Image

കോർണൽ കൂട്ട ബലാത്സംഗം കത്തുന്നു: അധികൃതർ മൂടിയ അക്രമം അന്വേഷിക്കാൻ ലെറ്റീഷ്യ ജെയിംസിനെ ഹോക്കൽ നിയമിച്ചു (പിപിഎം)

Published on 02 October, 2026
 കോർണൽ കൂട്ട ബലാത്സംഗം കത്തുന്നു: അധികൃതർ മൂടിയ അക്രമം അന്വേഷിക്കാൻ ലെറ്റീഷ്യ ജെയിംസിനെ ഹോക്കൽ നിയമിച്ചു (പിപിഎം)

ഐവി ലീഗിൽ പെട്ട ന്യൂ യോർക്ക് കോർണൽ യൂണിവേഴ്സിറ്റിയിൽ രണ്ടു വർഷം മുൻപു നടന്ന കൂട്ട ബലാത്സംഗം അധികൃതർ ഒതുക്കിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാകുന്നു. ഏഴു പേരുടെ കാമാസക്തിക്കു ഇരയായ പെൺകുട്ടി കോടതിയിൽ പോയ ശേഷമാണ് സംഭവം പുറത്തു വന്നത്.

അതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. ആക്രമണം ക്യാമ്പസ് പോലീസിനോടു റിപ്പോർട്ട് ചെയ്തിരുന്നുവെന്നു 'ജെയ്ൻ ഡോ' എന്ന അപരനാമത്തിൽ മാത്രം അറിയപ്പെടുന്ന യുവതി പറയുന്നു. എന്നാൽ പോലീസ് റിപ്പോർട്ടിൽ ബലാത്സംഗ പരാതി കണ്ടില്ലെന്നും അതു കൊണ്ടാണ് അന്വേഷിക്കാതിരുന്നതെന്നും പ്രോസിക്യൂട്ടർ പറയുന്നു.

സംഭവം കോടതി കയറിയതോടെ ഗവർണർ കാത്തി ഹോക്കൽ സ്വതന്ത്ര അന്വേഷണത്തിനു യൂണിവേഴ്സിറ്റിയോട് ആവശ്യപ്പെട്ടു. അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അക്രമം മൂടിയ ടോംപ്കിൻസ് കൗണ്ടി ഡിസ്‌ട്രിക്‌ട് അറ്റോണി മാത്യു വാൻ ഹൗട്ടനിൽ തനിക്കു വിശ്വാസമില്ലെന്നും ഹോക്കൽ വ്യക്തമാക്കി.  

'എനിക്കു ചുറ്റും സിംഹങ്ങൾ'

അതേ സമയം, 100% ഉറപ്പായും താൻ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നു യുവതി പരാതി പറഞ്ഞതായി പോലീസ് ഇന്റർവ്യൂവിന്റെ ട്രാൻസ്‌ക്രിപ്റ്റിൽ വ്യക്തമാകുന്നു എന്നാണ് വാർത്താ മാധ്യമങ്ങൾ പറയുന്നത്.

"എനിക്കു ചുറ്റും സിംഹങ്ങൾ ആയിരുന്നു, ഞാൻ ഇരയും" എന്ന് അവർ പറയുന്നുണ്ട്.

'കോർണൽ സൺ' എന്ന ക്യാമ്പസ് പത്രത്തോട് അവർ പറഞ്ഞു: "രണ്ടു വർഷം കഴിഞ്ഞെങ്കിലും രാവും പകലും ഞാൻ അതിന്റെ ആഘാതം അനുഭവിക്കുന്നു."

യൂണിവേഴ്സിറ്റി രണ്ടു വിദ്യാർഥികളെ പുറത്താക്കുകയും മറ്റു ചിലരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ചിലരെ കൊണ്ട് നിർബന്ധമായി ഉപന്യാസങ്ങൾ എഴുതിച്ചു. എന്നാൽ ആരും ക്രിമിനൽ പ്രോസിക്യൂഷൻ നേരിട്ടില്ല.

കോർണൽ യൂണിവേഴ്സിറ്റിയുടെ ചി ഫി ഫ്രറ്റേർണിറ്റി എന്ന ഹോസ്റ്റലിൽ വച്ചാണ് അക്രമം ഉണ്ടായത്. ദേശീയ തലത്തിൽ ശ്രുംഖലകൾ ഉള്ള വിദ്യാർഥി ക്ലബ് ആണിത്. ലഹരി മരുന്നു കൊടുത്തു കീഴ്പെടുത്തിയെന്നു ക്ലബ്ബ് അംഗങ്ങൾ കൈമാറിയ സന്ദേശങ്ങളിൽ പറയുന്നുണ്ട്. പെൺകുട്ടിയെ ഉപയോഗിക്കാൻ മറ്റു അംഗങ്ങളെ ക്ഷണിക്കുന്ന സന്ദേശങ്ങളും കണ്ടെടുത്തിട്ടുണ്ട്.

യുഎസ് ക്യാമ്പസുകളിൽ പെൺകുട്ടികൾ പതിവായി ബലാത്സംഗം ചെയ്യപ്പെടുന്നുണ്ടെന്നു റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ദേശീയ തലത്തിൽ അതൊരു പ്രതിഷേധത്തിനു വിഷയമായിട്ടില്ല. സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിനു വഴങ്ങേണ്ടി വന്നുവെന്നു കോർണലിലെ 35% വിദ്യാർഥിനികൾ കഴിഞ്ഞ വർഷം ഒരു സർവേയിൽ പറഞ്ഞിരുന്നു. ഹാർവാർഡിൽ 22% പേരും.

ഈ വിഷയത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ഏക ദേശീയ നേതാവ് മുൻ പ്രസിഡന്റ് ബരാക് ഒബാമയാണ്. 

Sexual assaults on US campuses surface after Cornell case 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക