Image

കുടുംബത്തിന് വേണ്ടി ഇന്നുവരെ പാർട്ടിയെ സമ്മർദത്തിലാക്കിയിട്ടില്ല, എന്ത് പ്രശ്നം വന്നാലും സിപിഎമ്മിനോട് സഹായം ചോദിക്കില്ല; വിനോദിനി ബാലകൃഷ്ണൻ

Published on 01 October, 2026
 കുടുംബത്തിന് വേണ്ടി ഇന്നുവരെ പാർട്ടിയെ സമ്മർദത്തിലാക്കിയിട്ടില്ല, എന്ത് പ്രശ്നം വന്നാലും സിപിഎമ്മിനോട് സഹായം ചോദിക്കില്ല; വിനോദിനി ബാലകൃഷ്ണൻ

കണ്ണൂര്‍: കുടുംബത്തിന് വേണ്ടി ഇന്നുവരെ പാർട്ടിയെ സമ്മർദത്തിലാക്കിയിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി. എന്ത് പ്രശ്നം വന്നാലും സിപിഎമ്മിനോട് സഹായം ചോദിക്കില്ലെന്നും ഞങ്ങൾ തന്നെ നേരിടുമെന്നും വിനോദിനി പ്രതികരിച്ചു. കോടിയേരി ബാലകൃഷ്ണന്‍റെ ഓർമദിനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതികരണം.

ഓർമദിനത്തിൽ പിണറായി വിജയനും എം.വി. ഗോവിന്ദനുമടക്കമുള്ളവർ വീട്ടിലെത്താത്ത കാര്യത്തിൽ ചർച്ചയുടെ ആവശ്യമില്ലെന്നും, കഴിഞ്ഞ മൂന്ന് കൊല്ലവും അവരൊക്കെ വന്നിരുന്നുവെന്നും വിനോദിനി പറഞ്ഞു.

പാർട്ടിക്ക് അവരെ ഏറ്റവും ആവശ്യമുള്ള സമയമാണിത്. വിശാല ജില്ലാ കമ്മിറ്റി നടക്കുകയാണ്. ഇവിടുത്തെക്കാൾ ഏറെ അവരെ അവിടെ ആവശ്യമുണ്ട്. അവർ പിന്നീട് സമയം കിട്ടുമ്പോൾ വരുമായിരിക്കുമെന്നും വിനോദിനി പ്രതികരിച്ചു.

കുടുംബത്തിന് കോടിയേരിയുടെ വിടവ് എല്ലാക്കാലവും ഉണ്ടാവും. പാർട്ടിക്കും അങ്ങനെ തന്നെയാണെന്നാണ് കരുതുന്നത്. ജനങ്ങളും പാർട്ടിയും കോടിയേരി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന സമയമാണിതെന്നും വിനോദിനി പ്രതികരിച്ചു.

കോടിയേരിയുടെ ഓര്‍മദിനത്തില്‍ എത്തിയവരെയെല്ലാം സ്നേഹത്തോടെ ചേർത്തുപിടിക്കുന്നു. അതിൽ അണികൾ, നേതാക്കൾ എന്നിങ്ങനെ വേർതിരിവില്ലെന്നും, പാർട്ടിയെ സ്നേഹിക്കാൻ ഞങ്ങൾക്ക് മെംബർഷിപ്പിന്‍റെ പോലും ആവശ്യമില്ലെന്നും അവസാനം വരെ പാർട്ടിയിൽ പ്രവർത്തിക്കുമെന്നും വിനോദിനി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക