Image

പാക് വ്യോമപാത ഒഴിവാക്കി ചൈനയിലെ ഷിന്‍ജിയാങ് വഴി യൂറോപ്പിലേക്ക് ഇന്ത്യ; ഹോട്ടന്‍ റൂട്ടില്‍ ചര്‍ച്ച തുടരുന്നു (എ.എസ് ശ്രീകുമാര്‍)

Published on 30 September, 2026
പാക് വ്യോമപാത ഒഴിവാക്കി ചൈനയിലെ ഷിന്‍ജിയാങ് വഴി യൂറോപ്പിലേക്ക് ഇന്ത്യ; ഹോട്ടന്‍ റൂട്ടില്‍ ചര്‍ച്ച തുടരുന്നു (എ.എസ് ശ്രീകുമാര്‍)

പാകിസ്ഥാന്‍ വ്യോമപാത ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ 17 മാസമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന അധിക യാത്രാസമയവും ചെലവും കുറയ്ക്കുന്നതിനായി ചൈനയിലെ ഷിന്‍ജിയാങ് മേഖലയിലൂടെ പുതിയ ബദല്‍ വ്യോമപാത പരിഗണിക്കുന്നതായി സിവില്‍ ഏവിയേഷന്‍ മന്ത്രി കെ. രാം മോഹന്‍ നായിഡു അറിയിച്ചു. ഷിന്‍ജിയാങിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ഹോട്ടന്‍ വഴി ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് പറക്കുന്നതിനുള്ള ബദല്‍ വ്യോമപാത ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

''മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ ഞങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഹോട്ടന്‍ റൂട്ടുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. നമ്മുടെ വിദേശകാര്യ മന്ത്രാലയം ചൈനീസ് അധികൃതരുമായി ചര്‍ച്ച നടത്തുന്നുണ്ട്. കാര്യങ്ങള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കാം. എന്നാല്‍ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍...'' നായിഡു പറഞ്ഞു. ബദല്‍ വ്യോമപാതകള്‍ ഉപയോഗിക്കുന്നതിന്റെ സാധ്യത സംബന്ധിച്ച് ഇന്ത്യയും ചൈനയും ഏകദേശം ഒരു വര്‍ഷമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ചൈനീസ് അധികൃതരുമായി ബന്ധപ്പെട്ട് നിര്‍ദേശത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

നിര്‍ദേശിക്കപ്പെടുന്ന റൂട്ടില്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഷിന്‍ജിയാങ് മേഖലയിലെ ചൈനീസ് വ്യോമപാത ഉപയോഗിക്കാനും ഹോട്ടന്‍ മേഖലയിലൂടെ ഒരു പ്രത്യേക വ്യോമ ഇടനാഴി ലഭ്യമാക്കാനും സാധ്യതയുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് ഈ റൂട്ട് ഉപയോഗിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ റൂട്ടിന്റെ അന്തിമ രൂപം സംബന്ധിച്ചോ ചൈനയുടെ ഔദ്യോഗിക അനുമതി സംബന്ധിച്ചോ ഇതുവരെ ധാരണയായിട്ടില്ല. ഇന്ത്യയും ചൈനയും തമ്മിലുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. പാകിസ്ഥാന്‍ വ്യോമപാത ഒഴിവാക്കേണ്ടിവരുന്നതിനാല്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളില്‍ കൂടുതല്‍ ദൂരം പറക്കേണ്ട സാഹചര്യമാണുള്ളത്. ഇതുമൂലം ഇന്ധനച്ചെലവും യാത്രാസമയവും പ്രവര്‍ത്തനച്ചെലവും വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഹോട്ടന്‍ ഉള്‍പ്പെടെയുള്ള ബദല്‍ വ്യോമപാതകള്‍ ഇന്ത്യ പരിശോധിക്കുന്നത്.

2025 ഏപ്രിലിന് ശേഷം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ വ്യോമപാത ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യം തുടരുകയാണ്. ഏറ്റവും ഒടുവില്‍ പാകിസ്ഥാന്‍ നിയന്ത്രണം 2026 ഒക്ടോബര്‍ 24 വരെ നീട്ടിയിട്ടുണ്ട്. ഇന്ത്യന്‍ രജിസ്‌ട്രേഷനുള്ള വിമാനങ്ങള്‍ക്കും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നടത്തുന്ന/ഉടമസ്ഥതയിലുള്ള/ലീസിനെടുത്ത വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാണ്. ഇതിന്റെ ഫലമായി ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് യൂറോപ്പ് ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്ന വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ ഒഴിവാക്കി കൂടുതല്‍ തെക്കോട്ട് തിരിഞ്ഞുള്ള പാത സ്വീകരിക്കേണ്ടിവരുന്നു. ഒരു രാജ്യത്തിന്റെ വ്യോമപാത ഒഴിവാക്കുന്നത് ഭൂപടത്തിലെ ചെറിയൊരു വളവ് മാത്രമല്ലവിമാനക്കമ്പനിയുടെ മുഴുവന്‍ സാമ്പത്തിക കണക്കുകൂട്ടലിനെയും ബാധിക്കുന്ന കാര്യമാണ്.

കൂടുതല്‍ ദൂരം എന്നത് കൂടുതല്‍ ഇന്ധനം,  കൂടുതല്‍ പറക്കല്‍ സമയം, കൂടുതല്‍ ക്രൂ ഡ്യൂട്ടി സമയം, വിമാനത്തിന്റെ ഉപയോഗച്ചെലവില്‍ വര്‍ധന, പരിപാലനച്ചെലവിലെ വര്‍ധന, ചില സര്‍വീസുകളുടെ ഷെഡ്യൂളില്‍ മാറ്റം, എന്നിവയെല്ലാം അര്‍ഥമാക്കുന്നു. പ്രത്യേകിച്ച് ദീര്‍ഘദൂര സര്‍വീസുകളില്‍ ഈ അധിക ചെലവ് ഗണ്യമാണ്. പാകിസ്ഥാന്‍ വ്യോമപാത അടച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന ഈ ചെലവ് സമ്മര്‍ദമാണ് ബദല്‍പാതകള്‍ തേടാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.

ചൈനയിലെ ഷിന്‍ജിയാങ് ഉയ്ഗൂര്‍ സ്വയംഭരണ മേഖലയിലെ തെക്കുപടിഞ്ഞാറന്‍ നഗരമാണ് ഹോട്ടന്‍. ഇന്ത്യയുടെ വടക്കന്‍ വ്യോമപരിധിയില്‍ നിന്ന് മധ്യേഷ്യയിലേക്കും അതുവഴി യൂറോപ്പിലേക്കും പോകുന്ന വിമാനങ്ങള്‍ക്ക് ഭൂമിശാസ്ത്രപരമായി മറ്റൊരു സാധ്യത സൃഷ്ടിക്കുന്ന മേഖലയാണിത്. നിലവിലെ തെക്കന്‍ വളവ് ഒഴിവാക്കി വടക്കുഭാഗത്തേക്ക് നീങ്ങി ചൈനീസ് വ്യോമപരിധി ഉപയോഗിക്കാനായാല്‍ പടിഞ്ഞാറോട്ടുള്ള ചില സര്‍വീസുകളില്‍ ദൂരം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. എന്നാല്‍ എത്ര കിലോമീറ്ററും എത്ര മണിക്കൂറും യഥാര്‍ഥത്തില്‍ ലാഭിക്കാനാകുമെന്ന് ഇപ്പോള്‍ കൃത്യമായി പറയാനാവില്ല. അത് ചൈന അനുവദിക്കുന്ന അന്തിമ വ്യോമപാതയെയും വിമാന സര്‍വീസുകളുടെ സ്വഭാവത്തെയും ആശ്രയിച്ചിരിക്കും.

ഹാട്ടന്‍ റൂട്ട് സാധാരണ യാത്രക്കാരുടെ ഒരു പുതിയ 'ഷോര്‍ട്ട്കട്ട്' എന്നതിലുപരി, ഇന്ത്യയുടെ അന്താരാഷ്ട്ര വ്യോമയാന തന്ത്രത്തിലെ ഒരു പുതിയ ഓപ്ഷന്‍ എന്ന നിലയിലാണ് കാണേണ്ടത്. പാകിസ്ഥാന്‍ വ്യോമപാതയുടെ വിലക്ക് എത്രകാലം തുടരുമെന്ന് ഇന്ത്യയ്ക്ക് ഉറപ്പില്ല. സെപ്റ്റംബര്‍ 2026-ലും നിയന്ത്രണം വീണ്ടും നീട്ടിയതോടെ അനിശ്ചിതത്വം തുടരുകയാണ്. അതിനാല്‍ ഒരു താല്‍ക്കാലിക പ്രതിസന്ധിയെ നേരിടാന്‍ മാത്രമല്ല, ഭാവിയിലും ഉപയോഗിക്കാവുന്ന ഒന്നിലധികം വ്യോമപാതകള്‍ സ്വന്തമാക്കുക എന്ന തന്ത്രപരമായ ചിന്തയും ഇതിനു പിന്നിലുണ്ടാകാം.

ഒരു രാജ്യത്തിന്റെ വ്യോമപരിധിയെ ആശ്രയിച്ച് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്നത് എത്രത്തോളം അപകടസാധ്യതയുള്ളതാണെന്ന് കഴിഞ്ഞ 17 മാസം ഇന്ത്യ അനുഭവിച്ചുകഴിഞ്ഞു. അതിനാല്‍ ഹോട്ടന്‍ വിജയിച്ചാല്‍ അതിന്റെ പ്രാധാന്യം പാകിസ്ഥാന്‍ റൂട്ടിന് പകരം ഒരു റൂട്ട് ലഭിക്കുന്നു എന്നതില്‍ മാത്രം ഒതുങ്ങില്ല. ഒരൊറ്റ രാജ്യത്തിന്റെ വ്യോമപാതയെ ആശ്രയിക്കുന്നതില്‍ നിന്ന് കൂടുതല്‍ വൈവിധ്യമാര്‍ന്ന വ്യോമയാന ശൃംഖലയിലേക്ക് മാറാനുള്ള ശ്രമമായും അതിനെ കാണാം. എന്നാല്‍ ചൈനീസ് വ്യോമപാത എളുപ്പത്തില്‍ ലഭിക്കുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം. ഹോട്ടന്‍ റൂട്ട് ഭൂപടത്തില്‍ ആകര്‍ഷകമായി തോന്നിയാലും അതിനെ കൊമേഴ്‌സ്യല്‍ വിമാന റൂട്ടാക്കി മാറ്റാന്‍ ചൈനയുടെ ഔദ്യോഗിക അനുമതി ആവശ്യമാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യോമയാന അധികാരികള്‍ക്കിടയില്‍ സാങ്കേതിക ധാരണകള്‍ ഉണ്ടാകേണ്ടതുണ്ട്.

ഹോട്ടന്‍ ഉള്‍പ്പെടുന്ന ഷിന്‍ജിയാങ് മേഖലയും ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപമുള്ള പ്രദേശങ്ങളും സാധാരണ സിവില്‍ ഏവിയേഷന്‍ മേഖലയായി മാത്രം കാണാന്‍ കഴിയില്ല. സുരക്ഷാ-തന്ത്രപ്രധാനമായ പരിഗണനകള്‍ ഇവിടെ നിര്‍ണായകമാണ്. ഉയര്‍ന്ന മലനിരകള്‍ക്കു മുകളിലൂടെ വിമാനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ അടിയന്തര സാഹചര്യങ്ങളില്‍ വിമാനത്താവളങ്ങളിലേക്കുള്ള വഴിതിരിച്ചുവിടല്‍, സുരക്ഷിതമായ ഉയരം, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങള്‍ വിശദമായി വിലയിരുത്തേണ്ടിവരും. ചൈനീസ് വ്യോമപരിധിയിലൂടെ ഇന്ത്യന്‍ വാണിജ്യവിമാനങ്ങള്‍ക്ക് സ്ഥിരമായി കടന്നുപോകാനുള്ള അനുമതി ലഭിക്കുക എന്നത് സാങ്കേതിക വിഷയമാത്രമല്ല. അതില്‍ നയതന്ത്രപരമായ പരിഗണനകളും ഉണ്ടാകും.

2020-ന് ശേഷം ഇന്ത്യ-ചൈന ബന്ധം വലിയ പ്രതിസന്ധിയിലായിരുന്നു. നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പോലും ദീര്‍ഘകാലം നിലച്ചിരുന്നു. എന്നാല്‍ 2025 ഒക്ടോബറില്‍ ഇരു രാജ്യങ്ങളും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചു. ഇന്ത്യ-ചൈന വ്യോമബന്ധം പുനഃസ്ഥാപിച്ചതിന് പിന്നാലെ എയര്‍ ഇന്ത്യയും ചൈനീസ് നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്ന നടപടികള്‍ പ്രഖ്യാപിച്ചു. ഡല്‍ഹി-ഷാങ്ഹായ് സര്‍വീസ് 2026 ഫെബ്രുവരി മുതല്‍ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഹോട്ടന്‍ ചര്‍ച്ചയെ ഇന്ത്യ-ചൈന ബന്ധത്തില്‍ വ്യോമയാന മേഖലയിലെ സഹകരണത്തിന്റെ അടുത്ത ഘട്ടം എന്ന നിലയിലും വായിക്കാം.

ഹോട്ടന്‍ ചര്‍ച്ച വിജയിച്ചാല്‍, അത് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏതാനും മണിക്കൂറുകളുടെ യാത്ര ലാഭിക്കുന്നതിലപ്പുറം ഇന്ത്യയുടെ പടിഞ്ഞാറോട്ടുള്ള വ്യോമയാന ശൃംഖലയില്‍ ഒരു പുതിയ വാതില്‍ തുറക്കുന്നതായിരിക്കും. എന്നാല്‍ ആ വാതില്‍ തുറക്കാനുള്ള താക്കോല്‍ ഇപ്പോഴും ബെയ്ജിങ്ങിന്റെ കൈയിലാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക