Image

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി: പ്രതിഷേധക്കടലായി മുംബൈ ശിവാജി പാർക്ക്

Published on 02 October, 2026
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി: പ്രതിഷേധക്കടലായി മുംബൈ ശിവാജി പാർക്ക്

മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിലെ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രതിഷേധം. ശിവാജി പാർക്കിൽ പ്രതിഷേധത്തിൽ പങ്കെടുക്കാനായി ആയിരക്കണക്കിന് പേരാണ് ഒത്തുകൂടിയത്.  

വോട്ടർപട്ടികയിലെ സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (എസ്ഐആർ) നടപടികളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലും ഉത്തരവുകളിലും തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും 10 മാസത്തിനിടെ കുറഞ്ഞത് 14 തവണ എതിർപ്പ് രേഖപ്പെടുത്തിയതായി ഇന്ത്യൻ എക്സ്പ്രസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് സിജെപി പ്രതിഷേധം സംഘടിപ്പിച്ചത്.

വൈകിട്ട് 5 മണി വരെയുള്ള പോലീസിന്റെ കണക്കനുസരിച്ച് ഏകദേശം 4,000 പ്രതിഷേധക്കാരാണ് മുംബൈയിൽ ഒത്തുകൂടിയത്. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, സഹ കൺവീനർ ആശുതോഷ് റങ്ക, നിയമകാര്യ വിഭാഗം മേധാവി രത്ന സിംഗ് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു. കേന്ദ്രസർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളും പരിഹാസങ്ങളുമാണ് സിജെപി നേതാക്കൾ അഴിച്ചുവിട്ടത്.

സർക്കാർ ഇത്രയും കഴിവുകെട്ട നിലയിലായതിനാലാണ് രണ്ട് മാസത്തിനുള്ളിൽ വീണ്ടും പ്രതിഷേധിക്കേണ്ടി വരുന്നതെന്ന് അഭിജീത് ദിപ്കെ പറഞ്ഞു. ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശിവാജി പാർക്കിൽ ഒത്തുകൂടിയ പ്രതിഷേധക്കാരെ ജയിലിലടയ്ക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. ​ഗ്യാനേഷ് കുമാർ രാജിവെയ്ക്കും വരെ സമരമെന്നാണ് അഭിജീത് വ്യക്തമാക്കിയിരിക്കുന്നത്. 

ഇതിനിടെ, ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിലും പ്രതിഷേധം നടന്നു. ഡൽഹിയിൽ 700ലേറെ പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക