Image

വനിതകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്നത് പരിഗണിച്ചുവരികയാണെന്ന് പുതുച്ചേരി സർക്കാർ

Published on 02 October, 2026
വനിതകൾക്ക് സൗജന്യ ബസ് യാത്ര  അനുവദിക്കുന്നത് പരിഗണിച്ചുവരികയാണെന്ന് പുതുച്ചേരി സർക്കാർ

പുതുച്ചേരി: സർക്കാർ ബസ് സർവീസായ പിആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി നടപ്പാക്കുന്നത് പരിഗണിച്ചുവരികയാണെന്ന് പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസാമി. വെള്ളിയാഴ്ച വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഏതാനും വർഷങ്ങൾക്ക് മുൻപ് തന്നെ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന പദ്ധതി പുതുച്ചേരി സർക്കാർ ആലോചിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ പദ്ധതി നടപ്പാക്കുന്നത് വൈകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ നടപ്പാക്കിയ മാതൃകയിൽ പുതുച്ചേരിയിലും സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്നതിനുള്ള നടപടികൾ സർക്കാർ ശക്തമാക്കിയിട്ടുണ്ടെന്നും രംഗസാമി വ്യക്തമാക്കി.

പിആർടിസിയുടെ ബസ് ശൃംഖല ശക്തിപ്പെടുത്തുന്നതിനായി 100 ബസുകൾ കൂടി വാങ്ങാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ പ്രദേശങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നതിനും നിലവിലുള്ള റൂട്ടുകളിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും പുതിയ ബസുകൾ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക