
ഫീനിക്സ്, അരിസോണ: സതേൺ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റോറി ലൂം പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ‘ആരണ്യക’ അരിസോണയിലെത്തുന്നു. നൃത്തം, സംഗീതം, കഥപറച്ചിൽ, കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റ് എന്നിവ സമന്വയിപ്പിച്ച ഈ ദൃശ്യാവിഷ്കാരം 2026 ഒക്ടോബർ 24 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഗിൽബർട്ടിലെ ഹിഗ്ലി സെന്റർ ഫോർ ദി പെർഫോമിംഗ് ആർട്സിൽ അരങ്ങേറും.

സചിത ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ആരണ്യക, ഒരു കാടിന്റെയും ആ കാടിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന മനുഷ്യരുടെയും കഥ പറയുന്നു. “ അത് നീ ആകുന്നു" എന്നർഥമുള്ള “തത്ത്വമസി” എന്ന ദാർശനിക ആശയത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ കലാസൃഷ്ടി ആത്മബോധത്തിലേക്കുള്ള ഒരു യാത്രയാണ്.
മനുഷ്യന്റെ ആത്മാവും പ്രകൃതിയും ദൈവവും തമ്മിലുള്ള ആഴമേറിയ ബന്ധമാണ് ആരണ്യകയുടെ പ്രമേയം. നൃത്തം, സംഗീതം, കഥപറച്ചിൽ, കളരിപ്പയറ്റ്, ആകർഷകമായ സ്റ്റേജ് ദൃശ്യാവിഷ്കാരങ്ങൾ എന്നിവയിലൂടെ പുരാതന പാരമ്പര്യവും ആത്മീയതയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള കാലാതീതമായ ബന്ധവും വേദിയിൽ ജീവൻ പ്രാപിക്കുന്നു.

കഴിഞ്ഞ ജൂണിൽ കാലിഫോർണിയയിൽ നടന്ന ആരണ്യകയുടെ അവതരണം മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞ് ശ്രദ്ധ നേടിയിരുന്നു. അതിന്റെ വിജയത്തിനു പിന്നാലെയാണ് അണിയറപ്രവർത്തകർ അരിസോണയിലെ പ്രേക്ഷകർക്കായി ആരണ്യക എത്തിക്കുന്നത്. മാസങ്ങൾ നീണ്ട പരിശീലനത്തിന്റെയും കലാപരമായ കൂട്ടായ്മയുടെയും കലാകാരന്മാരുടെയും അണിയറപ്രവർത്തകരുടെയും സമർപ്പിത പരിശ്രമത്തിന്റെയും ഫലമാണ് ഈ അവതരണം.
ഭാഷയുടെ അതിരുകൾ മറികടന്ന് വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള പ്രേക്ഷകർക്ക് കഥ പിന്തുടരാനും ആസ്വദിക്കാനും കഴിയുന്ന രീതിയിലാണ് അവതരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദൃശ്യകഥനത്തിന് പ്രത്യേക പ്രാധാന്യം നൽകുന്ന പരിപാടിയിൽ കഥയുടെ സംക്ഷിപ്തരൂപം ഉൾപ്പെടുത്തിയ ഡിജിറ്റൽ ലഘുലേഖയും ലഭ്യമാക്കും.

ബിന്ദു സുരേഷ്, സചിത ചന്ദ്രസേനൻ, പ്രീതി പവിത്രൻ എന്നീ മൂന്ന് വനിതകൾ ചേർന്നാണ് സ്റ്റോറി ലൂം പ്രൊഡക്ഷൻസ് സ്ഥാപിച്ചത്. കഥപറച്ചിലിനും കലാപരമായ സഹകരണത്തിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുക എന്ന പൊതുവായ കാഴ്ചപ്പാടോടെയാണ് ഇവർ ഈ സംരംഭത്തിന് തുടക്കമിട്ടത്. സതേൺ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റോറി ലൂം പ്രൊഡക്ഷൻസ് ദൃശ്യസർഗാത്മകത, പെർഫോമിംഗ് ആർട്സ്, സമൂഹകേന്ദ്രിത കലാപ്രവർത്തനങ്ങൾ എന്നിവയിലൂടെ വ്യത്യസ്തമായ കഥകൾ വേദിയിലെത്തിക്കുന്നു.
ഭാരതീയ കലാ-സാംസ്കാരിക പാരമ്പര്യത്തെ ആഘോഷിക്കുന്നതിനൊപ്പം ആത്മീയത, മാനവികത, പ്രകൃതി എന്നിവയെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന വേറിട്ടൊരു നാടകീയാനുഭവമായിരിക്കും ആരണ്യകയുടെ അരിസോണ അവതരണം.

പരിപാടിയുടെ വിശദാംശങ്ങൾ
തീയതി: 2026 ഒക്ടോബർ 24, ശനിയാഴ്ച
സമയം: വൈകിട്ട് 5 മണി
വേദി: Higley Center for the Performing Arts, Gilbert, Arizona
ടിക്കറ്റുകൾ: www.storylooproductions.com
മീഡിയ / പരിപാടി സംബന്ധിച്ച വിവരങ്ങൾക്ക്: 949-607-9506 | storyloomframes@gmail.com