
ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ സെപ്റ്റംബർ 27-ന് സെന്റ് വിൻസെന്റ് ഡി പോളിന്റെ തിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. ഇടവക വികാരി ഫാ. എബ്രഹാം മുത്തോലത്ത് മുഖ്യകാർമ്മികനായിരുന്നു.

ലദീഞ്ഞോടെയാണ് തിരുനാൾ തിരുക്കർമ്മങ്ങൾ ആരംഭിച്ചത്. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ചു. വിശുദ്ധ കുർബാന മധ്യേ നടത്തിയ വചനസന്ദേശത്തിൽ ഫാ. എബ്രഹാം മുത്തോലത്ത് സെന്റ് വിൻസെന്റ് ഡി പോളിന്റെ ജീവിതവും ദരിദ്രർ, രോഗികൾ, ഉപേക്ഷിക്കപ്പെട്ടവർ, ദുരിതമനുഭവിക്കുന്നവർ എന്നിവർക്കുവേണ്ടി അദ്ദേഹം നടത്തിയ കാരുണ്യശുശ്രൂഷകളും വിശദീകരിച്ചു.

ദൈവസ്നേഹം സഹോദരസ്നേഹത്തിലൂടെയും ദരിദ്രസേവനത്തിലൂടെയും പ്രകടമാകേണ്ടതിന്റെ ഉത്തമ മാതൃകയാണ് സെന്റ് വിൻസെന്റ് ഡി പോളിന്റെ ജീവിതമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇടവകയിൽ പ്രവർത്തിക്കുന്ന സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി അംഗങ്ങളുടെ നിസ്വാർത്ഥ സേവനത്തെ ഫാ. എബ്രഹാം അഭിനന്ദിക്കുകയും ആവശ്യക്കാരായ കുടുംബങ്ങളിലേക്കും വ്യക്തികളിലേക്കും സഹായം എത്തിക്കുന്ന അവരുടെ ശുശ്രൂഷയെ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.

തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി ഇടവകാംഗങ്ങൾ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രത്യേക സംഭാവനകൾ സമർപ്പിച്ചു. ലഭിക്കുന്ന സഹായം അർഹരായവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും കാരുണ്യപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി വിനിയോഗിക്കും.
സെന്റ് വിൻസെന്റ് ഡി പോളിന്റെ മാതൃകയിൽ ദരിദ്രരിലും ദുരിതമനുഭവിക്കുന്നവരിലും ക്രിസ്തുവിനെ തിരിച്ചറിഞ്ഞ് സ്നേഹത്തോടെയും പങ്കുവെക്കലോടെയും ജീവിക്കുവാൻ തിരുനാൾ ആഘോഷം വിശ്വാസികൾക്കു പ്രചോദനമേകി.
- ബിബി തെക്കനാട്ട്