
മുപ്പതു വർഷം വധശിക്ഷ കാത്തു കിടന്ന 50കാരി മരിക്കാൻ നൽകിയ കുത്തിവയ്പ് പരാജയപ്പെട്ടതിനെ തുടർന്നു അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെന്നെസിയിൽ 200 വർഷത്തിനു ശേഷം ആദ്യമായി വധശിക്ഷ നേരിട്ട ക്രിസ്റ്റാ പൈക് ആശുപത്രിയിലാണെങ്കിലും അവരുടെ കൃത്യമായ ആരോഗ്യ നില വ്യക്തമല്ല.
കാമുകനെ തന്നിൽ നിന്നു തട്ടിയെടുക്കാൻ ശ്രമിച്ചു എന്നാരോപിച്ചു സഹപാഠി കൊളീൻ സ്ലമ്മറെ ഭീകരമായി കൊലപ്പെടുത്തി എന്നതാണ് പൈക്കിന്റെ മേലുള്ള കുറ്റം. കൊല നടത്തുമ്പോൾ പൈക്കിനു 18 വയസ് ആയിരുന്നു. സ്ലമ്മർക്ക് 19 വയസും. കൊലയ്ക്കു കൂട്ടു നിന്ന കാമുകൻ തഡാരിൽ ഷിപ്പിനു അന്നു 17 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു കണ്ടു അയാളെ ജുവനൈൽ കേന്ദ്രത്തിലേക്ക് അയച്ചു.
തലച്ചോറിൽ ക്ഷതം ഉണ്ടാവാൻ സാധ്യത
ബുധനാഴ്ച്ച വൈകിട്ട് റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ജയിലിൽ മാരകമായ പെന്റോബാർബിറ്റൽ കുത്തിവച്ചാണ് പൈക്കിന്റെ വധശിക്ഷ നടപ്പാക്കാൻ ശ്രമിച്ചത്. എന്നാൽ അര മണിക്കൂർ വ്യത്യാസത്തിൽ നൽകിയ രണ്ടു കുത്തിവയ്പുകൾക്കും ശേഷം അവർ മയങ്ങുകയും കൂർക്കം വലിക്കയും ചെയ്തുവെങ്കിലും മരിച്ചില്ല.
ടെന്നസിയിലെ എല്ലാ വധശിക്ഷകളും നടപ്പാക്കുന്നത് നിർത്തിവച്ചെന്നു ഗവർണർ ബിൽ ലീ ഉടൻ ഉത്തരവിട്ടു.
ആശുപത്രിയിൽ എത്തിച്ച പൈക്കിനു തലച്ചോറിൽ ക്ഷതം ഉണ്ടാവാൻ സാധ്യത ഉണ്ടെന്നു എമോറി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ പ്രഫസർ ഡോക്ടർ ജോയൽ സിവോട്ട് ബി ബി സിയോടു പറഞ്ഞു.
അറിയിച്ചില്ലെന്നു പരാതി
നീണ്ടു നിന്ന നിയമപോരാട്ടം നടത്തിയ പൈക്കിന്റെ അവസാന അപേക്ഷയും സുപ്രീം കോടതി തള്ളി ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് അവരുടെ ശിക്ഷ നടപ്പാക്കാനുള്ള ശ്രമം നടന്നത്. പൈക്കിനു ബോധം നഷ്ടപ്പെട്ടില്ലെന്നും ഹൃദയത്തുടിപ്പുണ്ടെന്നും ഉച്ചത്തിൽ കൂർക്കം വലിക്കുന്നുണ്ടെന്നും അവരുടെ അഭിഭാഷകർ പറഞ്ഞു.
പൈക്കിന്റെ നില എന്താന്നെന്നു അറിയിച്ചില്ലെന്നു അവർ പരാതിപ്പെട്ടു. പത്രപ്രവർത്തകർ ഉൾപ്പെടെയുള്ള സാക്ഷികൾ പറഞ്ഞത് അവർ മരിച്ചിട്ടില്ല എന്നു തന്നെയാണ്. ജീവൻ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് വൈകിയതു മൂലമാണ് തലച്ചോറിൽ മുറിവുണ്ടാകാം എന്ന ആശങ്ക ഉയർന്നത്.
കുത്തിവയ്‌പിനു മുൻപ് പൈക്ക് സംസാരിച്ചത് റിപ്പോർട്ടർമാർ കേട്ടിരുന്നു. "ജീവിച്ചിരുന്ന കാലത്തേ പോലെ തന്നെ നിറഞ്ഞ സ്നേഹത്തോടെയാണ് ഞാൻ പോകുന്നത്" എന്നവർ പറഞ്ഞതായി എ പി റിപ്പോർട്ടർ ചാൻഡ്ലർ എഴുതി. "ഞാൻ സമാധാനത്തിലാണ് പോകുന്നത്, ഞാൻ സ്വതന്ത്രയാകുന്നു."
വൈകിട്ട് ഏഴരയോടെ ആദ്യ കുത്തിവയ്‌പു നൽകിയ ശേഷം ഒരു മണിക്കൂർ കാത്തിരുന്നിട്ടാണ് രണ്ടാമതു കുത്തിവച്ചത്. അവർ ശ്വാസം വലിക്കുന്നത് തുടർച്ചയായി കേൾക്കാമായിരുന്നു എന്നു റിപ്പോർട്ടർമാർ പറഞ്ഞു. 20 മിനിറ്റ് കഴിഞ്ഞപ്പോൾ എല്ലാവരും പുറത്തു പോകാൻ ആവശ്യപ്പെട്ടു. എമർജൻസി ആംബുലൻസുകൾ പാഞ്ഞെത്തി.
വീണ്ടും സ്റ്റേ തേടി
പൈക്കിനെ ആശുപത്രിയിലേക്കു കൊണ്ടുപോയതിന്റെ പിന്നാലെ അവരുടെ അഭിഭാഷകർ വീണ്ടും സ്റ്റേ തേടി സുപ്രീം കോടതിയെ സമീപിച്ചു. പൈക്കിനെ അനാവശ്യമായ മാനസിക പീഡനത്തിന് ഇരയാക്കി ക്രൂരമായ രീതിയിലാണ് വധശിക്ഷ നടപ്പാക്കാൻ ശ്രമിച്ചതെന്ന് അവർ വാദിച്ചു. "ടെന്നസി എല്ലാം മറച്ചു വയ്ക്കാൻ ശ്രമിക്കയാണ്."
ഗവർണർ ലീ സമ്പൂർണ അന്വേഷണത്തിനാണ് ഉത്തരവിട്ടത്. 2026ൽ തന്നെ നടത്തേണ്ട ഒരു വധശിക്ഷ അദ്ദേഹം മരവിപ്പിച്ചു.
Death row woman survives 2 lethal shots