Image

'രാജ്യം മുഴുവൻ താങ്കളുടെ ശബ്ദം കേൾക്കാൻ കാത്തിരിക്കയാണ്:' ക്യാപ്റ്റൻ മച്ചാറിനോടു മോദി (പിപിഎം)

Published on 02 October, 2026
'രാജ്യം മുഴുവൻ താങ്കളുടെ ശബ്ദം കേൾക്കാൻ കാത്തിരിക്കയാണ്:' ക്യാപ്റ്റൻ മച്ചാറിനോടു മോദി (പിപിഎം)

ദുബായ്-ടെൽ അവീവ് ഫ്‌ളൈദുബായ് വിമാനത്തിൽ കോ-പൈലറ്റ് ആക്രമിച്ച ഇന്ത്യക്കാരൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അബുദാബിയിലെ ആശുപത്രിയിലേക്കു വിളിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ഫ്ലൈറ്റ് FZ1073ലെ 174 യാത്രക്കാരിൽ ഒരാളെയും മരണത്തിനു വിട്ടുകൊടുക്കിലെന്നു തനിക്കു നിശ്ചയദാർഢ്യം ഉണ്ടായിരുന്നുവെന്നു മച്ചാർ വികാരഭരിതനായി മോദിയോടു പറഞ്ഞു.

രാജ്യം മുഴുവൻ താങ്കളുടെ ശബ്ദം കേൾക്കാൻ കാത്തിരിക്കയാണെന്നു മോദി അദ്ദേഹത്തോടു പറഞ്ഞു.

അക്രമി കത്തിക്കു കുത്തി താഴെ വീഴുമ്പോൾ വിമാനം താഴ്ന്നു കൊണ്ടിരിക്കയാണെന്നു തിരിച്ചറിഞ്ഞതായി മച്ചാർ വിഡിയോകോളിൽ മോദിയോടു പറഞ്ഞു. "അവസാന ശ്രമം എന്ന നിലയ്ക്കു ഞാൻ കോക്ക്പിറ്റ് ഡോർ തള്ളിത്തുറന്നു. 

"മറ്റുള്ളവർ അകത്തു കയറി വന്നു കാര്യങ്ങൾ നിയന്ത്രണത്തിലാക്കി."

വിമാനം 17,500 അടി താഴ്ന്നു എന്നാണ് കണക്ക്. ദുബായിൽ നിന്നു രണ്ടര മണിക്കൂർ പറന്നിരുന്നു.

മച്ചാറിന്റെ ധീരതയെയും മനഃസാന്നിധ്യത്തെയും മോദി പ്രശംസിച്ചു. ഒരു ഘട്ടത്തിൽ വികാരാധീനനായ ക്യാപ്റ്റൻ കണ്ണുനിറഞ്ഞൊഴുകുമ്പോൾ മോദിയോടു മാപ്പു ചോദിച്ചു.

"എന്തിനാണ് കരയുന്നത്?" മോദി ചോദിച്ചു. "രാജ്യം മുഴുവൻ താങ്കളുടെ ശബ്ദം കേൾക്കാൻ കാത്തിരിക്കയാണ്. രാജ്യം വളരെ ആവേശത്തോടെ താങ്കളെ സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നു."

മച്ചാർ വീരപുരുഷനാണെന്നു മോദി പറഞ്ഞു. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നു ആശംസിക്കയും ചെയ്തു. ഗുജറാത്തിയായ ക്യാപ്റ്റനോട് മോദി ആ ഭാഷയിലും സംസാരിച്ചു.

Modi speaks to hero Captain

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക