Image

അധിക സുരക്ഷ ആവശ്യമില്ല; ഒരു അകമ്പടി വാഹനം കൂടി ഉൾപ്പെടുത്തിയതിൽ ഡിസിപിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Published on 30 September, 2026
അധിക സുരക്ഷ ആവശ്യമില്ല; ഒരു അകമ്പടി വാഹനം കൂടി ഉൾപ്പെടുത്തിയതിൽ ഡിസിപിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

അകമ്പടി വാഹനങ്ങളുടെ എണ്ണം കൂടിയതിൽ ഡിസിപിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇന്ന് രാവിലെ കവടിയാറിൽ ഒരു ചടങ്ങിനെത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് മുന്നിൽ അധികമായി ഒരു പൊലീസ് ജീപ്പ് കൂടി ഉണ്ടായിരുന്നതാണ് പ്രകോപനത്തിന് കാരണമായത്.

കാറിൽ നിന്ന് ഇറങ്ങിയ ഉടൻ മുഖ്യമന്ത്രി ഡിസിപിയോട് രോഷാകുലനായി സംസാരിക്കുകയായിരുന്നു. തന്റെ ഔദ്യോഗിക യാത്രയ്ക്കായി അധിക വാഹനങ്ങൾ വിന്യസിക്കരുതെന്ന് മുഖ്യമന്ത്രി നേരത്തെ നിർദേശം നൽകിയിരുന്നു. തനിക്ക് അധിക സുരക്ഷ വേണ്ടന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പുതന്നെ യാത്രാസുരക്ഷയുടെ കാര്യത്തിൽ തന്റെ നിലപാട് വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വാഹനവ്യൂഹവും അമിത സുരക്ഷാക്രമീകരണങ്ങളും ആവശ്യമില്ലെന്നും പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്നുമായിരുന്നു നിർദേശം.

യാത്രയ്ക്കിടെ നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് സതീശൻ ആവശ്യപ്പെട്ടിരുന്നു. എസ്കോർട്ട് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ അത് ഒഴിവാക്കാനാകില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക