
മുംബൈ: ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ (ഗോപിയോ)യുടെ 2026ലെ ദ്വൈവാർഷിക കൺവൻഷനും കോൺഫറൻസും ഡിസംബർ 18 മുതൽ 20 വരെ മുംബൈയിലെ നാഷണൽ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യയിൽ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യൻ വംശജരായ നേതാക്കൾ, പ്രൊഫഷണലുകൾ, സംരംഭകർ, അക്കാദമിക് വിദഗ്ധർ, ശാസ്ത്രജ്ഞർ, യുവപ്രതിഭകൾ, സാമൂഹിക പ്രവർത്തകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
‘VIKASANA – Diaspora for Developed India’ എന്നതാണ് കൺവൻഷന്റെ പ്രമേയം. ആഗോള ഇന്ത്യൻ പ്രവാസി സമൂഹവും ഇന്ത്യയുടെ വികസന യാത്രയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ സാധ്യതകൾ സമ്മേളനം ചർച്ച ചെയ്യും.
സാങ്കേതികവിദ്യ, നിക്ഷേപം, സ്റ്റാർട്ടപ്പുകൾ, ശാസ്ത്ര-സാങ്കേതിക രംഗം, സംരംഭകത്വം, മെന്ററിങ്, ഇൻകുബേഷൻ തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക സെഷനുകൾ സംഘടിപ്പിക്കും. ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികളുടെ കഴിവുകളും വിഭവങ്ങളും ഇന്ത്യയുടെ വളർച്ചയുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ സമ്മേളനം പരിശോധിക്കും.
എൻആർഐകളും പിഐഒകളും പൊതുലക്ഷ്യങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കുന്നത്, വിവിധ മേഖലകളിലെ പ്രവാസി വനിതകളുടെ വർധിച്ചുവരുന്ന സംഭാവനകൾ, GOPIO അക്കാദമിക് കൗൺസിൽ റൗണ്ട്‌ടേബിൾ, പ്രവാസി യുവാക്കളും യുവപ്രതിഭകളും, മുതിർന്ന പ്രവാസികളുടെ ആരോഗ്യകരമായ വാർധക്യം തുടങ്ങിയ വിഷയങ്ങളിലും പ്രത്യേക ചർച്ചകൾ നടക്കും.
ഡിസംബർ 19ന് വൈകിട്ട് നടക്കുന്ന GOPIO അവാർഡ്‌സ് ബാങ്ക്വറ്റിൽ വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച എൻആർഐകളെയും ഇന്ത്യൻ വംശജരെയും ആദരിക്കും. ശാസ്ത്ര-എൻജിനീയറിങ്, സാങ്കേതികവിദ്യയും നവീകരണവും, വൈദ്യശാസ്ത്രം, നിയമം, ബിസിനസ്-സംരംഭകത്വം, കലയും സാഹിത്യവും, പെർഫോമിങ് ആർട്സ്, പൊതുസേവനം, വിനോദരംഗം തുടങ്ങിയ മേഖലകളിലെ മികച്ച സംഭാവനകൾക്കാണ് പുരസ്കാരങ്ങൾ നൽകുക. മികച്ച സാമൂഹിക സേവനം നടത്തിയവരെയും പ്രത്യേകമായി പരിഗണിക്കും.
പുരസ്കാരത്തിനുള്ള നാമനിർദേശങ്ങൾ ഒക്ടോബർ 10നകം സമർപ്പിക്കണം. നാമനിർദേശത്തോടൊപ്പം വ്യക്തിയുടെ പ്രധാന നേട്ടങ്ങൾ, ലഭിച്ച ബഹുമതികളും പുരസ്കാരങ്ങളും, സാമൂഹിക അല്ലെങ്കിൽ പൊതുസേവന രംഗത്തെ സംഭാവനകൾ എന്നിവ ഉൾപ്പെടുന്ന ചുരുക്ക ജീവചരിത്രവും പൂർണമായ ബന്ധപ്പെടാനുള്ള വിവരങ്ങളും നൽകണം.
കൺവൻഷനിൽ സ്പീക്കറായോ പാനലിസ്റ്റായോ പങ്കെടുക്കാൻ താൽപര്യമുള്ളവർക്കും GOPIOയെ സമീപിക്കാം. കൺവൻഷൻ രജിസ്ട്രേഷൻ, ഫീസ്, ബ്രോഷർ സ്പോൺസർഷിപ്പ് എന്നിവ സംബന്ധിച്ച വിവരങ്ങൾ സംഘാടകർ പ്രസിദ്ധീകരിച്ച രജിസ്ട്രേഷൻ സംവിധാനത്തിലൂടെ ലഭിക്കും.
ഗോപിയോ പ്രസിഡന്റ് ആൻഡ് കൺവീനർ പ്രകാശ് ഷാ, സെക്രട്ടറി ആൻഡ് കോ-കൺവീനർ സിദ്ധാർഥ് ജെയിൻ എന്നിവരാണ് കൺവൻഷന്റെ ഏകോപനത്തിന് നേതൃത്വം നൽകുന്നത്. GOPIO ഇന്റർനാഷണൽ ചെയർമാൻ ഡോ. തോമസ് എബ്രഹാമാണ് പ്രഖ്യാപനം നടത്തിയത്.
1989ൽ സ്ഥാപിതമായ ഗോപിയോ രാഷ്ട്രീയനിരപേക്ഷവും ലാഭേച്ഛയില്ലാത്തതും മതനിരപേക്ഷവുമായ സംഘടനയാണ്. 35 രാജ്യങ്ങളിലായി നൂറിലധികം ചാപ്റ്ററുകളെ പ്രതിനിധീകരിക്കുന്ന ലൈഫ് മെമ്പർമാരും ചാപ്റ്റർ പ്രതിനിധികളും സംഘടനയുടെ ആഗോള ശൃംഖലയിലുണ്ട്. എൻആർഐകളും പിഐഒകളും തമ്മിലുള്ള സഹകരണവും ആശയവിനിമയവും ശക്തിപ്പെടുത്തുന്നതിനും അവർ താമസിക്കുന്ന സമൂഹങ്ങളുമായി ബന്ധം വളർത്തുന്നതിനുമാണ് സംഘടന പ്രവർത്തിക്കുന്നത്.