Image

ഫിലാഡൽഫിയ സീറോമലബാർ പള്ളിയിൽ കുട്ടികളുടെ വിശ്വാസപരിശീലനത്തിനു വർണാഭമായ തുടക്കം

ജോസ് മാളേയ്ക്കൽ Published on 30 September, 2026
ഫിലാഡൽഫിയ സീറോമലബാർ പള്ളിയിൽ കുട്ടികളുടെ വിശ്വാസപരിശീലനത്തിനു വർണാഭമായ തുടക്കം

 ഫിലാഡൽഫിയ: സെന്റ് തോമസ് സീറോമലബാർ ദേവാലയത്തിലെ 'ദൈവത്തിന്റെ സ്വന്തം ഫൊറോനാ കുഞ്ഞുങ്ങളുടെ' വിശ്വാസപരിശീലനക്ലാസുകൾക്കു സെപ്റ്റംബർ 13 ഞായറാഴ്ച്ച തുടക്കമായി. 2026-2027 അദ്ധ്യനവർഷക്ലാസുകൾ ദിവ്യബലിക്കുശേഷം ഇടവക വികാരി റവ. ഡോ. ജോർജ് ദാനവേലിൽ തിരിതെളിച്ച് ഉൽഘാടനം ചെയ്തു.   ദിവ്യബലിമധ്യേ 225 ൽ പരം മതബോധനവിദ്യാർത്ഥികളെയും, അഞ്ചു സി. എം. സി. സിസ്റ്റേഴ്‌സ് ഉൾപ്പെടെ 45 അധ്യാപകരെയും പുതിയ അധ്യയന വർഷത്തേക്ക് റവ. ഡോ. ജോർജ് ദാനവേലിൽ സ്വാഗതം ചെയ്തു. അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേക പ്രാർത്ഥനകൾ അർപ്പിച്ച് പുതിയ അധ്യയനവർഷം മംഗളകരമാകാൻ ആശംസകൾ നേർന്നു. 

പ്രീകെ മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് എല്ലാ ഞായറാഴ്ച്ചകളിലും രാവിലെ 10 മണിക്ക് ഇംഗ്ലീഷിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിക്കുശേഷം ഒരുമണിക്കൂർ വിശ്വാസപരിശീലനം നൽകിവരുന്നു.   കുട്ടികളിൽ കുരുന്നുപ്രായത്തിൽതന്നെ ക്രൈസ്‌തവവിശ്വാസവും, ബൈബിൾ അധിഷ്ഠിതമായ കൂദാശാധിഷ്ഠിതജീവിതവും, സഭാപഠനങ്ങളും, മാനുഷികമൂല്യങ്ങളും, പ്രകൃതിസ്നേഹവും, സഹജീവിയോടുള്ള കരുണയും, പങ്കുവക്കലിന്റെ പ്രാധാന്യവും വിശ്വാസപരിശീലനക്ലാസുകളിലൂടെയും, വിശുദ്ധരുടെ തിരുനാളുകൾ പോലെയുള്ള ആഘോഷങ്ങളിലൂടെയും നൽകേണ്ടത് ഭാവിയിൽ നല്ല പൗരന്മാരാകാൻ അവരെ സഹായിക്കും.  

 സ്‌‌കൂൾ പ്രിൻസിപ്പാൾ ലീനാ ജോസഫ്, വൈസ് പ്രിൻസിപ്പാൾ ജോസ് മാളേയ്ക്കൽ, മുൻ പ്രിൻസിപ്പാൾ ജേക്കബ് ചാക്കോ, കൈക്കാരന്മാരായ സിബിച്ചൻ ചെമ്പ്ളായിൽ, കുരുവിള ജയിംസ്, ജിതിൻ കരുമത്തി, റോഷിൻ പ്ലാമൂട്ടിൽ, ജോബി കൊച്ചുമുട്ടം, സ്‌കൂൾ രജിസ്ട്രാർ ടോം പാറ്റാനിയിൽ, മതാധ്യാപകർ എന്നിവരും ഉത്ഘാടനചടങ്ങിൽ പങ്കെടുത്തു.   

ഇടവകകൂട്ടായ്മക്കൊപ്പം ലളിതമായ ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിൽ അവതരണശൈലിയിലും, പ്രതിപാദനരീതിയിലും, ഭാഷാശൈലിയിലും അമേരിക്കൻ നിലവാരത്തിലേക്കു് നവീകരിച്ച പാഠപുസ്‌തകങ്ങളാവും പഠിപ്പിക്കുന്നത്. വിശാസപരിശീലനം എന്നത് ദൈവവുമായുള്ള വ്യക്തിപരമായ ഒരു ബന്ധത്തിലേക്ക് കുട്ടികളെ നയിക്കലാണ്. രൂപതയുടെ വിശാസപരിശീലന ശുശ്രൂഷയിൽ ഏർപ്പെട്ടിട്ടുള്ള അദ്ധ്യാപകരും, അനദ്ധ്യാപകരും സഭയുടെ വലിയൊരു സമ്പത്താണ്. തങ്ങളുടെ സമയവും, കഴിവുകളും പ്രതിഫലേച്ഛകൂടാതെ ദൈവവേലക്കായി സമർപ്പിക്കുന്ന അവർ ക്രിസ്തുവിന്റെ സാക്ഷികളാണ്. സ്വന്തം ജീവിതമാതൃകകൊണ്ട് കുട്ടികൾക്ക് വഴികാട്ടികളാകുന്ന ഈ ദൈവവിളിയെ സഭ നന്ദിയോടെ സ്മ‌രിക്കുന്നു.  

 വിശാസപരിശീലനം ഞായറാഴ്ച്ചകളിലെ ഏതാനും മണിക്കൂറുകളിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല. കൊച്ചുകുട്ടികളെ സംബന്ധിച്ച് അവരുടെ മാതാപിതാക്കളാണു പ്രാഥമിക അദ്ധ്യാപകർ. ഗാർഹികസഭ എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്വന്തം ഭവനം ആദ്യത്തെ ക്ലാസ്‌മുറിയും. മാതാപിതാക്കൾ ജീവിക്കുന്ന വിശ്വാസസാക്ഷ്യമാണു മക്കൾ കണ്ടു പഠിക്കുന്നത്. മാതാപിതാക്കളുടെ പ്രർത്ഥനാജീവിതവും, പരസ്പര സ്നേഹവും കണ്ടുവളരുന്ന കുട്ടികളിൽ വിശ്വാസം സ്വാഭാവികമായിത്തന്നെ ആഴപ്പെടും. 

  സ്വന്തം ഭവനത്തിൽ ലഭിക്കുന്ന വിശ്വാസപരിശീലനത്തിന്റെ തുടർച്ചയായാണു മതബോധനസ്‌കൂളുകൾ പ്രവർത്തിക്കുന്നത്. വീട്ടിൽ മാതാപിതാക്കളിൽനിന്നും, സഹോദരങ്ങളിൽ നിന്നും ലഭിക്കുന്ന പ്രാർത്ഥനാചൈതന്യത്തെയും, വിശ്വാസതീക്ഷ്ണതയെയും അരക്കിട്ടുറപ്പിക്കുക മാത്രമേ ആഴ്ച്ചയിലൊരിക്കൽ മാത്രമുള്ള സി.സി.ഡി ക്ലാസുകളും, വർഷത്തിലൊരിക്കൽ നടത്തുന്ന വെക്കേഷൻ ബൈബിൾ സ്കൂ‌ളും മറ്റും ചെയ്യുന്നുള്ളു.   "നമ്മുടെ ജീവിതം തന്നെയാണു ഏറ്റവും ശക്തമായ പാഠപുസ്‌തകം". ഇടവക സമൂഹം ഈ പ്രക്രിയക്ക് കരുത്തും, തണലുമേകണം. ഒരു കുട്ടി ക്രിസ്‌തുവിൽ വളരുന്നത് ആ ഇടവകയുടെ ആത്മീയ ചൈതന്യത്തിൻ്റെ പ്രതിഫലനമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക