Image

മലപ്പുറം ജില്ലയ്ക്കെതിരായ വർഗീയ പരാമർശം: സിപിഎമ്മും പിണറായി വിജയനും മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Published on 04 October, 2026
മലപ്പുറം ജില്ലയ്ക്കെതിരായ വർഗീയ പരാമർശം: സിപിഎമ്മും പിണറായി വിജയനും മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ജനങ്ങളെ ആക്ഷേപിച്ച് സിപിഎം നേതാവ് പി. നന്ദകുമാർ നടത്തിയ പ്രസംഗം കേരളത്തിന്റെ മതനിരപേക്ഷ നിലപാടുകൾക്കെതിരായ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കുറ്റപ്പെടുത്തി. 'മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറം' എന്ന് സിപിഎം നേതാവ് പരസ്യമായി അധിക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വേദിയിലിരിക്കെയാണ് ഈ പരാമർശം ഉയർന്നത്. വേദിയിലുണ്ടായിരുന്നിട്ടും പ്രസ്താവനയെ തള്ളിപ്പറയാൻ തയ്യാറാകാത്തതിലൂടെ നന്ദകുമാറിന്റെ അതേ നിലപാട് തന്നെയാണ് പിണറായി വിജയനും സിപിഎമ്മിനുമുള്ളതെന്ന് വ്യക്തമായതായി മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

​മുൻപ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പിണറായി വിജയൻ മലപ്പുറത്തെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളുടെ തുടർച്ചയാണിത്. ഒരു പ്രത്യേക മതവിഭാഗത്തെ സംശയത്തിന്റെ നിഴലിൽ നിർത്തി സിപിഎം കാലങ്ങളായി തുടർന്നുപോരുന്ന ഹീനമായ രാഷ്ട്രീയ നയമാണ് വീണ്ടും പുറത്തുവരുന്നത്. വർഗീയ പ്രചാരണങ്ങൾക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ ശക്തമായ മറുപടി നൽകിയിട്ടും നിലപാട് തിരുത്താൻ സിപിഎം തയ്യാറാകുന്നില്ല. രാജ്യത്താകമാനം വർഗീയത വിതയ്ക്കുന്ന സംഘപരിവാറും കേരളത്തിലെ സിപിഎമ്മും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ഇത്തരം നിലപാടുകളിലൂടെ തെളിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

​വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം കേന്ദ്ര നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മലപ്പുറത്തെ ജനങ്ങളെ അധിക്ഷേപിച്ചതിന് സിപിഎമ്മും പി. നന്ദകുമാറും കേരളീയ സമൂഹത്തോട് പരസ്യമായി മാപ്പ് പറയണം. സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ച് വർഗീയ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക