
മസ്‌കറ്റ്: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം. പ്രൊജക്ടൈൽ പതിച്ച് തീപിടിച്ച കുവൈത്ത് എണ്ണക്കപ്പലിലുണ്ടായിരുന്ന അഞ്ച് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒമാനിൽ തീരത്തെത്തിച്ചു. മസ്‌കറ്റിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര രക്ഷാപ്രവർത്തനത്തിൽ നൽകിയ മികച്ച പിന്തുണയ്ക്ക് ഒമാൻ ഭരണകൂടത്തിന് ഇന്ത്യൻ ദൗത്യസംഘം നന്ദി രേഖപ്പെടുത്തി.
കുവൈത്ത് ഓയിൽ ടാങ്കർ കമ്പനി'യുടെ ഉടമസ്ഥതയിലുള്ള 'എം.ടി കാസിമ III' എന്ന കൂറ്റൻ എണ്ണക്കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഒമാനിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും പ്രാദേശിക അധികൃതരും ചേർന്ന് നടത്തിയ ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ അഞ്ച് ജീവനക്കാരെയും പരുക്കുകളില്ലാതെ രക്ഷപ്പെടുത്തി. ഒരു ആഴ്ചയ്ക്കുള്ളിൽ കെഒടിസിയുടെ സൂപ്പർ ടാങ്കറിന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. മുൻപ് 'അൽ ഫുന്താസ്' എന്ന കപ്പലിന് നേരെയും ആക്രമണം നടന്നിരുന്നു. മേഖലയിൽ വാണിജ്യ-എണ്ണക്കപ്പലുകൾക്ക് നേരെ ഡ്രോൺ, പ്രൊജക്ടൈൽ ആക്രമണങ്ങൾ ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവം