
അഹമ്മദാബാദ് ; ഫ്‌ളൈദുബൈ പൈലറ്റ് സ്മിത് മച്ചാറിന് ധീരതക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍. ദുബൈയില്‍ നിന്ന് ഇസ്റയേലിലേക്ക് പോവുകയായിരുന്ന ഫ്‌ളൈ ദുബൈ വിമാനത്തിലെ പൈലറ്റായ സ്മിത്തിന് സഹ പൈലറ്റിന്റെ ആക്രമണത്തില്‍ പരുക്കേറ്റിട്ടും വന്‍ ദുരന്തം ഒഴിവാക്കാന്‍ അദ്ദേഹം കാണിച്ച ധീരതക്ക് ലോകമെമ്പാടും നിന്ന് പ്രശംസകള്‍ ഉയരുകയാണ്. ഇതിനു പിന്നാലെ ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാര്‍ഡ്’ ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു.
പരുക്കേറ്റിട്ടും വിമാനം സഊദി അറേബ്യയിലേക്ക് തിരിച്ചുവിട്ട സ്മിത്ത് ഇപ്പോള്‍ തബൂക്കിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ‘സ്മിത്ത് മച്ചാറിന്റെ ധൈര്യത്തെ ലോകം മുഴുവന്‍ ഇന്ന് അഭിവാദ്യം ചെയ്യുകയാണ്. ആക്രമണത്തില്‍ സാരമായി പരുക്കേറ്റിട്ടും 174 യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം അസാമാന്യ ധൈര്യമാണ് പ്രകടിപ്പിച്ചത്. ഇത് അത്യന്തം പ്രചോദനാത്മകവും പ്രശംസനീയവുമാണ്.’- ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പ്രതികരിച്ചു