
ദുബായ്: ലോകത്തെ ഞെട്ടിച്ച മിഡ്-എയര്‍ ആക്രമണത്തിനിടെ നൂറുകണക്കിന് യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ ഫ്‌ളൈദുബായ് വിമാനത്തിലെ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് നന്ദി അറിയിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ക്യാപ്റ്റന്‍ മച്ചാര്‍ നടത്തിയ ധീരമായ ഇടപെടലുകളെ ഹെര്‍സോഗ് അഭിനന്ദിച്ചു. ''ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍നിങ്ങളുടെ ധൈര്യത്തിനും നിശ്ചയദാര്‍ഢ്യത്തിനും നിരവധി ജീവനുകള്‍ രക്ഷിച്ച നടപടികള്‍ക്കും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി. നിങ്ങള്‍ പൂര്‍ണമായി സുഖം പ്രാപിച്ച് ശക്തമായ ആരോഗ്യത്തോടെ തിരിച്ചുവരട്ടെ. ഇസ്രയേല്‍ രാഷ്ട്രത്തിന്റെ അഗാധമായ നന്ദി നിങ്ങള്‍ക്കുണ്ട്...'' ഹെര്‍സോഗ് എക്‌സില്‍ കുറിച്ചു.
സംഭവത്തില്‍ ക്യാപ്റ്റന്‍ മച്ചാറിന്റെ ഇടപെടലിന് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിച്ചുവരുന്നതിനിടെയാണ് ഹെര്‍സോഗിന്റെ പ്രതികരണം. വിമാനത്തിനുള്ളില്‍ ആക്രമിക്കപ്പെട്ട് ഗുരുതരമായി പരിക്കേറ്റെങ്കിലും ക്യാപ്റ്റന്‍ മച്ചാര്‍ യാത്രക്കാരെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിനായി നിര്‍ണായക നടപടികള്‍ തുടര്‍ന്നു. തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ഫ്‌ലൈദുബായ് എഫ് .ഇസഡ് 1073 വിമാനത്തിനുള്ളില്‍ അസാധാരണമായ ധീരത പ്രകടിപ്പിച്ച നാല് ഇസ്രയേലി പൗരന്മാരായ യാനിവ് ഹയൂണ്‍, ഡോ. ഷോട്ട മുസായേവ്, സ്വിക്ക മാനെസ്, അസഫ് റജുവാന്‍ എന്നിവര്‍ക്ക് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് ഫോര്‍ സിവിലിയന്‍ ഹീറോയിസം നല്‍കണമെന്ന് പ്രസിഡന്റ് ഹെര്‍സോഗ് ശുപാര്‍ശ ചെയ്തു.
ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ കുടുംബത്തെ യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ ദുബായില്‍ സന്ദര്‍ശിച്ചു. ക്യാപ്റ്റന്‍ സ്മിത്തിന്റെ ചികിത്സയ്ക്കും ക്ഷേമത്തിനും ഇന്ത്യന്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും സഹായവും അദ്ദേഹം കുടുംബത്തിന് ഉറപ്പുനല്‍കി. സംഭവത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ കുടുംബത്തെ സന്ദര്‍ശിച്ച അംബാസഡര്‍, അദ്ദേഹത്തിന്റെ ക്ഷേമത്തിനും ആരോഗ്യപരിപാലനത്തിനുമായി ഇന്ത്യാ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും സഹായവും ഉറപ്പുനല്‍കിയതായി മന്ത്രാലയം വ്യക്തമാക്കി.
ബുധനാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം. വിമാനത്തിനുള്ളില്‍ മറ്റൊരു പൈലറ്റ് ക്യാപ്റ്റന്‍ മച്ചാറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കാന്‍ തുടങ്ങി. ഗുരുതരമായി പരിക്കേറ്റിട്ടും ആക്രമിയെ നേരിടാന്‍ ക്യാപ്റ്റന്‍ സ്മിത് ധൈര്യത്തോടെ ശ്രമിക്കുകയും കോക്പിറ്റ് വാതില്‍ തുറക്കുകയും ചെയ്തു. തുടര്‍ന്ന് യാത്രക്കാര്‍ കോക്പിറ്റിലേക്ക് ഇരച്ചുകയറി ആക്രമിയെ കീഴടക്കുകയായിരുന്നു. ആക്രമിയെ കീഴടക്കിയ ശേഷം ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റന്‍ സ്മിത്തിന് വിമാനത്തിനുള്ളില്‍ തന്നെ അടിയന്തര ശുശ്രൂഷ നല്‍കി. തുടര്‍ന്ന് വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യുന്നതുവരെ അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.
ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഇ. വിഷ്ണു വര്‍ധന്‍ റെഡ്ഡിയും അംബാസഡറോടൊപ്പം കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. ക്യാപ്റ്റന്‍ സ്മിത്തിന്റെ ആരോഗ്യനിലയും ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും കുടുംബത്തെ ധരിപ്പിച്ച അധികൃതര്‍, യു.എ.ഇ അധികൃതരുമായി ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു. ക്യാപ്റ്റന്‍ സ്മിത്ത് കാഴ്ചവച്ച അസാധാരണമായ ധൈര്യം, സമയോചിതമായ ഇടപെടല്‍, വിലപ്പെട്ട മനുഷ്യജീവനുകള്‍ രക്ഷിക്കാനുള്ള നിസ്വാര്‍ത്ഥ ശ്രമം എന്നിവയെയും ഇന്ത്യന്‍ മിഷന്‍ അഭിനന്ദിച്ചു.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ക്യാപ്റ്റന്‍ സ്മിത്തിന്റെ കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. നൂറുകണക്കിന് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ക്യാപ്റ്റന്‍ സ്മിത്തിന്റെ ധീരതയെ പ്രധാനമന്ത്രി അഭിനന്ദിച്ചതായാണ് വിവരം. സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ തബുക്ക് നഗരത്തിലെ ആശുപത്രിയിലാണ് നിലവില്‍ ക്യാപ്റ്റന്‍ സ്മിത്ത് ചികിത്സയില്‍ കഴിയുന്നത്. അദ്ദേഹത്തിന് ആവശ്യമായ എല്ലാ വൈദ്യസഹായവും ലഭ്യമാക്കുന്നതിനായി ഇന്ത്യന്‍ എംബസിയും ബന്ധപ്പെട്ട അധികൃതരും സാധ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി കുടുംബത്തെ അറിയിച്ചു.
അതേസമയം, സംഭവത്തില്‍ പ്രതികരിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പുറത്തുവന്ന വിവരങ്ങള്‍ യഥാര്‍ഥമാണോയെന്ന് തനിക്ക് അറിയില്ലെന്ന് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചില അവകാശവാദങ്ങളിലും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഇസ്രയേല്‍, ഇറാന്‍ എന്നിവരെയും വിശാലമായ മിഡില്‍ ഈസ്റ്റ് മേഖലയെയും ചുറ്റിപ്പറ്റിയുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. മേഖലയിലെ വ്യോമയാന സുരക്ഷാ പ്രശ്‌നങ്ങളും വിവിധ സുരക്ഷാ ഭീഷണികളും സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുമോയെന്ന ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
ഫ്‌ലൈദുബായ് വിമാനത്തില്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചും സംഭവത്തിന് ഇസ്രയേല്‍ഇറാന്‍ സംഘര്‍ഷവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നതിനെക്കുറിച്ചും വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ട്രംപ് പരസ്യമായി സ്വീകരിച്ചത്.
സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെ വസ്തുതകള്‍ വ്യക്തമാകേണ്ടതുണ്ടെന്നും, പുറത്തുവന്ന അവകാശവാദങ്ങളെ അതേപടി വിശ്വസിക്കാനാകില്ലെന്നുമുള്ള സൂചനയാണ് ട്രംപിന്റെ പ്രതികരണം നല്‍കുന്നത്. ഇതോടെ ഫ്‌ളൈദുബായ് വിമാനത്തിന് സംഭവിച്ചതെന്ത്, അത് മേഖലയില്‍ തുടരുന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടതാണോ തുടങ്ങിയ ചോദ്യങ്ങള്‍ വീണ്ടും സജീവമായിരിക്കുകയാണ്.