആലോചനകളാണ് ഹമ്മാമിയുടെ പോസ്റ്റുകളിലുള്ളത്. പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് ജോലി ചെയ്യുന്ന അന്തരീക്ഷം സ്ത്രീകളെ വഴിതെറ്റിക്കുന്നുവെന്ന് 2022 ജനുവരിയിലാണ് ഇയാൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
പെണ്ണുകാണലുകളെല്ലാം പൊട്ടുന്നതിന്റെ കാരണവും അദ്ദേഹം വിവരിക്കുന്നുണ്ട്. താൻ മുമ്പോട്ടു വെച്ച നിബന്ധനകൾ അംഗീകരിക്കപ്പെടാത്തതിനാലാണ് പെണ്ണ് കിട്ടാത്തതെന്ന് ഹമ്മാമി ഒരു പോസ്റ്റിൽ വിശദീകരിച്ചു. വിവാഹം കഴിക്കാൻ പോകുന്നയാൾ നിഖാബ് ധരിക്കണമെന്നും, വിവാഹശേഷം ജോലി ചെയ്യരുതെന്നും ഹമ്മാമി നിബന്ധന വെച്ചു. ഇക്കാരണത്താൽ പെണ്ണുകാണൽ ചടങ്ങുകളെല്ലാം പൊട്ടി. എന്നാൽ താൻ ഒരു പൈലറ്റാണെന്ന് അമ്മ പറഞ്ഞതോടെ വിവാഹത്തിന് പെട്ടെന്ന് സമ്മതിച്ചെന്നും 2022 ഫെബ്രുവരിയിൽ ഇയാൾ പോസ്റ്റ് ചെയ്തിരുന്നു.
ഹമ്മാമിയുടെ തീവ്രവാദ നിലപാടുകളെക്കുറിച്ചും ചിന്താഗതികളെക്കുറിച്ചുമുള്ള ആശങ്കകളെ തുടർന്ന് ഒമാന്റെ ദേശീയ വിമാനക്കമ്പനിയിലെ ജോലിയിൽ നിന്ന് കഴിഞ്ഞ വർഷം ഇയാളെ പുറത്താക്കിയിരുന്നു.
2022 ജൂണിൽ എഴുതിയ പോസ്റ്റിൽ, "വിമാന പരിശീലനവും പറക്കലും ഒട്ടും വിരസമല്ല. ആദ്യമായി ഒറ്റയ്ക്ക് പറന്നതും, യാത്രക്കാരുമായി വിമാനം ലാൻഡ് ചെയ്തതുമായ നിമിഷങ്ങൾ ഒരിക്കലും മറക്കാനാവില്ല" എന്ന് ഇയാൾ കുറിച്ചിരുന്നു.
ഒമാൻ പൗരനാണ് ഹമ്മാമിയുടെ പിതാവ്. ഇയാളുടെ മാതാവ് സിറിയൻ വംശജയാണ്. ഹമ്മാമി ഇടക്കാലത്ത് ദുബായിലും താമസിച്ചിട്ടുണ്ട്. സിറിയയിലെ ആഭ്യന്തരയുദ്ധ കാലത്ത് അൽ-ഹമ്മാമി അവിടെയുണ്ടായിരുന്നു. അസദ് ഭരണകൂടത്തിനെതിരെ വിമതർ പോരാടിയ ആ ഘട്ടത്തിലാണോ ഇയാൾ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെട്ടതെന്ന് അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇയാളൊരു തീവ്രവാദിയാണെന്നാണ് പ്രസ്താവിച്ചത്. നിലവിൽ ഈ വിഷയമടക്കം യുഎഇ, ഓസ്ട്രേലിയ, ഇസ്രായേൽ എന്നീ മൂന്ന് രാജ്യങ്ങൾ അന്വേഷിച്ചു വരികയാണ്.