
നഗോയ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് സ്വർണം സ്വന്തമാക്കി ഇന്ത്യ. 19 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 211 റൺസാണ് നേടിയത്. അഭിഷേക് ശർമയും (28 ബോളിൽ 61 റൺസ് ) തിലക് വർമയും(22 ബോളിൽ 51 റൺസ്) അർധ സെഞ്ച്വറി നേടി. ഓപ്പണറായെത്തിയ വൈഭവ് സൂര്യവംശിക്ക് 9 പന്തിൽ നിന്ന് 15 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. സഞ്ജു സാംസണും നിരാശപ്പെടുത്തി.
നാലു ബോളിൽ നിന്ന് രണ്ട് റൺസാണ് സഞ്ജു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് 20 ഓവറിൽ 190 റൺസ് നേടാനേ സാധിച്ചുള്ളൂ. പാക്കിസ്ഥാണെ ഹസൻ നവാസ് നേടിയ അർധ സെഞ്ച്വറിയും പാഴായി.
നാലാം ഓവറിൽ സഹിബ്സാദ ഫർഹാനും അടുത്ത ഓവറിൽ ഉസ്മാൻ ഖാനും പുറത്തായി. മാസ് സദാഖാത്ത് ഔട്ടായതിനു പിന്നാലെ വന്ന സയീം അയൂബും നവാസും ചേർന്ന് മികച്ച പ്രകടനം കാഴ്ച വച്ചുവെങ്കിലും 29 റൺസുമായി അയൂബ് പുറത്തായതോടെ വിജയപ്രതീക്ഷയ്ക്ക് മങ്ങലേറ്റിരുന്നു. 96 റൺസാണ് നവാസ് നേടിയത്.