
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഡൽഹിയിൽ സംഘർഷത്തിലേക്ക്. ഇന്ത്യാ ഗേറ്റിൽ നിന്ന് ജന്തർ മന്തറിലേക്ക് ഐസ, ആം ആദ്മി പാർട്ടിയുടെ വിദ്യാർഥി സംഘടനയായ എഎഎസ്എപി, ജെഎൻയു വിദ്യാർഥികൾ എന്നിവർ നടത്തിയ മാർച്ചിനിടെയാണ് പൊലീസ് നടപടിയുണ്ടായത്. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതോടെ ജന്തർ മന്തറിൽ പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായിട്ടുണ്ട്.
വൈകിട്ട് അഞ്ചുമണിയോടെ ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതിഷേധക്കാരെ പൊലീസ് ബസിൽ കൊണ്ടുപോയപ്പോൾ നേഹയെ സ്വകാര്യ കാറിലാണ് കൊണ്ടുപോയതെന്നും കാറിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉണ്ടായിരുന്നില്ലെന്നും ഐസ ആരോപിച്ചു. കാറിലുണ്ടായിരുന്നവർ ആരാണെന്നതിലും വ്യക്തതയില്ലെന്നും സംഘടന ആരോപിച്ചു. വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പ്രതിഷേധക്കാർ ഷാങ്ഗ്രി-ലാ റൗണ്ട്എബൗട്ടിലേക്ക് നീങ്ങുകയും പൊലീസ് ബസിനെ പിന്തുടർന്ന് തടയുകയും ചെയ്തു. ഇതിനിടെ ബസിലുണ്ടായിരുന്ന ഭൂരിഭാഗം പേരെയും പ്രതിഷേധക്കാർ പുറത്തിറക്കിയതായി റിപ്പോർട്ടുണ്ട്. നേഹ ബോറയെ സ്വകാര്യ വാഹനത്തിൽ കസ്റ്റഡിയിലെടുത്തെന്ന ആരോപണം പിന്നീട് ഐസയും ഉന്നയിച്ചിരുന്നു.