Image

ഫ്‌ളൈ ദുബായ് സംഭവം: ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റി

Published on 01 October, 2026
ഫ്‌ളൈ ദുബായ് സംഭവം: ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് സര്‍വീസ് നടത്തിയ ഫ്‌ലൈദുബായ് വിമാനം എഫ്. സെഡ് 1073ന്റെ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. വിമാനത്തിനിടെ സഹപൈലറ്റിന്റെ ആക്രമണത്തില്‍ കുത്തേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ മച്ചാറിന് തബൂക്കിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റിയത്.

ഗുരുതരമായി പരിക്കേറ്റിട്ടും ജീവന്‍ രക്ഷിക്കാനുള്ള പോരാട്ടത്തിനിടെ മച്ചാര്‍ കോക്പിറ്റ് വാതില്‍ തുറന്നു. ഇതോടെ വിമാന ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും കോക്പിറ്റിലേക്ക് പ്രവേശിച്ച് ആക്രമണകാരിയെ കീഴടക്കാനും വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാനും കഴിഞ്ഞു. തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ സുരക്ഷിതമായി അടിയന്തര ലാന്‍ഡിങ് നടത്തി. വിമാനത്തിലുണ്ടായിരുന്ന 174 പേരുടെയും ജീവന്‍ രക്ഷിക്കാന്‍ ഈ ഇടപെടല്‍ സഹായിച്ചു.

ടെല്‍ അവീവിലേക്ക് പറക്കുന്നതിനിടെയാണ് സംഭവം. സഹപൈലറ്റ് ക്യാപ്റ്റന്‍ മച്ചാറിനെ കുത്തുകയും ബോയിംഗ് 737 വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതീവ ഗുരുതരമായ സാഹചര്യത്തിലും അസാധാരണമായ മനഃസാന്നിധ്യം പ്രകടിപ്പിച്ച മച്ചാര്‍ വിമാന ജീവനക്കാര്‍ക്ക് കോക്പിറ്റിലേക്ക് പ്രവേശിക്കാന്‍ അവസരം ഒരുക്കി. പിന്നീട് ആരോഗ്യനില വഷളായതോടെ വിമാനം തബൂക്കിലേക്ക് അടിയന്തരമായി തിരിച്ചുവിടുകയായിരുന്നു. തബൂക്കിലെ പ്രാദേശിക ആശുപത്രിയില്‍ ചികിത്സ നല്‍കി ആരോഗ്യനില സ്ഥിരപ്പെടുത്തിയ ശേഷമാണ് മച്ചാറിനെ അബുദാബിയിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചത്.

കൊമേഴ്‌സ്യല്‍ പൈലറ്റ് എന്ന നിലയില്‍ 13 വര്‍ഷത്തിലേറെ പരിചയമുള്ള ക്യാപ്റ്റന്‍ മച്ചാറിന് ഏകദേശം 9,750 മണിക്കൂര്‍ പറക്കല്‍ പരിചയമുണ്ട്. ഇതില്‍ ഭൂരിഭാഗവും ബോയിംഗ് 737 വിമാനങ്ങളിലായിരുന്നു. സ് പൈസ്  ജെറ്റില്‍ 11 വര്‍ഷത്തോളം ലൈന്‍ ട്രെയിനിങ് ക്യാപ്റ്റനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ മച്ചാറിന്റെ ധീരതയെ ആദരിച്ച് സംസ്ഥാന സര്‍ക്കാര്‍ 'വിശിഷ്ട ഗുജറാത്ത് ഗരിമ അവാര്‍ഡ്' നല്‍കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പ്രഖ്യാപിച്ചു. മച്ചാറിന്റെ സമയോചിതമായ ഇടപെടലും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനവും ഗുജറാത്തിനും രാജ്യത്തിനും വലിയ അഭിമാനം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ക്യാപ്റ്റന്‍ മച്ചാറിന്റെ ധീരതയെ പ്രശംസിച്ചു. മച്ചാറിന്റെ പിതാവ് ഭൂപേന്ദ്രഭായ്, മാതാവ് ഗീതാബെന്‍, ഭാര്യ സോണല്‍ബെന്‍ എന്നിവരുമായി നേരിട്ട് സംസാരിച്ച് പിന്തുണ അറിയിച്ചതായും അദ്ദേഹത്തിന്റെ ആരോഗ്യനില അന്വേഷിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ''ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്മിത് പ്രകടിപ്പിച്ച ക്ഷമയും മനഃസാന്നിധ്യവും ധൈര്യവും അസാധാരണമാണ്. ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്ന് പറഞ്ഞതുപോലെ, ഒരു ഇന്ത്യക്കാരനാണ് 9/11ന് സമാനമായ ദുരന്തം ഒഴിവാക്കിയത്. നമ്മുടെ രാജ്യത്തെ ഓരോ പൗരനും സ്മിത്തിന്റെ ധീരതയില്‍ അഭിമാനിക്കാം...'' മോദി പറഞ്ഞു. ''ഇന്ന് അദ്ദേഹത്തിന്റെ പിതാവ് ഭൂപേന്ദ്രഭായ്, മാതാവ് ഗീതാബെന്‍, ഭാര്യ സോണല്‍ബെന്‍ എന്നിവരുമായി ഞാന്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ ചികിത്സ ഇപ്പോള്‍ തുടരുകയാണ്. ഇന്ന് ലോകം മുഴുവന്‍ അദ്ദേഹത്തെക്കുറിച്ച് അഭിമാനിക്കുകയാണ്...'' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങും മച്ചാറിന്റെ ധീരതയെ അഭിനന്ദിച്ചു. അതേസമയം ലോകമെമ്പാടും വ്യാപിക്കുന്ന ഭീകരവാദത്തിനെതിരെ രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ''174 പേരുടെ ജീവന്‍ രക്ഷിക്കപ്പെട്ടു. എന്നാല്‍ ഇതിന്റെ മറുവശത്ത് ലോകമെമ്പാടും ഭീകരവാദം വ്യാപിക്കുന്ന രീതിയെന്ന ഗുരുതരമായ വിഷയമുണ്ട്. വളര്‍ന്നുവരുന്ന ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും മുന്നോട്ടുവരുകയും അത് പൂര്‍ണമായി ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുകയും വേണം...'' അദ്ദേഹം പറഞ്ഞു. ക്യാപ്റ്റന്‍ മച്ചാറിന്റെ ധീരമായ ഇടപെടലിന് അന്താരാഷ്ട്ര തലത്തിലും വ്യാപകമായ അഭിനന്ദനമാണ് ലഭിക്കുന്നത്. അതീവ അപകടകരമായ സാഹചര്യത്തില്‍ അദ്ദേഹം പ്രകടിപ്പിച്ച മനഃസാന്നിധ്യവും ധൈര്യവും വിവിധ ലോകനേതാക്കള്‍ പ്രത്യേകം ചൂണ്ടിക്കാട്ടി.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ നടപടിയെ ''അസാധാരണമായ ധീരകൃത്യം'' എന്ന് വിശേഷിപ്പിച്ചു. ഇസ്രയേലിലേക്ക് പോകുകയായിരുന്ന ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്പിറ്റില്‍ ആക്രമണമുണ്ടായപ്പോള്‍ ഗുരുതരമായി പരിക്കേറ്റിട്ടും, ''ജീവനുവേണ്ടി പോരാടുന്നതിനിടെ'' ക്യാപ്റ്റന്‍ മച്ചാര്‍ കോക്പിറ്റ് വാതില്‍ തുറന്നുവെന്നും ഇതുവഴി മറ്റൊരു 9/11 മാതൃകയിലുള്ള വിമാന ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചെന്നും നെതന്യാഹു പറഞ്ഞു. ''മറ്റൊരു 9/11 മാതൃകയിലുള്ള മുഴുവന്‍ വിമാനത്തിന്റെയും ദുരന്തം ഒഴിവാക്കിയ അസാധാരണമായ ധീരകൃത്യമാണ് നടന്നത്,'' സംഭവത്തെക്കുറിച്ച് നെതന്യാഹു പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക