
സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ ജനിക്കുന്ന അർഹരായ ഓരോ കുഞ്ഞിനും ഒരു ഗ്രാം, 22 കാരറ്റ് സ്വർണമോതിരം നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് ഇതോടെ നടപ്പാക്കിയത്.

‘തായ്മാമൻ തങ്ക മോതിരം തിട്ടം’ എന്ന പേരിലുള്ള പദ്ധതി മധുരയിലെ സർക്കാർ രാജാജി ആശുപത്രിയിലാണ് വിജയ് ഉദ്ഘാടനം ചെയ്തത്. പദ്ധതിക്കായി പ്രതിവർഷം 755.83 കോടി രൂപയാണ് സർക്കാർ നീക്കിവെച്ചിരിക്കുന്നത്. സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലെ പ്രതിവർഷം ഏകദേശം 4.42 ലക്ഷം പ്രസവങ്ങൾ പദ്ധതിയുടെ പരിധിയിൽ വരുമെന്നാണ് കണക്ക്.
വിജയിയുടെ ജന്മദിനമായ ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജീവനോടെ ജനിച്ച കുഞ്ഞുങ്ങൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ അർഹതയുണ്ട്. അമ്മ തമിഴ്നാട് സ്വദേശിയായിരിക്കണം. കൂടാതെ പിഐസിഎംഇ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടാകുകയും റീപ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്ത് (ആർസിഎച്ച്) ഐഡി ഉണ്ടായിരിക്കുകയും വേണം. തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പിലും ജൂൺ 22 മുതൽ ജനിച്ച കുഞ്ഞുങ്ങൾക്ക് പദ്ധതി ബാധകമാണെന്ന് വ്യക്തമാക്കുന്നു.

മധുരയിലെ ഉദ്ഘാടന ചടങ്ങിൽ വിജയ് കുഞ്ഞുങ്ങൾക്ക് സ്വർണമോതിരങ്ങൾ സമ്മാനിച്ചു. അമ്മമാർക്കൊപ്പം വേദിയിലെത്തിയ മൂന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെ ആകെ 27 കുഞ്ഞുങ്ങൾക്ക് ചടങ്ങിൽ മോതിരം നൽകി. ആശുപത്രിയിലെ പ്രസവ വാർഡും സന്ദർശിച്ച വിജയ് നവജാത ശിശുക്കൾക്ക് മോതിരങ്ങൾ വിതരണം ചെയ്തു.
ഗുണഭോക്താക്കളിലൊരാളായ അർച്ചനാ ദേവി, തനിക്ക് സഹോദരങ്ങളില്ലാത്തതിനാൽ ഈ സമ്മാനം ഏറെ വികാരനിർഭരമായ അനുഭവമാണെന്ന് പറഞ്ഞു. തന്റെ മകൾക്ക് സ്വർണമോതിരം ലഭിച്ചതിൽ അതീവ സന്തോഷമുണ്ടെന്നും വിജയ് തന്നെ സഹോദരിയെപ്പോലെയാണ് പരിഗണിച്ചതെന്നും അർച്ചനാ ദേവി കൂട്ടിച്ചേർത്തു.