
ദുബായ്-ടെൽ അവീവ് പറക്കലിൽ കോ-പൈലറ്റ് തട്ടിയെടുക്കാൻ ശ്രമിച്ച ഫ്‌ളൈദുബായ് വിമാനത്തിലെ ജീവനക്കാർ അക്രമിയെ രക്ഷിക്കാൻ ശ്രമിച്ചെന്ന് ആരോപണം. ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച കോ-പൈലറ്റ് ഹമാം അൽ ഹമാമിയെ കീഴടക്കിയ ഇസ്രയേലി യാത്രക്കാരുമായി ഏറ്റുമുട്ടാൻ ക്രൂ ശ്രമിച്ചെന്നാണ് 'ന്യൂ യോർക്ക് പോസ്റ്റ്' പത്രവുമായി സംസാരിച്ച രണ്ടു യാത്രക്കാർ ആരോപിക്കുന്നത്.
ഹമാമിയെ കീഴടക്കിയ മൂന്ന് ഇസ്രയേലികളിൽ ഒരാളായ ബാംങ്കിംഗ് എക്സിക്യൂട്ടീവ് സ്വിക മാനെസ് പറയുന്നത്: "ഭീകരനെ വിട്ടയക്കാൻ അവർ ഞങ്ങളോട് ആവശ്യപ്പെട്ടു. എന്തിനെന്നു ഞങ്ങൾക്കു മനസിലായില്ല."
റിയൽ എസ്റ്റേറ്റ് രംഗത്തുള്ള ഡാനിയൽ ഷിച്റ്റർ പറഞ്ഞു: "ഭീകരനെ വിട്ടയക്കാൻ അവർ പറഞ്ഞു. ഞങ്ങൾക്ക് ഉടൻ അവരെപ്പറ്റി സംശയമായി."
ജപ്പാനിൽ ഒഴിവുകാലം കഴിഞ്ഞു കുടുംബവുമൊത്തു മടങ്ങുകയായിരുന്നു മാനെസ് (40). ഇസ്രയേലി പ്ലമർ യാനിവ് ഹയൂൺ, അസഫ് രാജ്വാൻ എന്നിവരുമൊത്താണ് ക്യാപ്റ്റൻ കോക്ക്‌പിറ്റ് തുറന്നപ്പോൾ മാനെസ് ഓടിക്കയറി ഹമാമിയെ കീഴടക്കിയത്.
അപ്പോൾ ഹമാമി നിലവിളിച്ചു: "എന്നെ കൊല്ലൂ, കൊല്ലൂ!" എന്നാൽ അയാളെ വിട്ടയക്കാൻ ചില വിമാന ജീവനക്കാർ ആവശ്യപ്പെട്ടു. "നടക്കില്ലെന്നു ഞങ്ങൾ പറഞ്ഞു," മാനെസ് ഓർമിച്ചു.
ഹമാമിക്കു പരുക്കേറ്റത് കൊണ്ട് ഓക്സിജൻ മാസ്ക് നൽകിയെന്നു മാനെസും ഷിച്റ്ററും പറഞ്ഞു. "അയാളിൽ നിന്നു വിവരങ്ങൾ അറിയാൻ അയാളെ ജീവനോടെ വേണ്ടിയിരുന്നു."
ജീവനക്കാർ പക്ഷെ വിമാനം നിയന്ത്രിക്കുന്നതു തങ്ങളാണെന്ന വാദം ഉയർത്തി. കോക്പിറ്റിനടുത്തു തന്നെ ഇരിക്കണമെന്ന് അവർ വാശി പിടിച്ചു. എന്നാൽ അവർ വിമാനത്തിന്റെ മധ്യഭാഗത്തു പോയി ഇരിക്കണമെന്ന് ഇസ്രയേലികൾ നിർബന്ധിച്ചു. "ഞങ്ങളാണ് നിയന്ത്രിക്കുന്നത്, നിങ്ങൾ അനുസരിച്ചാൽ മാത്രം മതിയെന്നു ഞങ്ങൾ പറഞ്ഞു."
എല്ലാ ജീവനക്കാരെയും സംശയിച്ചുവെന്നു മാനെസ് പറഞ്ഞു. ഷിച്റ്റർ പറഞ്ഞു: "പിന്നിൽ പോയിരിക്കാൻ ഞങ്ങൾ അവരോടു ഗർജിച്ചു."
ജീവനക്കാരുടെ പെരുമാറ്റത്തെ കുറിച്ച് അന്വേഷിക്കുമെന്നു യു എ ഇ പറഞ്ഞതായി 'പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു.
Passengers say flydubai crew behaved suspiciously