Image

തമിഴ്‌നാട്ടിൽ സ്ത്രീകൾക്ക് ഇനി എക്‌സ്പ്രസ് ബസുകളിലും സൗജന്യ യാത്ര

Published on 01 October, 2026
തമിഴ്‌നാട്ടിൽ സ്ത്രീകൾക്ക് ഇനി എക്‌സ്പ്രസ് ബസുകളിലും സൗജന്യ യാത്ര

ചെന്നൈ: തമിഴ്‌നാട്ടിലെ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയായ വെട്രി പയണം കൂടുതൽ സർവീസുകളിലേക്ക് വിപുലീകരിക്കുന്നു. ഗാന്ധി ജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ടിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിൻ്റെ പേരിൽ നിന്നാണ് പദ്ധതിക്ക് ഈ പേര് നൽകിയിരിക്കുന്നത്.

തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ 110-ാം വകുപ്പ് പ്രകാരമുള്ള പ്രഖ്യാപനത്തിൻ്റെ തുടർച്ചയായാണ് നടപടി. നേരത്തെ സാധാരണ സിറ്റി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സൗജന്യ യാത്രാ സൗകര്യം കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ടൗൺ പഞ്ചായത്ത്, മലയോര മേഖലകൾ എന്നിവിടങ്ങളിലെ എക്‌സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലക്‌സ് ബസുകളിലേക്കും വ്യാപിപ്പിക്കും. സംസ്ഥാനത്തെ ഏഴ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലായി ആകെ 12,692 ബസുകളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്ക് പുറമെ വിദ്യാർഥിനികൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കും.

വിപുലീകരണത്തോടെ പ്രതിദിനം ഏകദേശം 84.32 ലക്ഷം സ്ത്രീകൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. പ്രതിദിനം 16 ലക്ഷത്തിലധികം വൺവേ ട്രിപ്പുകൾ ഇതിലൂടെ സാധ്യമാകും. സേവനം പ്രയോജനപ്പെടുത്തുന്നതിന് ഗുണഭോക്താക്കൾക്ക് വരുമാന പരിധിയോ യാത്രാ എണ്ണത്തിൽ നിയന്ത്രണമോ ഏർപ്പെടുത്തിയിട്ടില്ല. 

പദ്ധതി നടപ്പിലാക്കുന്നതിനായി തമിഴ്‌നാട് സർക്കാർ ഏകദേശം 6,000 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. സാങ്കേതിക ഒരുക്കങ്ങളും കണ്ടക്ടർമാർക്കുള്ള പരിശീലനവും പൂർത്തിയാക്കിയ പദ്ധതിയിലൂടെ സാധാരണ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ലാഭം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക