Image

ഇരുപത്തി അഞ്ച് പുസ്‌തകങ്ങളുടെ നിറവിൽ മിനി സുരേഷ്

Published on 28 September, 2026
ഇരുപത്തി അഞ്ച് പുസ്‌തകങ്ങളുടെ നിറവിൽ മിനി സുരേഷ്

  അക്ഷരങ്ങളെ സ്‌നേഹിച്ച് ജീവിതാനുഭവങ്ങളെ ചേർത്തു പിടിച്ച് സർഗാത്മകമായ യാത്രയിലൂടെ ഇരുപത്തി അഞ്ച് പുസ്‌തകങ്ങളുടെ നിറവിലെത്തിയിരിക്കുകയാണ് മിനി സുരേഷ് . ഒരു എഴുത്തുകാരിയുടെ വളർച്ചയുടെയും ആത്മ സമർപ്പണത്തിൻ്റെയും അടയാളമാണ് ഈ ഇരുപത്തിഅഞ്ച് പുസ്‌തകങ്ങൾ. പുസ്‌തകങ്ങളുടെ എണ്ണം മാത്രമല്ല രചനകളുടെ വൈവിധ്യമാണ് മിനിയുടെ സർഗാത്മക സഞ്ചാരത്തെ ശ്രദ്ധേയമാക്കുന്നത്. 

അഞ്ച് കഥാ സമാഹാരങ്ങൾ ,ആറ്  ബാലകഥാ സമാഹാരങ്ങൾ, ഏഴ് കവിതാ സമാഹാരങ്ങൾ  , ഏഴ് ലേഖന സമാഹാരങ്ങൾ എന്നിങ്ങനെ നാല് വ്യത്യസ്ത ശാഖകളിലായി വ്യാപിച്ചു കിടക്കുന്നതാണ് മിനി സുരേഷിൻ്റെ പുസ്‌തകങ്ങളുടെ ലോകം. 

 മനുഷ്യരെയും അവരുടെ ബന്ധങ്ങളെയും സംഘർഷങ്ങളെയും  സ്വപ്‌നങ്ങളെയും കഥകളാക്കി മാറ്റുമ്പോൾ എഴുത്തുകാരിയുടെ സൂക്ഷ്‌മ നിരീക്ഷണം ബാരാത് , ഒറ്റമരം, ത്രികോണം, നൊമ്പരച്ചിന്തുകൾ, മറവിയുടെ മഴക്കാലം എന്നീ കഥാസമാഹാരങ്ങളിൽ കാണാം .

ചിന്തകളുടെ ആഴവും സാമൂഹികവും മാനുഷികവുമായ വിഷയങ്ങളുടെ തെളിച്ചവും  നീരുറവകൾ , കാലം മറക്കാത്ത മണിനാദങ്ങൾ, നാണയങ്ങൾ, അക്ഷരമാനുഷം , ഓർമ്മയുടെ ജാലകങ്ങൾ തുടങ്ങിയ ലേഖന സമാഹാരങ്ങളിലും ലളിതമായ വാക്കുകളിലൂടെ വായനക്കാരൻ്റെ മനസ്സിൽ ഇടം തേടുന്ന അനുഭൂതികൾ കരുത്ത് പകരുന്ന സരസ്വതി വന്ദനം , മൗനത്തിൻ വല്മീകങ്ങൾ, മഴനൂൽപ്പട്ടങ്ങൾ , നേരിൻ്റെ ഉൾക്കാഴ്ചകൾ എന്നീ കവിതാ സമാഹാരങ്ങളിലും ദർശിക്കാം . ബാലകഥാസമാഹാരങ്ങളായ  കിളിക്കൂട്, ബില്ലി ആന, മുത്തശ്ശിക്കഥകൾ , പമ്പരങ്ങൾ, ഐസ് ക്രീം , മാജിക് ക്യാമറ എന്നിവ കുട്ടികളുടെ മനസ്സിലേക്കുള്ള സ്‌നേഹപൂർവമായ മിനിയുടെ യാത്രയാണ് .

 കുട്ടികളുടെ ഭാവനയും കൗതുകവും നിഷ്‌കളങ്കതയും മനസ്സിലാക്കി അവർക്കായി കഥകളൊരുക്കുന്നത് വേറിട്ടൊരു സർഗശേഷി ആവശ്യപ്പെടുന്ന കാര്യമാണ് . ഇരുപത്തി അഞ്ചിൻ്റെ നിറവിൽ നിൽക്കുമ്പോഴും മിനിയുടെ സാഹിത്യ സഞ്ചാരം അവസാനിക്കുന്നില്ല. പുതിയ ചിന്തകൾക്കും പുതിയ തലമുറയിലെ വായനക്കാർക്കുമായി രചനകൾ ഇനിയും പിറക്കാനുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക