
വാഷിങ്ടൺ: ഇന്ത്യയുടെ ഐക്യവും ആരോഗ്യബോധവും പ്രോത്സാഹിപ്പിച്ച് വാഷിങ്ടണിന് സമീപം വിർജീനിയയിലെ ഗ്രാവലി പോയിന്റ് പാർക്കിൽ സംഘടിപ്പിച്ച ‘വികസിത് ഭാരത് യൂണിറ്റി റണ്ണിൽ’ നൂറുകണക്കിന് ഇന്ത്യൻ വംശജർ പങ്കെടുത്തു. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഓട്ടം, യോഗ, ധ്യാനം എന്നിവയും ഉൾപ്പെടുത്തി.
പൊട്ടോമാക് നദിക്കരയിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ പ്രവാസികൾക്കൊപ്പം ഇന്ത്യയുടെ സുഹൃത്തുക്കളും പങ്കാളികളായി. ആരോഗ്യകരമായ ജീവിതശൈലിയും സാമൂഹിക ഐക്യവും പ്രോത്സാഹിപ്പിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
ആരോഗ്യവും ഐക്യവും സമൂഹത്തിന്റെ കൂട്ടായ്മയും ആഘോഷിച്ച സന്തോഷകരമായ പ്രഭാതമായിരുന്നു പരിപാടിയെന്ന് ഇന്ത്യൻ എംബസി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. യോഗ, ധ്യാന സെഷനുകൾ പരിപാടിക്ക് കൂടുതൽ മികവേകിയെന്നും പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നതായും എംബസി വ്യക്തമാക്കി.
ഇന്ത്യയിൽ ഫിറ്റ്നസ് സംസ്കാരം വളർത്തുന്നതിൽ കേന്ദ്രസർക്കാരിന്റെ ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റ്’ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക ക്ഷേമത്തിനും വ്യായാമം അനിവാര്യമാണെന്നും ഫിറ്റ്നസ് ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അവർ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ ഫിറ്റ്നസ് രംഗത്ത് വലിയ മുന്നേറ്റമാണ് ഇപ്പോൾ ദൃശ്യമാകുന്നതെന്ന് മറ്റൊരു പങ്കാളി പറഞ്ഞു. പുതിയ ഫിറ്റ്നസ് പരിപാടികൾക്ക് വലിയ ജനപങ്കാളിത്തം ലഭിക്കുന്നതും ആളുകൾ സ്വന്തം കഴിവുകളുടെ പരിധികൾ മറികടക്കാൻ ശ്രമിക്കുന്നതും ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.
യോഗയുടെ ആഗോള പ്രചാരണത്തിൽ ഇന്ത്യ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും കോവിഡ് കാലത്ത് അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ ഉൾപ്പെടെ നിരവധി സംരംഭങ്ങൾ ആളുകളെ യോഗയിലേക്ക് ആകർഷിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് കായിക അടിസ്ഥാനസൗകര്യ വികസനത്തിനുള്ള നിക്ഷേപം വർധിക്കുന്നതും ശ്രദ്ധേയമാണെന്ന് പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. കായിക സമുച്ചയങ്ങൾക്കും റണ്ണിങ് ട്രാക്കുകൾക്കും ലഭിക്കുന്ന പ്രാധാന്യം പ്രൊഫഷണൽ താരങ്ങൾക്കൊപ്പം സാധാരണക്കാർക്കും ഗുണകരമാകുന്നുവെന്നും അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുന്നതായും അവർ പറഞ്ഞു.
2019-ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരംഭിച്ച ദേശീയ പദ്ധതിയാണ് ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റ്’. ശാരീരിക വ്യായാമവും കായിക വിനോദങ്ങളും ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. യോഗയുടെ അന്താരാഷ്ട്ര പ്രചാരണത്തിന്റെ ഭാഗമായി 2014-ൽ ഐക്യരാഷ്ട്രസഭ ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ലോകമെമ്പാടുമുള്ള ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ യോഗാ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു.