
ഐ ച്ചി - നഗോയ ഏഷ്യൻ ഗെയിംസിൽ അത് ലറ്റിക്സിൻ്റെ സമാപന ദിവസം ആശ്വാസമായി വനിതകളുടെ 4x400 മീറ്റർ റിലേയിൽ സ്വർണം. കിരൺ,പൂവമ്മ, പ്രാച്ചി, വിത്യ സംഘമാണ് സ്വർണമെഡൽ നേടിയത്. ഈ ഇനത്തിൽ ഇന്ത്യയുടെ ഏഴാം സ്വർണം.2023 ൽ വെള്ളിയായിരുന്നു.
ജക്കാര്‍ത്ത, ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യ ഐച്ചി -നഗോയയില്‍ പിന്നാക്കം പോയി. നീരജ് ചോപ്ര എന്ന സൂപ്പര്‍ താരത്തിന്റെ അസാന്നിധ്യം, പരുക്കുമൂലം ചില പ്രമുഖ താരങ്ങളുടെ പിന്‍മാറ്റം; മറ്റു ചിലരെ ഒഴിവാക്കിയത് ഒക്കെ കാരണമാകാം.
2018 ല്‍ ജക്കാര്‍ത്തയില്‍ ഏഴു സ്വര്‍ണ്ണവും 10 വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ 19 മെഡലുകളാണ് ഇന്ത്യന്‍ അത്‌ലിറ്റുകള്‍ നേടിയത്. 2023 ല്‍ ഹാങ്‌ചോയില്‍ ആറു സ്വര്‍ണ്ണവും 14 വെള്ളിയും ഒന്‍പതു വെങ്കലവും ആകെ 29 മെഡല്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യ കരസ്ഥമാക്കി. ഹാങ്‌ചോയില്‍ ആകെ 107 മെഡല്‍ നേടി ചരിത്രമെഴുതിയ ഇന്ത്യക്ക് ഏറ്റവും അധികം മെഡല്‍ കിട്ടിയത് അത്‌ലറ്റിക്‌സില്‍ ആയിരുന്നു. ഷൂട്ടിങ്ങില്‍ ഏഴു സ്വര്‍ണ്ണം കിട്ടിയെങ്കിലും ആകെ മെഡല്‍ 22 ആയിരുന്നു. അത്‌ലറ്റിക്‌സിനെക്കാള്‍ ഏഴു മെഡല്‍ കുറവ്.
ജക്കാര്‍ത്തയിലും ഹാങ്‌ചോയിലും ജാവലിന്‍ സ്വര്‍ണ്ണം നേടിയ നീരജ് ചോപ്ര പരുക്കുമൂലം ഇക്കുറി ടീമില്‍ ഇല്ലായിരുന്നു. കഴിഞ്ഞ തവണ നീരജിനു പിന്നില്‍ വെള്ളി നേടിയ കിഷോര്‍കുമാര്‍ ജെനയും ടീമില്‍ ഉള്‍പ്പെട്ടില്ല. എന്നാല്‍ പകരമെത്തിയ യഷ് വീര്‍ സിങ് വെള്ളിയും രോഹിത് യാദവ് വെങ്കലവും നേടി. വനിതകളുടെ ജാവലിനില്‍ ഹാങ്‌ചോയില്‍ സ്വര്‍ണ്ണം നേടിയ അന്നു റാണിയെ ഫോമിലല്ല എന്ന കാരണത്താല്‍ ഒഴിവാക്കിയിരുന്നു.
പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ ഹാട്രിക് ലക്ഷ്യമിട്ട തെജിന്ദര്‍പാല്‍ സിങ് ടൂര്‍ വെള്ളികൊണ്ട് തൃപ്തിപ്പെട്ടു. കഴിഞ്ഞ തവണ ലോങ്ജംപില്‍ വെള്ളി നേടിയ എം.ശ്രീശങ്കറും ആന്‍സി സോജനും ഇത്തവണയും രണ്ടാംസ്ഥാനത്താണ് എത്തിയത്. 2023 ല്‍ 3000 മീറ്റര്‍ സ്റ്റിപ്പിള്‍ ചേസില്‍ സ്വര്‍ണ്ണം നേടിയ അവിനാശ് സാബ്ലെ പരുക്കില്‍ നിന്നു മോചിതനായി മടങ്ങിയെങ്കിലും ഫോമിലെത്തിയില്ല; നാലാം സ്ഥാനത്തായി. 5000 മീറ്ററില്‍ ഹാങ്‌ചോയില്‍ സ്വര്‍ണ്ണം നേടിയ പാരുള്‍ ചൗധരി ഇക്കുറി വെങ്കലത്തില്‍ ഒതുങ്ങി.
ഹാങ്‌ചോയില്‍ സുവര്‍ണ്ണ നേട്ടം കൈവരിച്ചവര്‍ തിളങ്ങാതെ വന്നപ്പോള്‍ പുതിയൊരു താരോദയം ഉണ്ടായുമില്ല. 77 അംഗ അത്‌ലറ്റിക് ടീമിനെ പ്രഖ്യാപിച്ച ഫെഡറേഷന്‍, അവസാന നിമിഷം അന്നു റാണി(ജാവലിന്‍), ഷാനവാസ് ഖാന്‍(ലോങ്ജംപ്), നിത്യ ഗാന്ധെ(100 മീറ്റര്‍) എന്നിവരെ ഒഴിവാക്കിയാണ് ടീമിനെ അയച്ചത്. പക്ഷേ മത്സര സമയത്ത് പുരുക്കുമൂലം മൂന്നുപേര്‍കൂടി പിന്‍വാങ്ങി.
ജ്യോതി യാരാജിക്ക്(100 മീറ്റര്‍ ഹര്‍ഡില്‍സ്) ആദ്യ റൗണ്ടിന്റെ വാം അപ്പില്‍ തന്നെ കാല്‍മുട്ടിലെ വേദന മൂലം പിന്‍വാങ്ങേണ്ടിവന്നു. ട്രിപ്പില്‍ ജംപ് താരം പ്രവീണ്‍ ചിത്രവേല്‍ ആദ്യ ചാട്ടത്തിനു ശ്രമിച്ചെങ്കിലും പൂര്‍ത്തിയാക്കിയില്ല; കാഫ് മസിലിനു പ്രശ്‌നം. പുരുഷന്മാരുടെ 400 മീ. ഹാര്‍ഡില്‍സില്‍ യശസ് പാലക്ഷാ ആദ്യ ഹര്‍ഡില്‍ ചാടും മുമ്പേ ഹാംസ്ട്രിങ് പരുക്കുമൂലം പിന്‍മാറി. ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇതിനിടയ്ക്ക് വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി.ടി. ഉഷയുടെ 42 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോര്‍ഡ്(55.42 സെ.) തിരുത്തിയ വിദ്യ രാംരാജിനെ(54.75 സെ.) അനുമോദിക്കാം. വെങ്കലം നേടാനും വിദ്യക്കു സാധിച്ചു. ഹാങ്‌ചോയില്‍ വിദ്യ ഉഷയുടെ റെക്കോര്‍ഡിനു ഒപ്പമെത്തിയിരുന്നു.