
നഗോയ; പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷം ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ സ്വര്‍ണമണിഞ്ഞ് ഇന്ത്യ. ഇന്ന് നടന്ന കലാശ പോരാട്ടത്തില്‍ ചൈനീസ് വെല്ലുവിളിയെ മറികടന്നാണ് ഇന്ത്യ ചാമ്പ്യന്മാരായത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ വിജയം. 44 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്നത്. ഇതിന് മുമ്പ് 1982 ലാണ് ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യ സ്വര്‍ണം കരസ്ഥമാക്കിയത്. ചൈനയുടെ നീക്കങ്ങളോടെയാണ് മത്സരം ആരംഭിച്ചതെങ്കിലും മത്സരത്തിന്റെ പത്താം മിനുട്ടില്‍ തന്നെ ഇന്ത്യ മുന്നിലെത്തി. ലാല്‍റെംസിയാമിയിലൂടെയാണ് ഇന്ത്യ ഗോള്‍ നേടിയത്.
താരത്തിന്റെ അന്താരാഷ്ട്ര കരിയറിലെ 200-ാമത്തെ മത്സരമായിരുന്നു ഇത്. അതില്‍ തന്നെ ഗോളടിച്ച് ഇന്ത്യയെ മുന്നിലെത്തിക്കാന്‍ ലാല്‍റെംസിയാമിക്കായി. ആദ്യ ക്വാര്‍ട്ടറില്‍ മികച്ച അവസരങ്ങള്‍ കണ്ടെത്താന്‍ ചൈനക്ക് സാധിച്ചതുമില്ല.
രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ ഊര്‍ജിത ശ്രമം നടത്തിയ ചൈന തുടക്കത്തില്‍ തന്നെ രണ്ട് പെനാല്‍ട്ടി കോര്‍ണറുകള്‍ നേടിയെങ്കിലും ഇന്ത്യ പ്രതിരോധം ഭേദിക്കാനായില്ല. പിന്നീട് പെനാല്‍ട്ടി സ്ട്രോക്ക് ലഭിച്ചിട്ടും ലക്ഷ്യത്തിലെത്തിക്കുന്നതില്‍ ചൈന പരാജയപ്പെട്ടു. ഇന്ത്യന്‍ ഗോളി സവിതയാണ് സ്‌ട്രോക്ക് രക്ഷപ്പെടുത്തിയത്. മൂന്നാമത്തെയും അവസാനത്തെയും ക്വാര്‍ട്ടറിലും ചൈന മുന്നേറ്റങ്ങള്‍ തുടര്‍ന്നെങ്കിലും ഇന്ത്യന്‍ പ്രതിരോധം ഉറച്ചുനിന്നു.