Image

ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ഇടവകയുടെ 27-ാമത് മാര്‍ത്തോമ്മാ ഫെസ്റ്റ് ഒക്ടോബര്‍ 3-ന്

ആന്‍ഡ്രൂസ് അഞ്ചേരി Published on 30 September, 2026
ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ഇടവകയുടെ 27-ാമത് മാര്‍ത്തോമ്മാ ഫെസ്റ്റ് ഒക്ടോബര്‍ 3-ന്

ഡാലസ് : മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഇടവകയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 27-ാമത് മാര്‍ത്തോമ്മാ ഫെസ്റ്റ് ഒക്ടോബര്‍ 3 ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 9 വരെ മാര്‍ത്തോമാ ഇവന്റ് സെന്ററില്‍ നടക്കും. കുടുംബങ്ങള്‍ക്കും സമൂഹത്തിലെ എല്ലാവര്‍ക്കുമായി ഒരുക്കുന്ന ഫെസ്റ്റ് സാംസ്‌കാരിക ആഘോഷത്തിന്റെയും കൂട്ടായ്മയുടെയും വിനോദത്തിന്റെയും വേദിയാകും.

കലാ-സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യമേള, കുടുംബ വിനോദങ്ങള്‍, വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി വിപുലമായ പരിപാടികളാണ് ഫെസ്റ്റിനായി ഒരുക്കിയിരിക്കുന്നത്.

ആതുരസേവനവും സാമൂഹിക സേവനവും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഫെസ്റ്റില്‍നിന്നുള്ള വരുമാനം ഇടവകയുടെ വിവിധ സുവിശേഷ-സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. കരുതല്‍ (CARD - Christian Agency for Rural Development), ടിബറ്റന്‍ മിഷന്‍, പ്രാദേശിക മിഷന്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും ഫെസ്റ്റിലൂടെ പിന്തുണ നല്‍കും.

ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തില്‍ ഫാര്‍മേഴ്സ് ബ്രാഞ്ച് സിറ്റി മേയര്‍ ടെറി ലിന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഇടവക വികാരി റവ. എബ്രഹാം വി. സാംസണ്‍, സഹവികാരി റവ. ജെസ്വിന്‍ ജോണ്‍, മാര്‍ത്തോമ്മാ ഫെസ്റ്റ് കമ്മിറ്റി കണ്‍വീനര്‍മാരായ ഡൊമിനിക് ജോസഫ്, സക്കറിയ മാത്യൂ, മിഷന്‍ കോര്‍ഡിനേറ്റര്‍ സാം അലക്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ഫെസ്റ്റില്‍ വിവിധതരം ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങളും ബേക്കറി വിഭവങ്ങളും ലഭ്യമാകും. ലൈവ് സംഗീതപരിപാടികള്‍, നൃത്തം, ഗാനമേള, സ്‌കിറ്റ് തുടങ്ങിയ കലാപരിപാടികള്‍ക്കൊപ്പം കുടുംബസമേതം ആസ്വദിക്കാവുന്ന കാര്‍ണിവല്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ വിനോദ പരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും.

കൂടാതെ ഓട്ടോ മീറ്റ്, പ്രാദേശിക ഫയര്‍ ട്രക്ക് പ്രദര്‍ശനം, വിവിധ വെന്‍ഡര്‍ സ്റ്റാളുകള്‍, കമ്മ്യൂണിറ്റി ആകര്‍ഷണങ്ങള്‍ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കലയും വിനോദവും ഭക്ഷണവും കുടുംബസംഗമവും സാമൂഹിക സേവനവും ഒരുമിച്ചുചേരുന്ന മാര്‍ത്തോമ്മാ ഫെസ്റ്റ് 2026-ലേക്ക് കുടുംബസമേതം എത്തി പരിപാടികളില്‍ പങ്കുചേരാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനും സംഘാടകര്‍ എല്ലാവരെയും ക്ഷണിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക