Image

കാമുകിക്കൊപ്പം മൊമോ ഡേറ്റിനിറങ്ങി ഭർത്താവ്; കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്ന് ഭാര്യ

Published on 04 October, 2026
കാമുകിക്കൊപ്പം മൊമോ ഡേറ്റിനിറങ്ങി ഭർത്താവ്;  കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്ന്  ഭാര്യ

ഉത്തർപ്രദേശിലെ മീററ്റിൽ കാമുകിക്കൊപ്പം ‘മൊമോ’ കഴിക്കാനെത്തിയ ഭർത്താവിനെ ഭാര്യ കയ്യോടെ പിടികൂടിയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. മറ്റൊരു സ്ത്രീക്കൊപ്പം ഭർത്താവിനെ കണ്ടതോടെ രോഷാകുലയായ ഭാര്യ, തർക്കത്തിനിടെ ഭർത്താവ് കാറിൽ സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വാഹനത്തിന്റെ ബോണറ്റിൽ കയറി മുറുകെപ്പിടിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിയുകയും പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

ശനിയാഴ്ച വൈകുന്നേരം ലോഹിയാനഗറിലെ എൽ-ബ്ലോക്ക് പൊലീസ് ഔട്ട്‌പോസ്റ്റിന് സമീപം മയങ്ക് സിംഗ് കാമുകിയെന്ന് സംശയിക്കുന്ന മാഹി വർമ്മയ്ക്കൊപ്പം ഇരിക്കുമ്പോഴാണ് ഭാര്യ സുനിത സിംഗ് ഇവരെ കണ്ടത്. തുടർന്ന് സുനിത ഇരുവരെയും ചോദ്യം ചെയ്തതോടെ തർക്കമുണ്ടായി.

തർക്കത്തിനുശേഷം മയങ്ക് സ്ഥലത്തുനിന്ന് കാറിൽ പോകാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. വാഹനം തടയുന്നതിനായി സുനിത കാറിന് മുന്നിൽ നിലയുറപ്പിച്ചു. എന്നാൽ വാഹനം മുന്നോട്ടെടുത്തതോടെ സുനിത ബോണറ്റിലേക്ക് കയറുകയായിരുന്നു.

ചലിച്ചുകൊണ്ടിരുന്ന കാറിന്റെ ബോണറ്റിൽ മുറുകെപ്പിടിച്ച് സുനിത സഹായത്തിനായി സമീപത്തുള്ളവരോട് നിരന്തരം നിലവിളിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടിയതോടെ മയങ്ക് വാഹനം നിർത്തുകയായിരുന്നു. ഇതിനുമുമ്പ് ഏകദേശം 100 മീറ്ററോളം സുനിതയെ കാറിന്റെ ബോണറ്റിൽ കയറ്റി വാഹനം ഓടിച്ചതായാണ് റിപ്പോർട്ട്

മർദനം, സ്ത്രീധന പീഡനം, വിവാഹേതര ബന്ധം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് സുനിത ഭർത്താവിനെതിരെ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് മയങ്കിനെതിരെ വധശ്രമത്തിനും പൊലീസ് കേസെടുത്തു.

മയങ്കിനെയും മാഹിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഉപയോഗിച്ച UP15ER3086 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

ലോഹിയാനഗർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ നമ്പർ 697/2026 ആയി കേസ് രജിസ്റ്റർ ചെയ്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക