
കോഴിക്കോട്: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്‍റ് 30 മാസത്തിനുള്ളിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ശനിയാഴ്ച കോഴിക്കോട് നടന്ന കേരള ഹാർട്ട് കെയർ സൊസൈറ്റിയുടെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
/കോഴിക്കോട് ചേവായൂർ ഗോൾഫ് ലിങ്ക് റോഡിൽ 20 ഏക്കർ സ്ഥലത്ത് 271 കോടി രൂപ ചെലവിലാണ് ആശുപത്രി ഒരുങ്ങുന്നത്. അത്യാധുനിക സൗകര്യങ്ങളായിരിക്കും ഇവിടെ ഒരുക്കുക. അവയവമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്നതിലൂടെ നിലവിലുള്ള ചികിത്സാച്ചെലവിന്‍റെ മൂന്നിലൊന്നായി കുറയ്ക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ ആശുപത്രി സമുച്ചയത്തിൽ 350 കിടക്കകളും 10 ഓപ്പറേഷൻ തിയറ്ററുകളും ഉണ്ടാകും. 35 കോടി രൂപ ചെലവിൽ പൂർണ സജ്ജമായ ത്വക്ക് രോഗ ആശുപത്രിയും ഇതേ ക്യാംപസിൽ സ്ഥാപിക്കും. പ്രധാന ഗവേഷണ കേന്ദ്രമായും സ്ഥാപനം പ്രവർത്തിക്കും. പ്രതിവർഷം 1,100 കോർണിയ, 520 വൃക്ക, 50 ഹൃദയം, 40 ശ്വാസകോശം, 120 അസ്ഥിമജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.