Image

മുഖ്യമന്ത്രിക്കും അമ്മയ്ക്കും എതിരെ അധിക്ഷേപ പരാമർശം; എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ കേസെടുത്തു

Published on 02 October, 2026
മുഖ്യമന്ത്രിക്കും അമ്മയ്ക്കും എതിരെ അധിക്ഷേപ പരാമർശം; എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ കേസെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശനും അദ്ദേഹത്തിന്റെ മാതാവിനുമെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ പോലീസ് കേസെടുത്തു. ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിലായിരുന്നു സംഭവം.

ടെലിവിഷൻ ക്യാമറകൾക്ക് മുന്നിൽ മുഖ്യമന്ത്രിയെയും അദ്ദേഹത്തിൻറെ അമ്മയെയും അധിക്ഷേപിച്ച ലൈവ് ദൃശ്യങ്ങൾ ഏറെ വൈറലായിരുന്നു. കോൺഗ്രസ് പ്രാദേശിക നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

പായിപ്പാട് കൊച്ചുപള്ളി സ്വദേശിനി ലതാ രഘുവിനെതിരെയാണ് ചങ്ങനാശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് വെച്ച് ദൃശ്യമാധ്യമങ്ങളിലൂടെ ലതാ രഘു മുഖ്യമന്ത്രിയെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി.

കോൺഗ്രസ് പായിപ്പാട് മണ്ഡലം പ്രസിഡന്റ് ബിജി തോമസ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ടോണി കുട്ടംപേരൂർ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷനുമായ മനുകുമാർ എന്നിവരാണ് സംഭവത്തിൽ പരാതി നൽകിയത്. ഇതിൽ യൂത്ത് കോൺഗ്രസ് നേതാവ് ടോണി കുട്ടംപേരൂർ ജില്ലാ പോലീസ് മേധാവിക്കും നേരിട്ട് പരാതി സമർപ്പിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക