
ദുബായ്: ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറക്കുകയായിരുന്ന ഫ്ലൈ ദുബായ് യാത്രാവിമാനം ആകാശത്തുവെച്ച് ബോധപൂർവ്വം തകർക്കാനാണ് താൻ ലക്ഷ്യമിട്ടിരുന്നതെന്നും തനിക്ക് മരണത്തെ ഒട്ടും ഭയമില്ലായിരുന്നുവെന്നും കോ-പൈലറ്റ് ഹമാം അൽ ഹമാമി.
സൗദി അറേബ്യയിലെ അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് 29-കാരനായ ഈ ഒമാനി പൗരൻ ഭയാനകമായ വിവരങ്ങൾ വെളിപ്പെടുത്തിയത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'വാൾസ്ട്രീറ്റ് ജേർണൽ' ആണ് ചോദ്യം ചെയ്യൽ റിപ്പോർട്ടിലെ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടത്.
വിമാനത്തിന്റെ കോക്പിറ്റിൽ വെച്ച് ക്യാപ്റ്റനായ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ എമർജൻസി കോടാലിഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനായിരുന്നു ഹമാമിന്റെ നീക്കം.
രക്തത്തിൽ കുളിച്ച അവസ്ഥയിലും ക്യാപ്റ്റൻ സ്മിത് മച്ചാർ പ്രകടിപ്പിച്ച അസാധാരണമായ ധീരതയും സമചിത്തതയുമാണ് നൂറ്റെഴുപതിലധികം യാത്രക്കാരുടെ ജീവൻ കാത്തത്. പരിക്കേറ്റ ക്യാപ്റ്റൻ ഉള്ളിൽനിന്ന് കോക്പിറ്റ് വാതിൽ തുറന്നതോടെ യാത്രക്കാരും വിമാനത്തിലുണ്ടായിരുന്ന മറ്റ് ക്രൂ അംഗങ്ങളും ചേർന്ന് പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയും സൗദിയിലെ തബൂക്കിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയുമായിരുന്നു. തുടർന്ന് സൗദിയിൽ കസ്റ്റഡിയിലായ ഹമാമിനെ വിട്ടുകിട്ടിയ യുഎഇ അധികൃതർ, ഇയാളെ നിലവിൽ അബുദാബിയിലെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്.
കോ-പൈലറ്റ് നടത്തിയത് ആസൂത്രിതമായ ഒരു തീവ്രവാദ പ്രവർത്തനമാണെന്ന് യുഎഇ അറ്റോർണി ജനറൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവത്തിൽ ബാഹ്യശക്തികളുടെയോ ഏതെങ്കിലും ഭീകര സംഘടനകളുടെയോ ഇടപെടലുകളുണ്ടോ എന്നതിനെക്കുറിച്ച് യുഎഇ, സൗദി അറേബ്യ, ഇസ്രയേൽ എന്നീ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികൾ സംയുക്ത അന്വേഷണം നടത്തുകയാണ്. ഇയാൾ എങ്ങനെയാണ് ഇത്രയധികം തീവ്ര ആശയങ്ങളിലേക്ക് ആകൃഷ്ടനായതെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഒമാനി പിതാവിന്റെയും സിറിയൻ മാതാവിന്റെയും മകനായി യുഎഇയിൽ ജനിച്ച ഹമാം, സിറിയൻ ആഭ്യന്തര യുദ്ധകാലത്ത് ഏറെക്കാലം അവിടെ താമസിച്ചിരുന്നു. ഇവിടെവെച്ചാണോ ഇയാൾ ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനകളുമായി അടുത്തതെന്ന് ഏജൻസികൾ പരിശോധിക്കുന്നുണ്ട്.