
കൊൽക്കത്ത: അഞ്ച് വർഷം മുമ്പ് പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ ഇളക്കിമറിച്ച മമത ബാനർജിയുടെ കാലിലെ പരിക്ക് വീണ്ടും ചർച്ചയാകുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമതയ്ക്ക് സംഭവിച്ച പരിക്കിൽ പുതിയ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചതോടെയാണ് പഴയ വിവാദം വീണ്ടും സജീവമായത്. മമതയുടെ കാലിൽ അന്ന് ഒടിവോ അസ്ഥിക്ക് സ്ഥാനചലനമോ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് തന്റെ കൈവശമുണ്ടെന്നാണ് സുവേന്ദു അധികാരിയുടെ അവകാശവാദം.
2021 മാർച്ച് 10ന് ഹൽദിയയിൽ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം നന്ദിഗ്രാമിലേക്ക് മടങ്ങുന്നതിനിടെയാണ് മമതയ്ക്ക് പരിക്കേറ്റത്. ബിരുലിയയിലെ റേയാപാറയിൽ കാറിന് സമീപം നിൽക്കുമ്പോൾ ചിലർ തന്നെ തള്ളുകയും കാറിന്റെ വാതിൽ കാലിൽ ശക്തമായി ഇടിക്കുകയും ചെയ്തെന്നായിരുന്നു മമതയുടെ അന്നത്തെ ആരോപണം. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അവർ ആരോപിച്ചിരുന്നു. പരിക്കിനെ തുടർന്ന് മമത വീൽചെയറിൽ പ്രചാരണം നടത്തുകയും ഇടത് കാലിൽ പ്ലാസ്റ്ററുമായാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തതെന്നും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ അടുത്തുള്ള കടയിൽനിന്ന് ഐസ് എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെന്നും പിന്നീട് മമതയെ കൊൽക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പരിശോധനകൾക്ക് ശേഷം ഇടത് കാൽമുട്ടിലും കണങ്കാലിലും കാലിലും പരിക്കുകളുണ്ടെന്ന് അന്നത്തെ മെഡിക്കൽ റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്നതായി സുവേന്ദു അധികാരി അവകാശപ്പെടുന്ന ബംഗൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയൻസസിന്റെ 2021 മാർച്ച് 11ലെ റിപ്പോർട്ടിൽ ഒടിവിനോ അസ്ഥിക്ക് സ്ഥാനചലനത്തിനോ തെളിവില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
നന്ദിഗ്രാമിലും റെജിനഗറിലും ഒക്ടോബർ ആറിന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ വിഷയം വീണ്ടും രാഷ്ട്രീയ ചർച്ചയാകുന്നത്.