Image

ശബരിമല യുവതീ പ്രവേശനത്തില്‍ ചരിത്ര വിധിന്യായം ഉടൻ; ജസ്റ്റിസ് നാഗരത്ന വിധി എഴുതിതുടങ്ങിയെന്ന് റിപ്പോര്‍ട്ട്

Published on 01 October, 2026
ശബരിമല യുവതീ പ്രവേശനത്തില്‍ ചരിത്ര  വിധിന്യായം  ഉടൻ; ജസ്റ്റിസ് നാഗരത്ന വിധി എഴുതിതുടങ്ങിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയിലുള്ള നിർണായകമായ ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിലെ ന്യായാധിപ ജസ്റ്റിസ് ബി.വി. നാഗരത്ന വിധിന്യായം എഴുതിത്തുടങ്ങിയതായി റിപ്പോര്‍ട്ട്. മതസ്വാതന്ത്ര്യം, കോടതികളുടെ അവകാശപരിധി 'അത്യാവശ്യ മത ആചാര സിദ്ധാന്തം' എന്നിവയിൽ സുപ്രീം കോടതിയുടെ ഭാവി നിലപാടുകൾ വ്യക്തമാക്കുന്ന ചരിത്രവിധിക്കാണ് ഇതിലൂടെ തുടക്കമാകുന്നത് ദേശീയ ദിനപത്രമായ ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒമ്പതംഗ ബെഞ്ചിലെ മറ്റു ജഡ്ജിമാർക്കും ആവശ്യമെങ്കിൽ പ്രത്യേക വിധികളും വിയോജനക്കുറിപ്പുകളും എഴുതാനുള്ള പൂർണ സ്വാതന്ത്ര്യമുണ്ട്.

തുടർച്ചയായ 16 ദിവസം നീണ്ട വിശദമായ വാദപ്രതിവാദങ്ങൾ കേട്ട ബെഞ്ചിലെ ഏക വനിതാ ജഡ്ജിയാണ് ജസ്റ്റിസ് ബി.വി. നാഗരത്ന എന്നത് ഏറെ ശ്രദ്ധേയമാണ്. വിചാരണ വേളയിൽ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭരണഘടനാപരമായ പ്രസക്തിയെക്കുറിച്ച് അവർ നിരവധി ചോദ്യങ്ങൾ ഉയർത്തുകയും നിരീക്ഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിവെച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവർക്ക് പുറമെ ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, അഹ്സാനുദ്ദീൻ അമാനുല്ല, അരവിന്ദ് കുമാർ, അഗസ്റ്റിൻ ജോർജ് മാസിഹ്, പ്രസന്ന ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മല്യ ബാഗ്ചി എന്നിവരാണ് ഈ ബെഞ്ചിലുള്ളത്.

നിലവിൽ ജസ്റ്റിസ് നാഗരത്ന തയ്യാറാക്കുന്ന വിധിന്യായം ഭൂരിപക്ഷ വിധിയാകുമോ അതോ പ്രത്യേക നിരീക്ഷണങ്ങളോടെയുള്ള വിധിയാകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വിധി പ്രഖ്യാപിക്കുന്ന തീയതിയും തീരുമാനിച്ചിട്ടില്ലെങ്കിലും, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിരമിക്കുന്നതിന് മുൻപായി അന്തിമ വിധി പുറപ്പെടുവിക്കും.

2018-ൽ അന്നത്തെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 4:1 എന്ന ഭൂരിപക്ഷത്തിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരീമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്. എന്നാൽ ഈ വിധിക്കെതിരെ സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജികളാണ് ആർട്ടിക്കിൾ 14, 25, 26 എന്നിവ തമ്മിലുള്ള ബന്ധം, മതപരമായ കാര്യങ്ങളിലെ കോടതികളുടെ ഇടപെടൽ പരിധി, മതവിഭാഗങ്ങളുടെ അവകാശങ്ങൾ തുടങ്ങിയ വിപുലമായ ഭരണഘടനാ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വിശാല ബെഞ്ചിന്‍റെ പരിഗണനയിലേക്ക് അയച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക