Image

ഫ്ലൈദുബായ് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്‌റ്റൻ സ്‌മിത്ന് ധീരതയ്‌ക്കുള്ള അവാർഡ് നൽകണം; മുംബൈയിലെ വീടിന് പുറത്ത് പ്രാർഥനകളുമായി ഒത്തുകൂടി ജനക്കൂട്ടം

Published on 01 October, 2026
ഫ്ലൈദുബായ് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്‌റ്റൻ സ്‌മിത്ന് ധീരതയ്‌ക്കുള്ള അവാർഡ് നൽകണം; മുംബൈയിലെ വീടിന് പുറത്ത് പ്രാർഥനകളുമായി ഒത്തുകൂടി ജനക്കൂട്ടം

മുംബൈ: യുഎഇയിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് FZ1073 വിമാനം തകർക്കാൻ ശ്രമിച്ച സഹപൈലറ്റിനെ, ജീവൻ പണയം വച്ചും നേരിട്ട് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്‌റ്റൻ സ്‌മിത് മച്ചാറിന് ആദരവ് അറിയിക്കാന്‍ നൂറുകണക്കിന് ജനങ്ങൾ ഒത്തുകൂടി. മുംബൈയുടെ കിഴക്കൻ ഭാഗത്തുള്ള തിലക് നഗറിലെ അദ്ദേഹത്തിൻ്റെ വസതിക്ക് മുന്നിലാണ് ജനസാഗരം നിറഞ്ഞത്. 174 യാത്രക്കാരുമായി പറന്ന വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ശ്രമത്തെ തൻ്റെ ധീരതയിലൂടെ പരാജയപ്പെടുത്തുകയായിരുന്നു ഈ ഇന്ത്യൻ ക്യാപ്‌റ്റൻ.

യാത്രാമദ്ധ്യേ കോക്ക്പിറ്റിനുള്ളിൽ വെച്ച് സഹപൈലറ്റിൻ്റെ കുത്തേറ്റതിനെത്തുടർന്ന് സ്‌മിത് മച്ചാറിനെ അതിവേഗം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ കഴിയുന്ന മച്ചാറിൻ്റെ രോഗമുക്തിക്കായി സ്വസ്‌തിക് ഹൈറ്റ്‌സ് റെസിഡൻഷ്യൽ കോംപ്ലക്‌സിന് പുറത്ത് തടിച്ചുകൂടിയവർ അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ കയ്യിലേന്തി പ്രാർഥിച്ചു. വിമാനത്തിൽ നടന്ന ആക്രമണം വിമാനത്തെ 30 സെക്കൻഡിനുള്ളിൽ ഏകദേശം 14,000 അടി താഴേക്ക് പതിക്കുന്ന അവസ്ഥയിലായിരുന്നു. അവിടെ നിന്നാണ് അദ്ദേഹം തൻ്റെ ജീവൻ പണയം വെച്ച് സുരക്ഷിതമായി ലാൻഡ് ചെയ്‌തത്.

'ഭാരത് മാതാ കീ ജയ്' എന്ന മുദ്രാവാക്യങ്ങൾക്കിടയിൽ തിലക് നഗറിൽ ഒത്തുകൂടിയവരിൽ പലരും മച്ചാറിന് ധീരതയ്ക്കുള്ള 'ശൗര്യ ചക്ര' പുരസ്‌കാരമോ അല്ലെങ്കിൽ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഭാരത് രത്‌ന'യോ നൽകണമെന്ന് ആവശ്യപ്പെട്ടു.

അതേസമയം, സ്‌മിത്തിനെ കുട്ടിക്കാലം മുതൽ അറിയാമെന്നും അവൻ്റെ കുടുംബം തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്നും അയൽവാസിയായ ദൗലത്ഭായ് വോറ പറഞ്ഞു. അവൻ്റെ പിതാവിനോടൊപ്പം കുറച്ചുകാലം ബിസിനസ് ചെയ്‌തിട്ടുണ്ടെന്നും സ്‌മിത്തിനെയും സഹോദരനെയും വളരെ മികച്ച രീതിയിലാണ് പിതാവ് വളർത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്‌മിത്തിൻ്റെ ഈ നേട്ടത്തിൽ അതിയായ അഭിമാനമുണ്ട്. അവൻ്റെ ക്ഷമയും സമയോചിതമായ ഇടപെടലും വലിയൊരു ദുരന്തം ഒഴിവാക്കി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക