Image

ബെത്‌ലഹേമിലെ വിജയക്കാഴ്ചകൾ; മമിതയുടെ ‘രാശി’യും (ബിനു ചിലമ്പത്ത്, സൗത്ത് ഫ്ലോറിഡ)

Published on 30 September, 2026
ബെത്‌ലഹേമിലെ വിജയക്കാഴ്ചകൾ; മമിതയുടെ ‘രാശി’യും (ബിനു ചിലമ്പത്ത്, സൗത്ത് ഫ്ലോറിഡ)

ഒരു സിനിമയുടെ വിജയം ചിലപ്പോൾ അതിന്റെ കഥയേക്കാൾ വലിയൊരു കഥയായി മാറും. തിയറ്ററിലെ ആദ്യദിന പ്രതികരണങ്ങളിൽ നിന്ന് തുടങ്ങുന്ന ആ കഥ, ദിവസങ്ങൾ പിന്നിടുമ്പോൾ പ്രേക്ഷകരുടെ സംസാരത്തിലേക്കും സോഷ്യൽ മീഡിയ ചർച്ചകളിലേക്കും ഒടുവിൽ ബോക്സ് ഓഫീസിലെ കണക്കുകളിലേക്കുമെത്തും. അത്തരത്തിൽ റിലീസിന് ശേഷവും തുടർച്ചയായി ചർച്ച ചെയ്യപ്പെടുന്ന ചിത്രമായി മാറുകയാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. ഈയിടെ കണ്ട രസകരമായ ഒരു കുടുംബ ചിത്രം. വലിയ തിരക്കുള്ള അമേരിക്കൻ ജീവിതത്തിനിടയിൽ ഇടയ്ക്ക് ഇങ്ങനെ വീണു കിട്ടുന്ന സിനിമകൾ തെല്ലൊന്നുമല്ല സന്തോഷം നൽകുന്നത്.

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം നിവിൻ പോളിയെയും മമിത ബൈജുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ബേതലഹേം കുടുംബ യൂണിറ്റ്  ഒരു കുടുംബത്തിന്റെയും അതിനുള്ളിലെ ബന്ധങ്ങളുടെയും പ്രണയത്തിന്റെയും നർമ്മത്തിന്റെയും ചെറിയ പിണക്കങ്ങളുടെയും സന്തോഷങ്ങളുടെയും ലോകമാണ് തുറന്നിടുന്നത്. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ പ്രേക്ഷകർക്ക് പരിചിതമെന്ന് തോന്നുന്ന ജീവിതസന്ദർഭങ്ങളിലൂടെ മുന്നോട്ടുപോകുന്ന സിനിമ തന്നെയാണ് അതിന്റെ വലിയ ആകർഷണമായി മാറിയത്. കഥാപാത്രങ്ങൾക്കൊപ്പം ചിരിക്കുകയും അവരുടെ വൈകാരിക നിമിഷങ്ങളിൽ ഒപ്പം നിൽക്കുകയും ചെയ്യുന്ന തരത്തിൽ പ്രേക്ഷകരെ സിനിമയ്ക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ചിത്രത്തിന് കഴിഞ്ഞു.
മുപ്പതുകൾ കഴിഞ്ഞ നായകനും പതിനെട്ടിലെത്തിയ നായികയേയും കാണുമ്പോൾ ഓർമ്മ വരുന്ന ചില നിമിഷങ്ങൾ ഉണ്ട്. പണ്ട് പള്ളിയിലൊക്കെ ആക്ടീവായി ഓടി നടന്ന ചെറുപ്പക്കാരെ ആരാധനയോടെയും പ്രണയത്തോടെയും നോക്കി നടന്ന കൗമാരക്കാരികൾ . അവരുടെ സ്നേഹ സംസാരങ്ങൾ , പാരകൾ വെച്ചും കളിയാക്കിയും നടന്ന കൂട്ടുകാർ ഒക്കെ മനസ്സിൽ ഓടിയെത്തിയ നിമിഷങ്ങൾ കൂടിയായിരുന്നു ഈ സിനിമ . നിവിൻ പോളി തകർത്താടിയ സിനിമ . ഒരു കഥാപാത്രം ഒരു നടനിൽ എങ്ങനെ ഭദ്രമാകുന്നുവെന്ന് അദ്ദേഹം കാണിച്ചു തന്നു. ഒപ്പം വില്ലൻ വേഷത്തിൽ നിന്ന് പക്കാ കോമഡി കാരക്ടറിലേക്ക് വന്ന സുരേഷ് കൃഷ്ണയും കൂട്ടുകാരും ബാങ്ക് ഉദ്യോഗസ്ഥനായി വന്ന വിനയ് ഫോർട്ടുമെല്ലാം നമ്മെ നന്നായി ചിരിപ്പിക്കുന്നു. അത്രത്തോളം നല്ല ഒരു സിനിമ . അതാണ് ബേതലഹേം കുടുംബ യൂണിറ്റ്.

ഈ ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് പറയുമ്പോൾ നായിക മമിത ബൈജുവിനെ മാറ്റിനിർത്താനാകില്ല. ആഷ്‌ലിയായി മമിത എത്തുമ്പോൾ, മുൻ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ നിഴൽ അവിടെ കാണാനാകില്ല. കഥാപാത്രത്തിന്റെ സ്വഭാവത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ച് സ്വാഭാവികമായ പ്രകടനം നൽകുകയാണ് മമിത ചെയ്യുന്നത്. വളരെ വലിയ അഭിനയപ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നതിനേക്കാൾ കഥാപാത്രത്തെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്ന രീതിയാണ് മമിതയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ ആഷ്‌ലി എന്ന കഥാപാത്രവും പ്രേക്ഷകർക്ക് പെട്ടെന്ന് പരിചിതമായ ഒരാളായി മാറുന്നു.

മമിതയെക്കുറിച്ച് അടുത്ത കാലത്ത് സിനിമാപ്രേക്ഷകർക്കിടയിൽ തമാശയായും സ്നേഹത്തോടെയും കേൾക്കുന്ന ഒരു വിശേഷണമുണ്ട് — ‘രാശിയുള്ള നടി’. തുടർച്ചയായി വിജയചിത്രങ്ങളുടെ ഭാഗമാകുമ്പോൾ ഒരു താരത്തെ ചുറ്റിപ്പറ്റി ഇത്തരം വിശേഷണങ്ങൾ സ്വാഭാവികമായി രൂപപ്പെടാറുണ്ട്. മമിതയുടെ കാര്യത്തിലും അതുതന്നെയാണ് സംഭവിക്കുന്നത്. എന്നാൽ ഒരു സിനിമ വിജയിക്കുമ്പോഴൊക്കെ അതിന്റെ ഭാഗമായ ഒരു നടിയെ ‘രാശി’യിലേക്ക് മാത്രം ചുരുക്കുന്നത് ശരിയാണെന്ന് തോന്നുന്ന തോന്നുന്നില്ല.കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയും സംവിധായകരുമായുള്ള കൂട്ടുകെട്ടുകളും അഭിനയത്തിലെ സ്വാഭാവികതയും പ്രേക്ഷകരുമായുള്ള അടുപ്പവുമെല്ലാം ആ യാത്രയുടെ ഭാഗമാണ്.

മമിതയുടെ കരിയറിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം കഥാപാത്രങ്ങളുടെ വൈവിധ്യമാണ്. ഒരേ തരത്തിലുള്ള കഥാപാത്രത്തിൽ കുടുങ്ങിക്കിടക്കാതെ വ്യത്യസ്തമായ സ്വഭാവങ്ങളുള്ള കഥാപാത്രങ്ങളിലേക്ക് മാറാൻ അവർ ശ്രമിക്കുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളിലൊന്നാണ് ആഷ്‌ലി. പ്രേക്ഷകർക്ക് മമിതയെ ഇഷ്ടപ്പെടാനുള്ള കാരണങ്ങളിൽ അഭിനയത്തിലെ ഈ സ്വാഭാവികതയ്ക്കും വലിയ പങ്കുണ്ട്.

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ നേടിയ സ്വീകാര്യത അതുകൊണ്ടുതന്നെ ഒരു സിനിമയുടെ മാത്രം വിജയം എന്നതിനപ്പുറം പല തലങ്ങളിൽ വായിക്കാം. ഗിരീഷ് എ.ഡിയുടെ സംവിധാനശൈലിയും, അഭിനേതാക്കളുടെ പ്രകടനങ്ങളും, കുടുംബബന്ധങ്ങളെയും പ്രണയത്തെയും നർമത്തെയും ഒരുമിച്ച് കൈകാര്യം ചെയ്ത തിരക്കഥയും ചേർന്നാണ് ചിത്രത്തിന് പ്രേക്ഷകസ്വീകാര്യത ലഭിച്ചത്. അതിൽ മമിതയുടെ സാന്നിധ്യവും ശ്രദ്ധേയമായ ഒരു ഘടകമായി മാറി.

ഒടുവിൽ, മമിത ‘രാശിയുള്ള നടിയാണോ’ എന്ന ചോദ്യം പ്രേക്ഷകർക്ക് അവരുടെ ഇഷ്ടം പോലെ ചർച്ച ചെയ്യാം. പക്ഷേ ഓരോ വിജയത്തിനും പിന്നിൽ ഒരു കഥാപാത്രമുണ്ട്, അതിനെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ഒരു അഭിനേതാവുണ്ട്. ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ മമിതയുടെ യാത്രയിലെ മറ്റൊരു വിജയചുവടായി മാറുമ്പോൾ, ‘രാശി’ എന്ന വിശേഷണത്തിനhപ്പുറം സ്വന്തം അഭിനയത്തിലൂടെ ഒരു സ്ഥാനം ഉറപ്പിക്കാനുള്ള യാത്രയിലാണ് മമിത ബൈജു. ഒരേ സമയം തമിഴ്ലും മലയാളത്തിലും ഒന്നിലധികം സിനിമകൾ ചെയ്ത് സൂപ്പർ താരങ്ങളുടെ സൂപ്പർ നായികയായി മമിത മാറുമ്പോൾ മലയാളികളുടെ അഭിമാനം തന്നെ ഉയരുകയാണ്. മമിത അഭിനയിച്ച സിനിമകൾ ഒന്നും തന്നെ പരാജയപ്പെട്ടിട്ടില്ല എന്നത് ആ നടിയുടെ ഒരു ഭാഗമായി തന്നെയാണ് ഇന്ന് സിനിമാ ലോകം കാണുന്നത്. നല്ല സിനിമകൾ തുടരട്ടെ, നല്ല താരങ്ങളും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക