
കോൺഗ്രസിലെ വിവിധ നേതാക്കൾ നടത്തുന്ന വ്യക്തിപരമായ അഭിപ്രായങ്ങളെ തന്റെ പേരുമായി കൂട്ടിച്ചേർത്ത് പ്രചരിപ്പിക്കുന്നതിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സർക്കാരിനെതിരെയുള്ള കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാൻ താൻ നിന്നിട്ടില്ലെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.
പാർട്ടി കാര്യങ്ങൾ പാർട്ടി വേദികളിലല്ലാതെ പുറത്ത് ചർച്ച ചെയ്യുന്നതിനോട് തനിക്ക് ഒരു ശതമാനം പോലും യോജിപ്പില്ലെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി. ഇത് തന്റെ വ്യക്തമായ നിലപാടാണ്. കഴിഞ്ഞ 40 കൊല്ലത്തെ തന്റെ രാഷ്ട്രീയ പ്രവർത്തന ട്രാക്ക് റെക്കോർഡ് പരിശോധിച്ചാൽ ഒരിക്കൽപോലും അങ്ങനെ സംസാരിച്ചിട്ടില്ലെന്ന് മനസ്സിലാക്കാം. യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്ന കാലത്തുപോലും സർക്കാരിന്റെ പോളിസി വിഷയങ്ങളിൽ ചില അഭിപ്രായങ്ങൾ ക്യാമ്പുകളിലൂടെയല്ലാതെ പുറത്ത് പറയാറില്ലായിരുന്നു.
കോൺഗ്രസിൽ ശക്തരും കഴിവുള്ളവരും അല്ലാത്തവരുമായ നിരവധി നേതാക്കന്മാരുണ്ട്. അവരുടെ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളെ പെട്ടെന്ന് കെ സി വേണുഗോപാലുമായി കൂട്ടിച്ചേർക്കാൻ ചിലർ ശ്രമിക്കുന്നു. എന്തിനാണ് വീണ്ടും വീണ്ടും ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.