Image

മുഖ്യമന്ത്രിക്കെതിരായ വിമർശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലെന്ന് അടൂർ പ്രകാശ്

Published on 02 October, 2026
മുഖ്യമന്ത്രിക്കെതിരായ വിമർശനം  സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലെന്ന് അടൂർ പ്രകാശ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെതിരായ വിമർശനത്തിൽ പിന്നോട്ടില്ലാതെ എം.പിയും യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശ്. പ്രതികരണം ആരുടെയും പിന്തുണ ആവശ്യപ്പെട്ട് അല്ലെന്നും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. എഐസിസിക്ക് ഇക്കാര്യങ്ങൾ എല്ലാം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പറയാനുള്ള കാര്യങ്ങൾ എല്ലാം എഐസിസിയ്ക്ക് മുന്നിൽ പറയും. തന്നെ നിയോഗിച്ചത് എഐസിസിയാണ്. അവരെ കാര്യങ്ങളെല്ലാം അറിയിക്കുക തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒരിക്കൽ മാത്രമാണ് യുഡിഎഫ് യോഗം ക്ലിഫ് ഹൗസിൽ നടന്നതെന്നും മുഖ്യമന്ത്രിയുടെ തിരക്കും മറ്റു പല കാരണങ്ങളാലും പിന്നീട് യോഗം നടന്നിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

ഘടകകക്ഷി നേതാക്കൾക്ക് സ്ഥാനമാനങ്ങൾ നൽകുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും, അവർ യുഡിഎഫിനെ അധികാരത്തിൽ കൊണ്ടുവരാൻ കഠിനാധ്വാനം ചെയ്തവരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരം കാര്യങ്ങൾ യുഡിഎഫ് കൺവീനർ ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്ത് തീരുമാനിക്കണമായിരുന്നു എന്നതാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്നണിയിലെ പല തീരുമാനങ്ങളും താൻ അറിയുന്നില്ലെന്നും യുഡിഎഫ് യോഗം ചേരാൻ കഴിയാത്തതിനാൽ പല കാര്യങ്ങളും ചർച്ച ചെയ്യാൻ കഴിയുന്നില്ലെന്നും ഇന്നലെ അടൂർ പ്രകാശ് പരസ്യ പ്രതികരണം നടത്തിയിരുന്നു. വിഷയത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി നിരവധി നേതാക്കളും രംഗത്തെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക