
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ശബരിമലയിലേക്കുള്ള യാത്രാസൗകര്യം വർധിപ്പിക്കാൻ പുതിയ നീക്കവുമായി കെ.എസ്.ആർ.ടി.സി. പമ്പയിലേക്ക് സർവിസ് നടത്തുന്നതിനായി സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കാനാണ് തീരുമാനം. ഇതിനായി ലഭിച്ച ഇ-ടെൻഡറുകളുടെ പരിശോധന പുരോഗമിക്കുകയാണ്. കിലോമീറ്ററിന് കുറഞ്ഞ തുക രേഖപ്പെടുത്തിയ ബസുകൾക്കായിരിക്കും ടെൻഡർ ഉറപ്പിക്കുക. കേരളത്തിലെ വിവിധ ഡിപ്പോകളിലായി 300 സ്വകാര്യബസുകൾ ഓടിക്കാനാണ് തീരുമാനം.
മണ്ഡല-മകരവിളക്ക് സീസണിൽ കെ.എസ്.ആർ.ടി.സി ആദ്യമായാണ് സ്വകാര്യബസുകൾ സർവിസിനായി ഉപയോഗിക്കുന്നത്. ഡ്രൈവർ സഹിതം ബസ് നൽകാൻ താൽപര്യമുള്ളവരിൽനിന്നാണ് ടെൻഡർ ക്ഷണിച്ചത്. എട്ട് വർഷത്തിൽ താഴെ പഴക്കമുള്ളതും ടൂറിസ്റ്റ് ബസിന്റെ മാതൃകയിലുള്ളതുമായ ബസുകളെയാണ് പരിഗണിക്കുന്നത്. കെ.എസ്.ആർ.ടി.സി നിശ്ചയിച്ച നിരക്ക് തന്നെയായിരിക്കും വാടകയ്‌ക്കെടുത്ത ബസുകളിലും ഈടാക്കുക. എന്നാൽ കരാർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം വരാനുണ്ട്.