
പത്തനംതിട്ടയിലെ ഒരു കൊച്ചുഗ്രാമത്തിൽ നിന്ന് അമേരിക്കയുടെ സാമൂഹിക, സാംസ്കാരിക, തൊഴിലാളി, രാഷ്ട്രീയ മേഖലകളിൽ സ്വന്തം സാന്നിധ്യമറിയിച്ച ജീവിതമാണ് പി.റ്റി. തോമസിന്റേത്. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും വഴികൾ എളുപ്പമായിരുന്നില്ല. ഇന്ത്യൻ എയർഫോഴ്സിലെ സേവനം, അമേരിക്കയിലേക്കുള്ള കുടിയേറ്റം, വെറും 8 ഡോളറുമായി മഞ്ഞുവീഴുന്ന അമേരിക്കൻ മണ്ണിൽ കാലുകുത്തിയ ആദ്യനാളുകൾ, സാമൂഹ്യസേവന രംഗത്തെ നാല് പതിറ്റാണ്ടോളം നീണ്ട പ്രവർത്തനം, ടാക്സ് പ്രാക്ടീഷണറെന്ന നിലയിലെ സേവനം, തൊഴിലാളി നേതൃപദവി, മലയാളി സമൂഹത്തിലെ സജീവ ഇടപെടൽ, രാഷ്ട്രീയത്തിലെ പോരാട്ടങ്ങൾ—ഓരോ അധ്യായവും വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിച്ചത്.
വിദ്യാഭ്യാസത്തിലും വിവിധ മേഖലകളിൽ പഠനം തുടരാനുള്ള താൽപര്യം അദ്ദേഹം നിലനിർത്തി. കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബി.എയും, മീററ്റ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും പൊളിറ്റിക്കൽ സയൻസിലും മാസ്റ്റർ ഓഫ് ആർട്സും നേടി. ഡ്രൂ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് ഡിവൈനിറ്റിയും ഫോർഡ്ഹാം യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് സോഷ്യൽ വർക്കും പൂർത്തിയാക്കി. ഡൊമിനിക്കൻ കോളജിൽ അക്കൗണ്ടിംഗും പഠിച്ചു. അമേരിക്കൻ പസഫിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ്, ഹിപ്നോസിസ് എന്നീ മേഖലകളിൽ പോസ്റ്റ് ഗ്രാജുവേറ്റ് പഠനവും നടത്തി.

സ്വകാര്യജീവിതത്തിലും പി.റ്റി.ക്ക് കടുത്ത പരീക്ഷണങ്ങളുണ്ടായി. പ്രിയപ്പെട്ട ഭാര്യ ലീലാമ്മയുടെയും അനുജന്റെയും മരുമകന്റെയും മരണം സൃഷ്ടിച്ച ആഴത്തിലുള്ള വേദനകളെ അതിജീവിച്ച് അദ്ദേഹം വീണ്ടും പൊതുപ്രവർത്തനത്തിന്റെ വഴിയിലേക്ക് മടങ്ങി. ‘വേദനയിൽ വീണുകിടക്കാതെ അതിൽ നിന്ന് കരുത്ത് കണ്ടെത്തുക’ എന്ന ജീവിതദർശനമാണ് പിന്നീട് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ പലപ്പോഴും പ്രതിഫലിച്ചത്.
കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രശ്നങ്ങൾ നേരിട്ട് കണ്ട സാമൂഹ്യപ്രവർത്തകനിൽ നിന്ന് തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടിയ നേതാവിലേക്കും, നികുതി സംബന്ധമായ മാർഗനിർദേശങ്ങളിലൂടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായ ഉപദേഷ്ടാവിലേക്കും, മലയാളി സമൂഹത്തിന്റെ ‘പി.റ്റി.ച്ചായനിലേക്കും’ വളർന്ന അദ്ദേഹത്തിന്റെ യാത്രയിൽ മനുഷ്യബന്ധങ്ങൾക്കാണ് എന്നും മുൻതൂക്കം.
75-ാം വയസ്സിന്റെ നിറവിൽ നിൽക്കുമ്പോൾ, പിന്നിട്ട വഴികളെക്കുറിച്ചും നഷ്ടങ്ങളെക്കുറിച്ചും നേടിയ പാഠങ്ങളെക്കുറിച്ചും ഇനിയും പൂർത്തിയാകാത്ത സ്വപ്നങ്ങളെക്കുറിച്ചും പി.റ്റി. തോമസ് സംസാരിക്കുന്നു...

75ന്റെ നിറവിൽ നിൽക്കെ ജീവിതത്തെ എങ്ങനെയാണ് തിരിഞ്ഞുനോക്കുന്നത്?
75 വർഷം എന്ന് പറയുമ്പോൾ അതൊരു വലിയ യാത്രയാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ ദൈവകൃപ. സന്തോഷങ്ങളും വിഷമങ്ങളും വിജയങ്ങളും പരാജയങ്ങളും നഷ്ടങ്ങളും പുതിയ തുടക്കങ്ങളുമെല്ലാം ചേർന്നതാണ് എന്റെ ജീവിതം. പിന്നോട്ടുനോക്കുമ്പോൾ, എനിക്ക് ഏറ്റവും വലിയ സംതൃപ്തി നൽകുന്നത് എത്രത്തോളം കാര്യങ്ങൾ നേടിയെന്നതിലല്ല; എത്ര പേർക്ക് എന്തെങ്കിലും രീതിയിൽ പ്രയോജനപ്പെടാൻ കഴിഞ്ഞു എന്നതിലാണ്.
ജീവിതത്തിൽ പലപ്പോഴും നമ്മൾ പ്രതീക്ഷിക്കാത്ത വഴികളിലൂടെയാണ് യാത്ര ചെയ്യുന്നത്. ചില വാതിലുകൾ അടയും. ചില അവസരങ്ങൾ നഷ്ടപ്പെടും. പക്ഷേ അതിന്റെ പേരിൽ യാത്ര അവസാനിപ്പിക്കരുത്. മുന്നോട്ട് പോകാനുള്ള വഴി എപ്പോഴും ഉണ്ടാകും.
കേരളത്തിൽ നിന്ന് അമേരിക്കയിലേക്കുള്ള ആ യാത്രയെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുമ്പോൾ എന്താണ് മനസ്സിൽ വരുന്നത്?
പത്തനംതിട്ട ജില്ലയിലെ കീക്കൊഴൂരിലെ ഒരു സാധാരണ കുടുംബത്തിലാണ് ഞാൻ വളർന്നത്. അവിടെ പ്രാഥമിക വിദ്യാഭ്യാസം നേടി. റാന്നി എം.എസ്. ഹൈസ്കൂളിലും പിന്നീട് കോഴഞ്ചേരി സെന്റ് തോമസ് കോളജിലും പഠിച്ചു. ചെറുപ്പം മുതൽ തന്നെ പുതിയ കാര്യങ്ങൾ പഠിക്കാനും വ്യത്യസ്തമായ മേഖലകളിലേക്ക് കടക്കാനും താൽപര്യമുണ്ടായിരുന്നു.
പതിനേഴാം വയസ്സിൽ ഇന്ത്യൻ എയർഫോഴ്സിൽ ചേർന്നു. ഒൻപത് വർഷത്തോളം അവിടെ ജോലി ചെയ്തു. പിന്നീട് ഡൽഹിയിലും ജീവിതത്തിന്റെ ഒരു ഘട്ടം ചെലവഴിച്ചു. അങ്ങനെയായിരുന്നു കേരളത്തിന് പുറത്തേക്കുള്ള ജീവിതം തുടങ്ങിയത്.
അമേരിക്കയിലേക്ക് വരുന്നത് എളുപ്പമായിരുന്നില്ല. അന്നത്തെ കുടിയേറ്റ സാഹചര്യങ്ങളും വിസ നിയന്ത്രണങ്ങളും വലിയ വെല്ലുവിളിയായിരുന്നു. ഒടുവിൽ 1983-ലാണ് അമേരിക്കയിലെത്തിയത്.

വെറും 8 ഡോളറുമായി അമേരിക്കയിലെത്തിയ ആ ദിവസം ഇന്നും ഓർമയിലുണ്ടോ?
വളരെ വ്യക്തമായി ഓർക്കുന്നുണ്ട്. ഫെബ്രുവരി മാസത്തിലെ കൊടുംതണുപ്പിലാണ് അമേരിക്കയിലെത്തിയത്. കൈയിലുണ്ടായിരുന്നത് വെറും 8 ഡോളർ.
വിമാനത്താവളത്തിൽ ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ ആരുമുണ്ടായിരുന്നില്ല. പരിചയക്കാരെ വിളിച്ചപ്പോൾ മഞ്ഞുവീഴ്ച കാരണം പുറത്തിറങ്ങാൻ കഴിയില്ലെന്നാണ് പറഞ്ഞത്. കുറെ നേരം കാത്തുനിന്ന ശേഷമാണ് ഒരു പഴയ സുഹൃത്ത് എത്തിയത്.
ഇന്ന് ആ സംഭവം ഓർക്കുമ്പോൾ വലിയൊരു പാഠമാണ് മനസ്സിലാകുന്നത്. അന്ന് മുന്നിലുള്ള ജീവിതം എങ്ങനെയായിരിക്കുമെന്ന് അറിയില്ലായിരുന്നു. എങ്ങനെയെങ്കിലും മുന്നോട്ട് പോകണം എന്ന ചിന്ത മാത്രമായിരുന്നു.

അമേരിക്കയിൽ ഒരായിരം സ്വപ്നങ്ങളുമായി എത്തുന്ന ഒരു ചെറുപ്പക്കാരനെ കണ്ടാൽ, അനുഭവത്തിന്റെ വെളിച്ചത്തിൽ എന്ത് ഉപദേശമാണ് നൽകാനുള്ളത്?
‘ഭയപ്പെടേണ്ട. നീ കടന്നുപോകുന്ന ബുദ്ധിമുട്ടുകൾ ഒരുദിവസം നിന്റെ കരുത്തായി മാറും’ എന്ന് പറയും.
ജീവിതയാത്രയിൽ നേരിട്ട പല ബുദ്ധിമുട്ടുകളും പിന്നീട് മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കാൻ എന്നെ സഹായിച്ചു. ഒരാൾക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാകുമ്പോൾ അതിന്റെ പിന്നിലുള്ള വേദന മനസ്സിലാക്കാൻ സാധിച്ചു. ഒരു കുടുംബം തകരുമ്പോൾ അതിന്റെ ആഘാതം എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചു.
ജീവിതത്തിൽ അനുഭവിക്കുന്ന ഓരോ കാര്യവും പിന്നീട് മറ്റൊരാളെ സഹായിക്കാൻ ഉപയോഗിക്കാനാകുമെങ്കിൽ അതാണ് അതിന്റെ അർത്ഥം.
സാമൂഹ്യപ്രവർത്തകനെന്ന നിലയിലെ അനുഭവങ്ങൾ ജീവിതത്തെ എങ്ങനെ മാറ്റി?
റോക്ക്ലാൻഡ് കൗണ്ടിയിലെ ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസസിൽ 32 വർഷം പ്രവർത്തിച്ചു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും കുടുംബപ്രശ്നങ്ങളും അന്വേഷിക്കുകയായിരുന്നു പ്രധാന ചുമതല.
അവിടെ നിന്നാണ് കുടുംബത്തെ സംരക്ഷിക്കുക എന്നത് എത്ര പ്രധാനമാണെന്ന് മനസ്സിലായത്. ഒരു കുട്ടിയെ കുടുംബത്തിൽ നിന്ന് മാറ്റി ഫോസ്റ്റർ കെയറിൽ എത്തിക്കുക എന്നത് മാത്രം പരിഹാരമല്ല. കഴിയുന്നിടത്തോളം കുടുംബത്തെ ശക്തിപ്പെടുത്തി കുട്ടിക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയാണ് വേണ്ടത്.

‘ഫാമിലി അസസ്മെന്റ് റെസ്പോൺസ്’ പോലുള്ള സമീപനങ്ങളിലൂടെ ആ രീതിയിലുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞു. ഒരു കുട്ടിയുടെ ജീവിതം മെച്ചപ്പെടുന്നതും ഒരു കുടുംബം തകരാതെ നിലനിൽക്കുന്നതും കാണുമ്പോൾ ലഭിക്കുന്ന സംതൃപ്തി മറ്റൊന്നിനും തുല്യമല്ല.
താങ്കളുടെ ജീവിതത്തിൽ പണം സമ്പാദിക്കുന്നതിനെക്കാൾ മനുഷ്യരെ സഹായിക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകിയതെന്ന് തോന്നുന്നു. എന്തുകൊണ്ട്?
പണം ആവശ്യമാണ്. പക്ഷേ പണം മാത്രം ജീവിതത്തിന്റെ ലക്ഷ്യമാകരുത്.
ഒരു കുടുംബത്തിന് വീട് വാങ്ങാൻ കഴിയുന്നത്, ഒരു കുട്ടിക്ക് സുരക്ഷിതമായി വളരാൻ കഴിയുന്നത്, ഒരു തൊഴിലാളിക്ക് അർഹമായ അവകാശം ലഭിക്കുന്നത്, വിഷമത്തിലായ ഒരാൾക്ക് ഒരു ആശ്വാസവാക്ക് ലഭിക്കുന്നത്—ഇവയ്ക്കൊക്കെ വലിയ മൂല്യമുണ്ട്.
എന്റെ ജീവിതത്തിൽ ഞാൻ ചെയ്തിട്ടുള്ള പല കാര്യങ്ങളും അതിന്റെ സാമ്പത്തിക മൂല്യം നോക്കിയല്ല ചെയ്തത്.
ജീവിതപങ്കാളിയുടെ വിയോഗം ജീവിതത്തിലെ ഏറ്റവും വലിയ വേദനകളിലൊന്നായിരുന്നു. ഇന്ന് അവരെ ഓർക്കുമ്പോൾ?
ലീലാമ്മ (മേരിക്കുട്ടി) എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട വ്യക്തിയായിരുന്നു. 2020-ൽ അവരെ നഷ്ടപ്പെട്ടത് വലിയ ആഘാതമായിരുന്നു. അതിനുശേഷം അനുജനെയും നഷ്ടപ്പെട്ടു.
കോവിഡ് കാലമായതിനാൽ അർഹിക്കുന്ന രീതിയിൽ ഒരു വിടപറയൽ പോലും നൽകാൻ സാധിച്ചില്ല. അതൊരു വലിയ വേദനയായിരുന്നു.

പക്ഷേ ജീവിതം അവിടെ അവസാനിക്കുന്നില്ല. അവരുടെ ഓർമ്മകൾ നമ്മോടൊപ്പം തുടരും. ലീലാമ്മയ്ക്ക് ഒഡീഷയിലെ പാവപ്പെട്ട കുട്ടികൾക്കായി എന്തെങ്കിലും ചെയ്യണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു. അതാണ് പിന്നീട് ‘മേരിക്കുട്ടി തോമസ് ചിൽഡ്രൻസ് ഹോം’ എന്ന സംരംഭത്തിലേക്ക് എന്നെ നയിച്ചത്.
ഒരു നഷ്ടത്തെ മറ്റൊരാളുടെ ജീവിതത്തിൽ പ്രകാശമാക്കാൻ കഴിയുന്നത് ഒരുതരം ആശ്വാസമാണ്.
സ്വന്തം ജീവിതത്തിൽ വലിയ നഷ്ടങ്ങൾ നേരിട്ടിട്ടും മറ്റുള്ളവർക്ക് പ്രതിസന്ധികളെ അതിജീവിക്കാൻ ക്ലാസുകൾ എടുക്കുന്നു. എവിടെ നിന്നാണ് ആ ശക്തി ലഭിച്ചത്?
വിഷമങ്ങളിൽ തളർന്നു കിടന്നാൽ അവിടെനിന്ന് ഉയർന്നുവരാൻ കൂടുതൽ പ്രയാസമാകും. അതുകൊണ്ട് വിഷമത്തെ തന്നെ കരുത്താക്കി മാറ്റാൻ ശ്രമിച്ചു.
‘Resolve the Unresolved’ എന്ന പേരിൽ കോവിഡ് കാലത്ത് നടത്തിയ സെമിനാറുകളിൽ നിരവധി ആളുകൾ അവരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ പങ്കുവച്ചു. അവരെ കേൾക്കാനും കഴിയുന്നിടത്ത് ഒരു വഴി നിർദേശിക്കാനും സാധിച്ചത് എനിക്കും ഒരു ചികിത്സപോലെയായിരുന്നു.

മറ്റുള്ളവരെ സഹായിക്കുമ്പോൾ പലപ്പോഴും നമ്മളും നമ്മളെത്തന്നെ സുഖപ്പെടുത്തുകയാണ്.
ജീവിതം പകർന്ന ഏറ്റവും വലിയ പാഠം?
ആരോടും വിദ്വേഷം സൂക്ഷിക്കരുത്. അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ അത് പറയാം. പക്ഷേ അതിനെ പകയാക്കി മനസ്സിൽ സൂക്ഷിച്ചാൽ അതിന്റെ ഭാരം നമ്മൾ തന്നെയാണ് വഹിക്കുന്നത്.
നിരാശ തോന്നിയ അവസരങ്ങളുണ്ടോ?
തീർച്ചയായും. എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും.
പക്ഷേ ഇന്ന് പിന്നോട്ടുനോക്കുമ്പോൾ നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ച് വിഷമിക്കുന്നതിനേക്കാൾ ലഭിച്ച അവസരങ്ങൾ എങ്ങനെ ഉപയോഗിച്ചു എന്നതാണ് പ്രധാനമെന്ന് തോന്നുന്നു.
ജീവിതം നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ എല്ലായ്പ്പോഴും നടക്കില്ല. അതിനോട് പൊരുത്തപ്പെടാനും പുതിയ വഴി കണ്ടെത്താനും പഠിക്കണം.
75 വയസ്സിലും ഇപ്പോഴും ടാക്സ് പ്രാക്ടീസും ക്ലാസുകളും പൊതുപ്രവർത്തനവും തുടരുന്നു. വിശ്രമത്തെക്കുറിച്ച് ചിന്തിക്കാറില്ലേ?
എനിക്ക് ജോലി തന്നെയാണ് വിശ്രമം.
വെറുതെ ഇരിക്കുന്നത് എനിക്ക് ബുദ്ധിമുട്ടാണ്. മനസ്സും ശരീരവും സജീവമായിരിക്കണം. ‘You use it or lose it’ എന്നതിലാണ് വിശ്വസിക്കുന്നത്.
ഉപയോഗിക്കാത്ത കഴിവ് പതുക്കെ നഷ്ടപ്പെടും. അതുകൊണ്ട് എന്തെങ്കിലും ചെയ്യണം. എഴുതാം, വായിക്കാം, പഠിക്കാം, മറ്റുള്ളവരെ പഠിപ്പിക്കാം. രണ്ട് പേജ് എന്തെങ്കിലും എഴുതിയാലും അത് മനസ്സിന് ഒരു വ്യായാമമാണ്.
ജീവിതത്തിൽ കടന്നുപോകുന്ന ഒരു ദിവസവും തിരിച്ചുകിട്ടില്ല. അതുകൊണ്ട് ഓരോ ദിവസവും കഴിയുന്നത്ര പ്രയോജനകരമാക്കണം.
കുടുംബത്തെക്കുറിച്ച് ?
കുടുംബം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയാണ്. എനിക്ക് നാല് മക്കളും പത്ത് കൊച്ചുമക്കളുമുണ്ട്.
മൂത്ത മകൾ ഡോ. ലിസ്റ്റി തോമസ് . ലൂക്ക്, തോമസ്, സെലാ എന്നിവരാണ് അവളുടെ മൂന്ന് മക്കൾ.
രണ്ടാമത്തെ മകൻ ലിറ്റൻ തോമസ്, ഭാര്യ ഡോ. ബെറ്റ്സി തോമസ്. നിക്കോളസ്, ജെറമിയ, നതാലി എന്നിവരാണ് അവരുടെ മൂന്ന് മക്കൾ.
മൂന്നാമത്തെ മകൾ അറ്റോർണി ലിൻസി ജേക്കബ്. ഭർത്താവ് സോണി ജേക്കബ്. അവർക്ക് അന്നാമേരി എന്ന ഒരു മകളുണ്ട്.
നാലാമത്തെ മകൻ ലെവൻ തോമസ്, ഭാര്യ ഡോ. ടീന മാത്യു തോമസ്. ഇവാഞ്ചലിൻ, എസെക്കിയേൽ, എല്ലിസ് എന്നിവരാണ് അവരുടെ മൂന്ന് മക്കൾ.
മക്കൾ ഓരോരുത്തരും അവരവരുടെ മേഖലകളിൽ മുന്നേറുന്നത് കാണുന്നത് വലിയ സന്തോഷമാണ്. അവർക്ക് അവരുടെ ജീവിതമുണ്ട്. അവരുടെ നേട്ടങ്ങൾ കാണുമ്പോൾ അഭിമാനം തോന്നും.
മക്കൾക്ക് ഞാൻ നൽകാൻ ആഗ്രഹിക്കുന്ന ഏറ്റവും വലിയ പാരമ്പര്യം സ്വത്തല്ല; മൂല്യങ്ങളാണ്. മറ്റുള്ളവരെ ബഹുമാനിക്കുക, പ്രയാസത്തിലായവരെ സഹായിക്കുക, പഠനം ഒരിക്കലും അവസാനിപ്പിക്കാതിരിക്കുക—ഇവയാണ് ഞാൻ അവരോട് പറയാറുള്ളത്.
അമേരിക്കൻ മലയാളികൾ ‘പി.റ്റി.ച്ചായൻ’ എന്ന് വിളിക്കുമ്പോൾ എന്താണ് തോന്നുന്നത്?
അത് വലിയൊരു സ്നേഹമാണ്.
ഒരു ഔദ്യോഗിക പദവിയേക്കാളും വലിയതാണ് ഒരാൾ നമ്മളെ സ്വന്തം ആളായി കാണുന്നത്. വിഷമമുണ്ടാകുമ്പോൾ വിളിക്കാം, എന്തെങ്കിലും സഹായം വേണമെങ്കിൽ സംസാരിക്കാം എന്ന് ആളുകൾക്ക് തോന്നുന്നുണ്ടെങ്കിൽ അതാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം.
അമേരിക്കയിലെ മലയാളി സമൂഹത്തെ നാല് പതിറ്റാണ്ടിലേറെ അടുത്തുനിന്ന് കണ്ട വ്യക്തിയാണ് താങ്കൾ. ഇപ്പോഴത്തെ തലമുറയോട് എന്താണ് പറയാനുള്ളത്?
നമ്മുടെ കുട്ടികൾ അമേരിക്കൻ സമൂഹത്തിന്റെ ഭാഗമാണ്. അതേസമയം അവരുടെ ഭാഷയും സംസ്കാരവും വേരുകളും അവർ മറക്കരുത്.
മലയാളം സംസാരിക്കുക. മാതാപിതാക്കളെയും മുതിർന്നവരെയും ബഹുമാനിക്കുക. സമൂഹവുമായി ബന്ധം നിലനിർത്തുക. അതോടൊപ്പം അമേരിക്കൻ സമൂഹത്തിന്റെ മുഖ്യധാരയിലും സജീവമായി പങ്കെടുക്കുക.
ജീവിതത്തിലെ ഉയർച്ചതാഴ്ചകൾ ഉൾപ്പെടുത്തി ഒരു ആത്മകഥ എഴുതണമെന്ന ആഗ്രഹമുണ്ടോ?
50-ാം ജന്മദിനത്തിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കണമെന്നായിരുന്നു അന്നത്തെ ആഗ്രഹം. ഇപ്പോൾ 75-ാം വയസ്സിലെത്തിയപ്പോഴും ഒരു പുസ്തകം പ്രസിദ്ധീകരിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, പല കാരണങ്ങളാൽ ഇതുവരെ അത് സാധിച്ചിട്ടില്ല.
സത്യത്തിൽ, എഴുത്തുമായി എനിക്ക് വളരെ ചെറുപ്പത്തിലേ ബന്ധമുണ്ട്. എന്റെ 17-ാം വയസ്സിൽ തന്നെ ഞാൻ ഒരു നോവൽ എഴുതിയിരുന്നു. ‘ഇലവാടാത്ത മരം’ എന്നായിരുന്നു അതിന്റെ പേര്.
അന്നത്തെ കാലത്ത് ഇന്നത്തെപ്പോലെ കമ്പ്യൂട്ടറോ ഡിജിറ്റൽ കോപ്പികളോ ഒന്നുമില്ലല്ലോ. കൈകൊണ്ടാണ് എഴുതേണ്ടത്. ആ നോവലിന്റെ രണ്ട് കോപ്പികൾ കൈയെഴുത്തായി തയ്യാറാക്കി. അതിൽ ഒരു കോപ്പി സിനിമയാക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ ഒരാൾക്ക് കൊടുത്തു. മറ്റൊരു കോപ്പി പ്രസിദ്ധീകരിക്കാമെന്ന് പറഞ്ഞ് ഒരാൾ കൊണ്ടുപോയി.
ആ നോവൽ സിനിമയായതുമില്ല, പ്രസിദ്ധീകരിച്ചതുമില്ല. ആ രണ്ട് കോപ്പികളും എനിക്ക് തിരികെ ലഭിച്ചതുമില്ല. അതോടെ ആ ശ്രമം അവിടെ അവസാനിച്ചു.
അതിനുശേഷം വീണ്ടും എഴുതണമെന്ന ആഗ്രഹം പലപ്പോഴും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഇതുവരെ അതിനൊത്ത സമയം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഒരു മനുഷ്യന്റെ ജീവിതം വിജയങ്ങളുടെ മാത്രം കഥയല്ലല്ലോ. പരാജയങ്ങളും നഷ്ടങ്ങളും തിരിച്ചടികളും നമ്മളെ പഠിപ്പിക്കുന്ന പാഠങ്ങൾ കൂടിയാണ്. അതുകൊണ്ട് തന്നെ എന്റെ ജീവിതാനുഭവങ്ങൾ മറ്റൊരാൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ എഴുതാൻ കഴിഞ്ഞാൽ അതിന് വലിയ അർത്ഥമുണ്ടാകും.
എഴുതണം എന്ന ആഗ്രഹം ഇപ്പോഴും മനസ്സിലുണ്ട്. സമയം കിട്ടിയാൽ തീർച്ചയായും അത് പൂർത്തിയാക്കണം.
ജീവിതത്തെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാടിൽ മനഃശാസ്ത്രപരമായ ഒരു സമീപനവും കാണാം. എറിക് എറിക്സന്റെ ‘Generativity vs. Stagnation’ എന്ന ആശയത്തെക്കുറിച്ച് താങ്കൾ പലപ്പോഴും പറയാറുണ്ട്. അതിനെ എങ്ങനെയാണ് താങ്കളുടെ ജീവിതവുമായി ബന്ധിപ്പിക്കുന്നത്?
എറിക് എറിക്സന്റെ മനുഷ്യവികസനത്തെക്കുറിച്ചുള്ള സിദ്ധാന്തത്തിൽ എട്ട് ഘട്ടങ്ങളാണ് പറയുന്നത്. അതിൽ പ്രായപൂർത്തിയായ ജീവിതത്തിലെ ഒരു പ്രധാന ഘട്ടമാണ് ‘Generativity vs. Stagnation’. ഏകദേശം 25 മുതൽ 65 വയസ്സുവരെയുള്ള കാലഘട്ടമായി ഇതിനെ കാണാം; ചിലർ പ്രായപരിധിയിൽ ചെറിയ വ്യത്യാസങ്ങൾ പറയാറുണ്ട്.
എന്റെ കാഴ്ചപ്പാടിൽ, ജീവിതത്തിലെ ഈ കാലഘട്ടം നമ്മൾ കഠിനാധ്വാനം ചെയ്യാനും, സമൂഹത്തിനും കുടുംബത്തിനും എന്തെങ്കിലും തിരികെ നൽകാനും, ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാനും ലഭിക്കുന്ന വലിയൊരു അവസരമാണ്. ആ അവസരം നന്നായി ഉപയോഗിക്കണം.
ഈ കാലഘട്ടത്തിൽ നമ്മൾ എന്ത് ചെയ്യുന്നു എന്നത് പിന്നീട് ജീവിതത്തെ എങ്ങനെ കാണുന്നു എന്നതിലും സ്വാധീനം ചെലുത്തും. 65 വയസ്സിന് ശേഷമുള്ള ഘട്ടത്തെ എറിക്സൻ ‘Ego Integrity vs. Despair’ എന്നാണ് വിശേഷിപ്പിക്കുന്നത്. പിന്നിട്ട ജീവിതത്തെ സംതൃപ്തിയോടെ സ്വീകരിക്കാനും, താൻ ജീവിച്ച ജീവിതത്തിന് അർത്ഥമുണ്ടെന്ന് തോന്നാനും കഴിയുന്നതാണ് അവിടെ പ്രധാനപ്പെട്ടത്.
അതുകൊണ്ട് 25 മുതൽ 50, 60, 65 വയസ്സുവരെയുള്ള കാലം വെറുതെ കളയാനുള്ള സമയമല്ല. പ്രവർത്തിക്കാനും പഠിക്കാനും അധ്വാനിക്കാനും കുടുംബത്തിനും സമൂഹത്തിനും വേണ്ടി എന്തെങ്കിലും ചെയ്യാനും കഴിയുന്ന കാലമാണ്. ആ അവസരം നന്നായി ഉപയോഗിച്ചാൽ പ്രായമാകുന്ന സമയത്ത് ജീവിതത്തെ സംതൃപ്തിയോടെ തിരിഞ്ഞുനോക്കാൻ കഴിയും.
അല്ലാതെ ആ കാലഘട്ടം നിരാശയിലും അലസതയിലും സംഘർഷങ്ങളിലും മാത്രം ചെലവഴിച്ചാൽ പിന്നീട് ജീവിതത്തെക്കുറിച്ച് നിരാശ തോന്നാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഓരോ പ്രായത്തിനും അതിന്റേതായ ഉത്തരവാദിത്വമുണ്ട്. നമുക്ക് ലഭിക്കുന്ന സമയത്തെ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്.
താങ്കളുടെ കാഴ്ചപ്പാടിൽ ഒരു ‘വിജയകരമായ ജീവിതം’ എന്ന് പറയുന്നത് എന്താണ്?
എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും വലിയ വിജയം മനസ്സിന്റെ സന്തോഷമാണ്.
എപ്പോഴും മനസ്സിന് സന്തോഷത്തോടുകൂടി ജീവിക്കാൻ കഴിയുന്ന ഒരാളുടെ ജീവിതം വിജയകരമാണ്. അതിനുശേഷമാണ് കുടുംബം, മക്കൾ, അവരുടെ സന്തോഷം, സാമ്പത്തികമായ സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങൾ വരുന്നത്.
സാമ്പത്തികമായി മറ്റൊരാളെ ആശ്രയിക്കേണ്ടിവരാത്ത അവസ്ഥയും പ്രധാനമാണ്. പക്ഷേ അതിനേക്കാളൊക്കെ വലുതാണ് മനസ്സിന്റെ സന്തോഷം.
ഒരുപാട് പണം സമ്പാദിച്ചിട്ടും മനസ്സിന് സന്തോഷമില്ലെങ്കിൽ അതിനെ പൂർണമായ വിജയമെന്ന് ഞാൻ കരുതുന്നില്ല. മറിച്ച്, കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കാനും, മറ്റുള്ളവർക്ക് ഉപകാരപ്പെടാനും, സ്വന്തം കാലിൽ നിൽക്കാനും, മനസ്സമാധാനത്തോടെ ജീവിതത്തെ നോക്കിക്കാണാനും കഴിയുന്നുണ്ടെങ്കിൽ അതാണ് യഥാർത്ഥ വിജയം.
അവസാനം, ഒരാളുടെ ജീവിതം എത്ര സമ്പാദിച്ചു എന്നതുകൊണ്ട് മാത്രം അളക്കേണ്ടതല്ല. എത്ര സന്തോഷത്തോടെ ജീവിച്ചു, എത്ര പേരുടെ ജീവിതത്തിൽ നല്ലൊരു സ്വാധീനം ചെലുത്താൻ കഴിഞ്ഞു എന്നതും പ്രധാനമാണ്.
75-ാം വയസ്സിലെ സ്വപ്നം?
സ്വപ്നങ്ങൾ അവസാനിച്ചിട്ടില്ല.
പൊതുസേവനത്തിൽ ചെയ്യാനുള്ള കാര്യങ്ങൾ ഇനിയും ഉണ്ട്. സമൂഹത്തിനായി ചെയ്യാനുള്ള കാര്യങ്ങളുണ്ട്. യുവതലമുറയുമായി കൂടുതൽ ഇടപെടണം. വിദ്യാഭ്യാസം, ഭാഷ, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യണം.
പ്രായം കൂടുന്നു എന്നത് ഒന്നും ചെയ്യാതിരിക്കാനുള്ള കാരണമാകരുത്.
ഇനി വരുന്ന ജീവിതത്തെ എങ്ങനെയാണ് കാണുന്നത്?
എത്ര ദിവസം ജീവിക്കുമെന്ന് നമുക്ക് അറിയില്ല. പക്ഷേ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാൻ നമുക്ക് കഴിയും.
ഇനി വരുന്ന ഓരോ ദിവസവും കഴിയുന്നത്ര അർത്ഥവത്താക്കണമെന്നാണ് ആഗ്രഹം. എനിക്ക് ലഭിച്ച അനുഭവങ്ങൾ മറ്റൊരാൾക്ക് പ്രയോജനപ്പെടുന്നുവെങ്കിൽ അതാണ് ഏറ്റവും വലിയ സന്തോഷം.
പി.റ്റി.ച്ചായനെ സ്നേഹിക്കുന്ന അമേരിക്കൻ മലയാളി സമൂഹത്തോട് എന്താണ് പറയാനുള്ളത്?
എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവരോടും നന്ദിയുണ്ട്.
ഈ ദൂരം ഞാൻ ഒറ്റയ്ക്ക് എത്തിയതല്ല. ഒരുപാട് ആളുകൾ വഴിയിൽ കൂടെയുണ്ടായിരുന്നു. സുഹൃത്തുക്കൾ, സഹപ്രവർത്തകർ, സംഘടനാ പ്രവർത്തകർ, കുടുംബാംഗങ്ങൾ—എല്ലാവരുടെയും സ്നേഹവും പിന്തുണയും എന്റെ ജീവിതത്തിന്റെ ഭാഗമാണ്.
എന്നെ ‘പി.റ്റി.ച്ചായൻ’ എന്ന് വിളിക്കുന്ന സ്നേഹമാണ് എന്റെ ഏറ്റവും വലിയ സമ്പത്ത്.
പി.റ്റി. തോമസിന്റെ 75-ാം ജന്മദിനം ഒരു പ്രായത്തിന്റെ ആഘോഷം മാത്രമല്ല; പ്രതിസന്ധികളെ അതിജീവിച്ച ഒരു ജീവിതത്തിന്റെ, മനുഷ്യബന്ധങ്ങൾക്ക് നൽകിയ വിലയുടെ, സേവനത്തിലൂടെ കണ്ടെത്തിയ സംതൃപ്തിയുടെ വലിയൊരു പാഠമാണ്.