
ടെൽ അവീവ്: ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോയ ഫ്‌ളൈദുബായ് വിമാനത്തിന്റെ കോക്പിറ്റിലുണ്ടായ ആക്രമണത്തിൽ ഉത്തരവാദികളായവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ആക്രമിക്കുകയും ചെയ്ത ഒമാനി സഹപൈലറ്റിനെ ആരെങ്കിലും അയച്ചതാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് നെതന്യാഹു പറഞ്ഞു. സംഭവത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും ഇടപെടലുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
“ഒമാനി സഹപൈലറ്റിന് ഇസ്ലാമിക തീവ്രവാദ ആശയപ്രചോദനം ലഭിച്ചിരുന്നുവെന്നാണ് ഞങ്ങൾ കരുതുന്നത്. യാത്രക്കാരെ ഉൾപ്പെടെ വിമാനം തകർക്കാനായിരുന്നു അയാളുടെ ഉദ്ദേശമെന്ന് കരുതുന്നു. അയാളെ ആരെങ്കിലും അയച്ചതാണോ എന്ന് ഞങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അയാളെ അയച്ചത് ആരാണെങ്കിലും അവർ വലിയ വില നൽകേണ്ടിവരും” എന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
അതേസമയം, സംഭവത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച അന്വേഷണം തുടരുകയാണ്. യു.എ.ഇ., സൗദി അറേബ്യ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിലെ അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.
ബുധനാഴ്ച ദുബായിൽനിന്ന് ടെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പോയ ഫ്‌ളൈദുബായ് എഫ്‌ഇസഡ് 1073 വിമാനത്തിലായിരുന്നു സംഭവം. ഒമാനി സഹപൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്തതോടെ വിമാനം അതിവേഗം താഴേക്ക് പതിച്ചു. 30 സെക്കൻഡിനുള്ളിൽ ഏകദേശം 14,000 അടി താഴേക്ക് വിമാനം പതിച്ചതായാണ് വിമാന നിരീക്ഷണ വിവരങ്ങൾ സൂചിപ്പിക്കുന്നത്. പരിക്കേറ്റിട്ടും ക്യാപ്റ്റൻ കോക്പിറ്റ് വാതിൽ തുറന്ന് യാത്രക്കാരെ വിവരം അറിയിച്ചതോടെ യാത്രക്കാരും ജീവനക്കാരും ചേർന്ന് ആക്രമണകാരിയെ കീഴ്പ്പെടുത്തുകയായിരുന്നു.