
ന്യൂഡൽഹി: ഫ്ലൈദുബായ് വിമാനത്തിലെ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച കേസിൽ പ്രതിയായ ഒമാൻ സ്വദേശി ഹമാം അൽ ഹമ്മാമിയുടെ പഴയ സോഷ്യൽ മീഡിയ കുറിപ്പുകൾ പുറത്ത്. സ്ത്രീകൾ, മതം, സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ജോലി ചെയ്യുന്ന തൊഴിൽ സാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് കടുത്ത നിലപാടുകൾ പ്രകടിപ്പിക്കുന്നതായിരുന്നു ഇയാളുടെ ഡിലീറ്റ് ചെയ്ത കുറിപ്പുകളെന്ന് റിപ്പോർട്ടുകൾ.
വിമാനത്തിലെ സംഭവത്തിന് പിന്നാലെ അൽ ഹമ്മാമിയുടെ സോഷ്യൽ മീഡിയ ഇടപെടലുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.
2021, 2022 കാലയളവിൽ ഇയാൾ പങ്കുവച്ചിരുന്ന ഏകദേശം 3,000 ഡിലീറ്റ് ചെയ്ത പോസ്റ്റുകൾ സിഎൻഎൻ പരിശോധിച്ചതായാണ് റിപ്പോർട്ട്. മതവുമായി ബന്ധപ്പെട്ട കടുത്ത നിലപാടുകളും സ്ത്രീകളെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളും ഈ കുറിപ്പുകളിലുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ. എന്നാൽ, പഴയ സോഷ്യൽ മീഡിയ കുറിപ്പുകൾ വിമാനത്തിലെ ആക്രമണത്തിന് നേരിട്ടുള്ള പ്രേരണയായിരുന്നുവെന്ന് അന്വേഷണ ഏജൻസികൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.