
ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്‍റെ ആക്രമണത്തിൽ പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ സൗദി അറേബ്യയിൽ നിന്ന് ദുബായിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. വിദഗ്ധ ചികിത്സയ്ക്കായാണ് അദ്ദേഹത്തെ മാറ്റുന്നതെന്നാണ് വിവരം. വ്യാഴാഴ്ചയാണ് എയർലിഫ്റ്റ് ചെയ്തത്.
ബുധനാഴ്ച ദുബായിൽ നിന്ന് ടെൽ അവീവിലേക്കുള്ള യാത്രയ്ക്കിടെ ഒമാൻ സ്വദേശിയായ സഹപൈലറ്റ് ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് കോക്പിറ്റിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ആക്രമണത്തിൽ സ്മിത് മച്ചാറിന് പരുക്കേറ്റെങ്കിലും അദ്ദേഹം സഹ പൈലറ്റിനെ ചെറുത്തുനിൽക്കുകയായിരുന്നു. വിമാനത്തിൽ ഏകദേശം 180 യാത്രക്കാരാണ് ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. തുടർന്ന് മച്ചാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.