
വാഷിങ്ഗ്ടൺ ഡി.സി: പ്രവാസി മലയാളി എഴുത്തുകാരനും എഡിറ്ററുമായ ബെന്നി നെച്ചൂരിന്റെ കഥാസമാഹാരമായ ‘പുല്ലാന്തറയാറു പറഞ്ഞ കഥകൾ’ ലാന (LANA) റീജിയണൽ കൺവെൻഷനിൽ വെച്ച് പ്രകാശനം ചെയ്തു.
ലാനയുടെ സജീവ പ്രവർത്തകയും ഫൊക്കാന സാഹിത്യ കമ്മിറ്റി കോ-ഓർഡിനേറ്ററുമായ ഗീത ജോർജിൽ നിന്ന് പുസ്തകത്തിന്റെ കോപ്പികൾ സ്വീകരിച്ചുകൊണ്ട് പ്രശസ്ത എഴുത്തുകാരായ സക്കറിയ, വി.ജെ. ജെയിംസ് എന്നിവർ ചേർന്നാണ് പ്രകാശനം നിർവ്വഹിച്ചത്. ലാന പ്രസിഡന്റ് സാമുവൽ യോഹന്നാൻ, കൺവെൻഷൻ കമ്മിറ്റി ചെയർമാനും എഴുത്തുകാരനുമായ വേണുഗോപാലൻ കൊക്കോടൻ, കൺവെൻഷൻ കമ്മിറ്റി കൺവീനർ ഷിനോ കുര്യൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സിനി പണിക്കർ ആയിരുന്നു എംസി.
അമേരിക്കൻ ജീവിതത്തിന്റെ വ്യത്യസ്ത മാനങ്ങൾ, ഒറ്റപ്പെടലിന്റെ വേദനകൾ, അമ്മമാരുടെ നിസ്വാർത്ഥ സ്നേഹം എന്നിവയിലൂടെയാണ് ഇതിലെ ഓരോ കഥയും വികസിക്കുന്നത്.

നാട്ടിൻപുറത്തിന്റെ മണവും വിദേശമണ്ണും ഇഴചേർന്ന അന്തരീക്ഷത്തിൽ, ഒരു സാമൂഹിക ചിന്തകന്റെ വ്യക്തമായ കയ്യൊപ്പുള്ള രചനകളാണിവ.
മനുഷ്യജീവിതത്തോടുള്ള അഗാധമായ സ്നേഹസമർപ്പണം, അരികുവൽക്കരിക്കപ്പെട്ടവരുടെ സങ്കടങ്ങൾ, സ്വന്തം പൈതൃകത്തിൽ ആഴത്തിൽ വേരോടിയ കുടുംബബന്ധങ്ങളുടെ തിരിച്ചറിവുകൾ എന്നിവ പ്രമേയമാകുന്ന അഞ്ച് കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
ജീവിതത്തിന്റെ പൊള്ളുന്ന അനുഭവങ്ങളിൽ നിന്നും കയ്പേറിയ യാഥാർത്ഥ്യങ്ങളിൽ നിന്നും രൂപപ്പെട്ട ഈ കഥകൾ, മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ള സംഘർഷങ്ങളെയും അതിജീവനങ്ങളെയും തനിമയോടെ ആവിഷ്കരിക്കുന്നു.

വായനക്കാർക്ക് മികച്ചൊരു അനുഭവം സമ്മാനിക്കുന്നതാണ് ബെന്നി നെച്ചൂരിന്റെ ഈ പുതിയ പുസ്തകം.
ഗ്രീൻ ബുക്സാണ് (https://greenbooksindia.com/) ഈ കഥാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Book Link: https://greenbooksindia.com/stories/pullantharayaru-paranja-kathakal-benny-nechoor