
''സുഖിയായ് ഭാഗ്യവാനായ് ആരെയും കരുതേണ്ടാ -
ശവസംസ്‌കാരംവരെ ഭാഗ്യങ്ങളിരിയ്ക്കാകില്‍!''
എന്റെ ബാല്യകാലത്തെപ്പറ്റി മറ്റൊരാള്‍ക്ക് പറഞ്ഞുകൊടുത്ത് എഴുതിക്കുന്നതിലും നല്ലത് ഞാന്‍ തന്നെ എഴുതുന്നതാണ് ഉചിതം എന്നെനിക്കുതോന്നി. ഈവിവരം ഞാന്‍ എന്റെ ആത്മകഥ എഴുതാന്‍ ഏറ്റ ആല്‍ബി സാറിനോടു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് എന്നില്‍ നല്ല വിശ്വാസമുണ്ടെന്നും അദ്ദേഹം എന്റെ അധ്യാപകനായി എന്നോടൊപ്പം അവസാനംവരെ ഉണ്ടാവും എന്നു വാക്കുതന്നതുകൊണ്ടാണ് കുളങ്ങര തറവാട്ടില്‍ ഞാന്‍ ചിലവഴിച്ച എന്റെ ബാല്യകാലത്തെപ്പറ്റി ധ്യാനിച്ചുകൊണ്ട് ഞാന്‍ ഈ അദ്ധ്യായം എഴുതാന്‍ തുടങ്ങുന്നത്.
77 സംവത്സരങ്ങള്‍ പിന്നിട്ട എന്റെ അമ്മവീടുമായി എനിക്ക് അഭേദ്യമായ ബന്ധമുണ്ട്. ആ ബന്ധം ഇന്നും കെടാതെ ഞാന്‍ സൂക്ഷിക്കുന്നുണ്ട്. എന്റെ ജനനം കുളങ്ങര തറവാട്ടില്‍ ആണെന്ന് ഇതിനോടകം ആല്‍ബിസാര്‍ എഴുതിക്കഴിഞ്ഞു. 14 വയസ്സുവരെ ഞാന്‍ കുളങ്ങര തറവാട്ടിലെ എല്ലാമെല്ലാമായ ഒരു അംഗത്തെപ്പോലെയാണ് വളര്‍ന്നത്. എനിക്ക് കളിത്തോഴരും തോഴിമാരും ഒരു ഡസനിലധികം ഉണ്ടായിരുന്നു എന്നു പറഞ്ഞാല്‍ വായനക്കാര്‍ക്ക് ഊഹിക്കാമല്ലോ. ഈ ഇരുപതാം നൂറ്റാണ്ടില്‍ ജീവിക്കുന്നവര്‍ക്ക് അങ്ങിനെയൊരു കാലത്തെപ്പറ്റി ചിന്തിക്കാന്‍ കൂടി കഴിഞ്ഞെന്നു വരുകയില്ല.
കഴിഞ്ഞ 38 വര്‍ഷത്തിലേറെയായി അമേരിക്കയില്‍ താമസിക്കുന്ന ഞാന്‍ എന്റെ തന്നെ കൈകൊണ്ട്, ഞാന്‍ പഠിച്ച അതേ മലയാളഭാഷയില്‍, എഴുതുന്നതില്‍ ഞാന്‍ അഭിമാനപുളകിതനാണ്. കുളങ്ങര തറവാട്ടില്‍ പോവുക എന്നു പറഞ്ഞാല്‍ എന്റെ ചെറുപ്പത്തില്‍ സ്വര്‍ഗ്ഗം കിട്ടുന്നതിനു തുല്യമായിരുന്നു. എന്നെക്കാള്‍ ഒരുവയസ്സ് കൂടുതല്‍ പ്രായമുള്ള രണ്ട് ഇരട്ടകള്‍ - ചാക്കോച്ചനും, മത്തച്ചനും, അവരുടെ അനുജന്‍ എന്നെക്കാള്‍ ഒരു വയസ്സ് ഇളപ്പമുള്ള ബേബി, അവര്‍ മൂന്നുപേരും സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ പിതൃസഹോദരങ്ങളാണ്. ആ സന്തോഷ് ഇന്ന് അറിയപ്പെടുന്ന സഫാരി ടി.വി.യുടെ സ്ഥാപകനും, 150 ഓളം രാജ്യങ്ങളില്‍ സ്വന്തംചിലവില്‍ സഞ്ചരിച്ച് സഞ്ചാരം എന്ന പേരില്‍ മലയാളികള്‍ക്കുവേണ്ടി ആദ്യമായി ദൃശ്യയാത്രാവിവരണപരിപാടി സ്വന്തമായി ചിത്രീകരിച്ച്, സ്വന്തമായി എഡിറ്റിങ്ങും നടത്തി വിക്ഷേപണം ചെയ്യുന്നതു കാണുമ്പോള്‍ ആ കുട്ടിയെ ചെറുപ്പത്തില്‍ ഞാന്‍ എടുത്തുകൊണ്ടു നടന്നിട്ടുള്ളതാണല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് സ്വയം അഭിമാനിക്കാന്‍ കഴിയുന്നുണ്ട്.

My Maternal late Grandparents Ouseph Ouseph Kulangara and Anna Kulangara
സന്തോഷ് ജോര്‍ജ്ജ് കുളങ്ങര എന്ന ആ കൊച്ചുകുട്ടി വളര്‍ന്ന് ആകാശത്തെക്കാള്‍ ഉയര്‍ന്നു ചിന്തിക്കാന്‍ കഴിവുണ്ടായതിനു തെളിവാണല്ലോ അമേരിക്കയിലെ വെര്‍ജിന്‍ ഗാലക്ടിക് കമ്പനിയുടെ ബഹിരാകാശ ടൂറിസം പരിപാടിയില്‍ പങ്കാളിയാകാന്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്‍ഡ്യാക്കാരന്‍ എന്ന പേരിനര്‍ഹനായത്. ബൈബിളില്‍ പറഞ്ഞിരിക്കുന്നതുപോലെ ഭൂമിയില്‍ എന്നെക്കാള്‍ വലിയവനാണ് സന്തോഷ് ജോര്‍ജ് കുളങ്ങര എന്നു പറയുന്നതിന് എനിക്ക് മടിയില്ല. പക്ഷേ എത്രപേര്‍ അത് അംഗീകരിക്കുമെന്നകാര്യത്തില്‍ എനിക്ക് ഉറപ്പുമില്ല.
എന്താണെങ്കിലും ഞാന്‍ വളര്‍ന്ന സാഹചര്യവും സന്തോഷ് ജോര്‍ജ് കുളങ്ങര വളര്‍ന്ന സാഹചര്യവും രണ്ടും വിഭിന്നമായിരുന്നു. സന്തോഷിന്റെ മുത്തച്ഛനായിരുന്നു എന്റെ മാതാവിന്റെ പിതാവ് ഔസേപ്പ് ഔസേപ്പ് കുളങ്ങര. കുളങ്ങര കൊച്ചേട്ടന്‍ എന്നാണ് അദ്ദേഹത്തെ നാട്ടുകാരെല്ലാം വിളിച്ചിരുന്നത്. എന്റെ വല്ല്യപ്പന് എന്നോട് വളരെ സ്‌നേഹവും, ഒരുപക്ഷേ ബഹുമാനവുമായിരുന്നു. അതിനുകാരണം വല്ല്യപ്പന്റെ മൂന്നു പെണ്‍മക്കളില്‍ ആദ്യമായുണ്ടായ ആണ്‍തരി ഞാന്‍ തന്നെയായിരുന്നു എന്നതാണ്. വല്ല്യപ്പന്റെ കാലത്ത് എടുത്തിട്ടുള്ള രണ്ടു കുടുംബഫോട്ടോകളില്‍ അദ്ദേഹത്തിന്റെ മടിയില്‍ ഇരിക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി.
എന്റെ വല്ല്യപ്പന്റെ പിതാവ് ആരായിരുന്നു എന്ന് ഞാന്‍ കുറെ നാളുകളായി അന്വേഷിക്കാന്‍ തുടങ്ങിയിട്ട്. അങ്ങിനെ ഇന്ന് അതിനുത്തരം കിട്ടി. എന്റെ മാതാവിന്റെ മൂത്തസഹോദരപുത്രനാണ് ജോര്‍ജ് കുളങ്ങര. സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ പിതാവ്.
ചെറുപ്പത്തില്‍ ഞങ്ങള്‍ കീരിയും പാമ്പും പോലെ ആയിരുന്നു. എന്നെക്കാള്‍ നാലഞ്ചു വയസ്സു കൂടുതലുള്ള ജോര്‍ജ്ജ് കുളങ്ങരയുടെ സ്ഥാനം ഞാന്‍ വല്ല്യപ്പനില്‍നിന്നും തട്ടിയെടുക്കുന്നതിന്റെ അരിശം കൊണ്ടായിരുന്നോ അത് എന്ന് പോലും ഞാന്‍ ആദ്യകാലങ്ങളില്‍ സംശയിച്ചിരുന്നു. എന്നോടു മാത്രമല്ല അനുജന്മാരോടും ഒരു ഏകാധിപത്യ പ്രവണതയാണ് എന്റെ ജ്യേഷ്ഠന്‍ ജോര്‍ജ്ജ് കുളങ്ങര കാണിച്ചിരുന്നത്. പക്ഷേ കാര്യം എന്തൊക്കെ പറഞ്ഞാലും എല്ലാവരോടും നല്ല സ്‌നേഹമുള്ള ആളായിരുന്നു അദ്ദേഹം. ജീവിതത്തില്‍ അതുകാണിച്ചുകൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എന്റെ മാതാവിന്റെ ജ്യേഷ്ഠത്തി, വളരെയധികം സമ്പത്തിന്റെ ഉടമയായിരുന്ന എന്റെ പേരമ്മ, മഹാഭാരതത്തിലെ കഥാപാത്രങ്ങളെപ്പോലെ എല്ലാം നഷ്ടപ്പെട്ട് പെരുവഴിയില്‍ ആയപ്പോള്‍ ആ പേരമ്മയെ രണ്ടുകൈയും നീട്ടി സ്വീകരിച്ച് ഒടുവില്‍ വയോധികര്‍ക്കുവേണ്ടി ഗ്രീന്‍ ഗാര്‍ഡന്‍ എന്ന ഒരു ആശ്രമം തന്നെ ഉണ്ടാക്കി അതിലെ ഒരംഗമായി അദ്ദേഹം മാതൃക കാണിച്ചത് അദ്ദേഹത്തിന്റെ സ്‌നേഹത്തിന്റെ പ്രതിസ്ഫുരണമാണ് എന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു.
കാലം അങ്ങിനെ കഴിഞ്ഞുപോയി. എന്റെയും ജോര്‍ജ്ജ് കുളങ്ങരയുടെയും മാതാപിതാക്കള്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു. എന്റെ ജീവചരിത്രം എഴുതിവന്നപ്പോള്‍ പലതും ഓര്‍മ്മവന്നു. ഇന്നലെ രാവിലെ ഞാന്‍ ജോര്‍ജ്ജ് കുളങ്ങരയെ (ഞാന്‍ വക്കച്ചന്‍ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. എന്റെ ഓമനപ്പേര് വാവച്ചന്‍ എന്നും.) വിളിച്ചു. സാധാരണ ഞാന്‍ അമേരിക്കയില്‍ നിന്നും വിളിക്കുമ്പോള്‍ എത്ര തിരക്കാണെങ്കിലും അദ്ദേഹം ഫോണ്‍ അടിച്ചാല്‍ ഉടന്‍ എടുക്കും. അങ്ങിനെ ദീര്‍ഘകാലമായി എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ചോദ്യത്തിന് ഉത്തരവും കിട്ടി. എന്റെ അമ്മയുടെ വല്ല്യപ്പന്റെ വീട്ടുപേര് ഒഴാക്കല്‍ എന്നായിരുന്നു. വീട് ഇന്നത്തെ മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍പ്പെട്ട മണ്ണക്കനാട് എന്ന സ്ഥലത്ത്. പില്‍ക്കാലത്ത് ആ വീട്ടുകാര്‍ സ്ഥലം വിറ്റ് മലബാറിലേക്ക് കുടിയേറി. എന്റെ അമ്മയുടെ വല്ല്യമ്മയുടെ വീട് വലവൂര്‍ (മീനച്ചില്‍ താലൂക്കില്‍) തൊടുകയില്‍ എന്ന തറവാട് ആയിരുന്നു. അവരില്‍ ചിലരൊക്കെ ഇന്നും കുടക്കച്ചിറ, വലവൂര്‍ എന്നീ സ്ഥലങ്ങളില്‍ താമസിക്കുന്നുണ്ട്.
അങ്ങിനെ അമ്മ വഴിക്കുള്ള കുടുംബശാഖ (തായ്വഴി) കണ്ടുപിടിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
നന്നെ ചെറുപ്പത്തില്‍ തന്നെ എന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുന്ന ഒരു സ്വഭാവം എനിക്കുണ്ടായിരുന്നു. ചെറുപ്പകാലത്ത് ഞാന്‍ എഴുതിയത് എന്റെ ആത്മമിത്രങ്ങളായ വെട്ടിക്കക്കുഴി ജോയി, വി.റ്റി.ജോസ് തപോവനം എന്നിവര്‍ ഇപ്പോഴും പൊന്നുപോലെ സൂക്ഷിക്കുന്നതായി എനിക്കറിവുണ്ട്. ചരിത്രത്തെപ്പറ്റി അറിയാനുള്ള ഒരു അഭിനിവേശം അതുതന്നെയാണ് എന്റെ ജീവചരിത്രം എഴുതണമെന്നുള്ള ആഗ്രഹം എന്റെ മനസ്സില്‍ ഉദിക്കാനുണ്ടായ കാരണം. എന്റെ ചെറുപ്പത്തില്‍ എന്റെ നാട്ടിലെ അയല്‍പക്കംകാരനും എന്റെ മാതാപിതാക്കളുടെ ഉറ്റസുഹൃത്തുമായ എ.ജെ. ജെയിംസ് സാര്‍ അതിനു കാരണക്കാരനായി. അങ്ങനെയാണ് ആല്‍ബി സാറിനെ ഞാന്‍ പരിചയപ്പെട്ടതും, ജീവചരിത്രം എഴുതാന്‍ തുടങ്ങിയതും.

My Maternal late Uncles and Aunts, including my late Mother Mary Joseph Koovalloor
ഞാനിപ്പോള്‍ ഇതെഴുതുന്ന സാഹചര്യം കേരളമല്ലെന്നും, മലയാളികള്‍ ആരും തന്നെ ഇല്ലാത്ത ഒരു അന്തരീക്ഷത്തില്‍ ഇരുന്നുകൊണ്ടാണ് ഞാന്‍ ഇതെഴുതുന്നതെന്നും പറഞ്ഞുകൊള്ളട്ടെ. അമേരിക്കയിലെ ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ യോങ്കേഴ്‌സ് എന്ന സിറ്റിയില്‍ ഏകനായിരുന്ന് കഴിഞ്ഞകാല സ്മരണകള്‍ അയവിറക്കുക എന്നു പറഞ്ഞാല്‍ എല്ലാം മനസ്സില്‍ ഒതുക്കിവച്ചിട്ടുള്ള, അല്ലെങ്കില്‍ ഒളിപ്പിച്ചു വച്ചിട്ടുള്ള, രഹസ്യങ്ങളാണെന്നോര്‍ക്കണം. അതെ, ആ രഹസ്യങ്ങള്‍ ഞാന്‍ ചരിത്രാന്വേഷികള്‍ക്കും, വായനക്കാര്‍ക്കും വേണ്ടി ഇവിടെ രേഖപ്പെടുത്താന്‍ തുടങ്ങുകയാണ്. സാധാരണ അമേരിക്കയില്‍ ജനിച്ചു വളരുന്നവര്‍ക്കു എന്നെപ്പോലെയുള്ള അനുഭവങ്ങള്‍ ഇല്ലെന്നുള്ളതാണ് സത്യം. അതിനുദാഹരണമാണ് ഈയിടെ ഞാന്‍ പങ്കെടുത്ത രണ്ടു പേരുടെ മരണാനന്തര ചടങ്ങ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കയില്‍ കുടിയേറി കഷ്ടപ്പെട്ട് ജോലി ചെയ്ത് രണ്ട് ആണ്‍മക്കളെ വളര്‍ത്തി പഠിപ്പിച്ചു വലുതാക്കിയ ഒരു പിതാവിന്റെ അന്ത്യദര്‍ശനത്തിന് പോയ അനുഭവം. ആണ്‍മക്കള്‍ വളര്‍ന്നു വലുതായി നല്ലനിലയിലുമെത്തി, അമേരിക്കക്കാരായ രണ്ടു യുവതികളെ ഓരോരുത്തരും കല്ല്യാണം കഴിച്ചു. പക്ഷേ, അവര്‍ വ്യവസ്ഥവെച്ചാണ് വിവാഹം കഴിച്ചത്, കുട്ടികള്‍ ഉണ്ടാകാന്‍ പാടില്ല. ആ പിതാവിന്റെ അന്ത്യദര്‍ശനത്തിന് ഒരു മകന്‍ എന്നെ ക്ഷണിച്ചതുകൊണ്ടുമാത്രം ഞാന്‍ പോയതാണ്. ആ മരിച്ച മനുഷ്യന്റെ ഭാര്യ കുറെ വര്‍ഷങ്ങള്‍ക്കുമുന്‍പ് മരിച്ചതാണ്. എന്റെ ഭാര്യ അറിയുന്ന ആളായിരുന്നതിനാല്‍ അമ്മയുടെ അന്ത്യദര്‍ശനത്തിനു ഞാന്‍ പോയിരുന്നു. അന്ന് ധാരാളം പേര്‍ ഉണ്ടായിരുന്നു. പക്ഷേ, പിതാവിന്റെ അന്ത്യദര്‍ശനത്തിന് 10 ല്‍ താഴെ മനുഷ്യജീവികളെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. അപ്പോള്‍ ഞാന്‍ കേരളത്തിലെക്കാര്യം ഓര്‍ത്തുപോയി. കേരളത്തില്‍ ഒരു പട്ടിചത്താല്‍പോലും അതില്‍ കൂടുതല്‍ ജനങ്ങള്‍ കാണാന്‍ പോകാറുണ്ടല്ലോ എന്ന തിരിച്ചറിവ്.
മേല്‍ പ്രസ്ഥാവിച്ച പിതാവ് മരിച്ചിട്ട് ഒരുമാസം കഴിഞ്ഞിരുന്നു. മക്കളുടെ സൗകര്യാര്‍ത്ഥമാണ് ഒരുമാസം വരെ നീട്ടിവച്ചത്. പിതാവ് മലയാളി ആയിരുന്നിട്ടുകൂടി എന്റെ അറിവില്‍ ഞാനും വേറെ ഞാന്‍ അറിയുന്ന രണ്ടു മലയാളികളുമേ മലയാളിയായ ആ മനുഷ്യന്റെ അന്ത്യദര്‍ശനത്തില്‍ പങ്കെടുത്തുള്ളൂ. പക്ഷേ, മൃതദേഹം സംസ്‌കരിച്ചശേഷം ഹോട്ടലില്‍വച്ച് വലിയ സദ്യ ഉണ്ടായിരുന്നു എന്നും, തങ്ങളുടെ മാതാപിതാക്കള്‍ ജീവിച്ചിരുന്നപ്പോള്‍ ഉണ്ടാക്കിയ പണം മുഴുവന്‍ നാട്ടിലേയ്ക്ക് അയച്ചുകൊടുത്തു എന്നും, ഒരുമകന്‍ തട്ടിവിട്ടതായും ഞാന്‍ അറിഞ്ഞു. ഇതിലൊക്കെ എത്രയോഭേദമാണ് കേരളത്തില്‍ എന്നും ഞാനോര്‍ത്തുപോയി. എന്റെ വല്ല്യപ്പന്‍ മരിച്ചപ്പോഴും പിതാവു മരിച്ചപ്പോഴും, കഴിഞ്ഞ ഫെബ്രുവരിമാസം എന്റെ മാതാവു മരിച്ചപ്പോഴും എന്തുമാത്രം ജനങ്ങള്‍ അന്ത്യദര്‍ശനത്തില്‍ പങ്കെടുത്തു എന്നും ഞാനോര്‍ക്കുമ്പോള്‍ ഇക്കാര്യത്തില്‍ മലയാളികള്‍ക്കാണ് കൂടുതല്‍ വൈകാരികത ഉള്ളതെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.

my childhood cousins , Chackochen and Mathachen Kulangara who were my childhood
2026 ഏപ്രില്‍ മാസത്തില്‍ എന്റെ സ്വന്തം ജ്യേഷ്ഠനെപ്പോലെ ഞാന്‍ കരുതിയിരുന്ന, തൊട്ടയല്‍വാസിയായ റോബര്‍ട്ട് എന്ന പോളിഷ്‌കാരന്‍ മരിച്ചപ്പോള്‍ ഞാനും എന്റെ തൊട്ടയല്‍വാസിയായ ജയിംസും അദ്ദേഹത്തിന്റെ ഭാര്യ സിസിലിയും അദ്ദേഹത്തിന്റെ അന്ത്യദര്‍ശനത്തിനുപോയിരുന്നു. ആ പോളിഷ്‌കാരനെ കൂടുതല്‍പേര്‍ അറിയുമായിരുന്നതിനാല്‍ കുറെപ്പേര്‍ പങ്കെടുത്തിരുന്നു. എങ്കിലും സാധാരണമലയാളികള്‍ മരിക്കുമ്പോഴുള്ളതിന്റെ ചെറിയൊരംശം ആള്‍ക്കാര്‍ മാത്രമേ അന്ത്യദര്‍ശനത്തിനു പങ്കെടുത്തുള്ളൂ. ശരിക്കുപറഞ്ഞാല്‍ അതൊരു അന്ത്യദര്‍ശനമായിരുന്നില്ല. മക്കള്‍ മൃതശരീരം ദഹിപ്പിച്ചശേഷം ഒരു പാത്രത്തില്‍ ചാരം വച്ചതുകാണാനേ ഞങ്ങള്‍ക്കു കഴിഞ്ഞുള്ളു. കേരളവും ഇവിടെയും തമ്മിലുള്ള ഒരു താരതമ്യം ഞാന്‍ വായനക്കാര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു എന്നുമാത്രം കരുതിയാല്‍ മതി.
ഇനി കുളങ്ങര തറവാട്ടിലേക്കു തന്നെ പോകാം. എന്റെ വല്ല്യപ്പന് പിതൃസ്വത്തായി കിട്ടിയത് ഏറെക്കുറെ രണ്ടേക്കര്‍ പുരയിടം മാത്രം. അതും ഒരു കുളത്തോടു കൂടിയ പറമ്പായതിനാല്‍ കുളങ്ങര എന്നു പേരുവന്നു. കുളങ്ങര തറവാട്ടില്‍ ഒരു കിണറും ഉണ്ടായിരുന്നു. ആ കിണറ്റില്‍ ഒരിക്കലും വറ്റാത്ത വെള്ളവും. പാലക്കാട്ടുമല എന്ന പ്രദേശത്താണ് കുളങ്ങര തറവാട്. കുളങ്ങര തറവാടിനു വടക്കും തെക്കും അന്നും ഇന്നും ഹിന്ദുക്കളാണ് താമസിച്ചിരുന്നത്. മിക്കവരും മാരാര്‍ വിഭാഗത്തില്‍പ്പെട്ടവര്‍. ഓണം, വിഷു എന്നീ പ്രധാനദിവസങ്ങളില്‍ അവര്‍ പായസവും, മറ്റ് വിഭവങ്ങളും തറവാട്ടില്‍ കൊണ്ടുവന്നിരുന്നത് കഴിക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. പക്ഷേ ആ ഹിന്ദുക്കള്‍ കഷ്ടിച്ച് ഉപജീവനം കഴിച്ചിരുന്നു എന്നു മാത്രം. ശരിക്കുപറഞ്ഞാല്‍ പാലക്കാട്ടുമലയിലെ മിക്ക സ്ഥലങ്ങളും നമ്പൂതിരിമാരുടേതായിരുന്നു. പാലക്കാട്ടുമല ഒരുപട്ടേരി ഉണ്ടായിരുന്നു. ആ പട്ടേരിയുടെ സ്ഥലം ആണ്ടൂര്‍ വരെ വ്യാപിച്ചുകിടന്നിരുന്നു. പാലക്കാട്ടുമല ശ്രീനരസിംഹസ്വാമി ക്ഷേത്രത്തില്‍ കഥകളികാണാന്‍ എന്റെ ചെറുപ്പത്തില്‍ കൂട്ടുകാരോടൊത്തു പോയിരുന്നു. അതിനടുത്താണ് മൂത്തേടത്തു മനവക കാവ്. കംപ്യൂട്ടര്‍ ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ഉപരിപഠനം നടത്താന്‍ കേരളത്തില്‍ നിന്നും ആദ്യമായി അമേരിക്കയിലെ ടെക്‌സാസിലുള്ള ഫ്രിസ്‌കോ എന്ന സ്ഥലത്തു താമസക്കാരനായിരുന്ന പ്രശസ്തനായ ശാസ്ത്രജ്ഞന്‍ ആണ് എം.എസ്.റ്റി. നമ്പൂതിരി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന പ്രൊഫസര്‍, ഡോ. എം.എസ്.റ്റി. നമ്പൂതിരി എന്ന മൂത്തേടത്ത് ശങ്കരന്‍ ത്രീവിക്രമന്‍ നമ്പൂതിരി. അദ്ദേഹം കേരളാ അസ്സോസിയേഷന്‍ ഓഫ് ഡളാസിന്റെ (KAD) പ്രസിഡന്റും, ഒരുകാലത്ത് അമേരിക്കയിലെ മലയാളികള്‍ക്ക് വഴികാട്ടിയും ആയിരുന്നു എന്നകാര്യം ഇന്നുള്ള മലയാളികള്‍ക്ക് അറിയാമെന്നു തോന്നുന്നില്ല. 1932 ല്‍ പാലക്കാട്ടുമല മൂത്തേടത്തുമനയില്‍ ജനിച്ച ആ മഹാന്‍ ''ഒരു കംപ്യൂട്ടറിന്റെ കഥ'' എന്ന ബുക്ക് ലേബര്‍ ഇന്‍ഡ്യാപ്രസ്സില്‍ അച്ചടിച്ചത് പ്രസിദ്ധീകരിക്കാന്‍ വേണ്ടിയാണ് ജോര്‍ജ് കുളങ്ങര 1996 ല്‍ അമേരിക്കയിലെത്തിയത്. അന്ന് ഞാനും എന്റെ മകന്‍ ജോസഫ് കൂവള്ളരൂം, എന്റെ സഹധര്‍മ്മിണി സിസിലി കൂവള്ളൂരും ജ്യേഷ്ഠസഹോദരനെ സ്വീകരിക്കാന്‍ പേരെഴുതിയ പ്ലാക്കാര്‍ഡുമായി ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ. ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നകാര്യവും ഞാന്‍ ഈ സാഹചര്യത്തില്‍ ഓര്‍ത്തുപോകുന്നു.
പ്രൊഫസര്‍ ഡോ. എം.എസ്.റ്റി. നമ്പൂതിരിയെ അങ്ങിനെ നേരിട്ടു കാണാനുള്ള ഭാഗ്യവും എനിക്കു ലഭിച്ചു. 1996 ലെ ഫൊക്കാനാ സമ്മേളനത്തില്‍ അന്നത്തെ കേരളാമുഖ്യമന്ത്രി ആയിരുന്ന ഇ.കെ. നായനാറിനെ ഒന്നു നേരിട്ടുകാണാമെന്ന പ്രതീക്ഷയില്‍ ജോര്‍ജ് കുളങ്ങരയോടൊപ്പം ഫൊക്കാനാ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ വളരെയധികം പ്രതീക്ഷയോടെ സ്വന്തം കൈയിലെ പണം മുടക്കി ഞാനും പോയിരുന്നു. പക്ഷേ, ഫൊക്കാനാ നേതാക്കളുണ്ടോ അന്നത്തെ കാലത്ത് ആരാലും അറിയപ്പെടാത്ത തോമസ് കൂവള്ളൂരിനെ അവരുടെ സമീപത്ത് അടുപ്പിക്കുമോ അവരുടെ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രഗത്ഭവ്യക്തികള്‍ക്കും, അവരുടെ ശിങ്കിടികള്‍ക്കും മാത്രമേ പ്രവേശനമുള്ളൂ. ''ഒരു കംപ്യൂട്ടറിന്റെ കഥ'' എന്ന പ്രൊഫ. ഡോ.എം.എസ്.റ്റി.യുടെ ബുക്ക് ഫൊക്കാനാ സാഹിത്യ സമ്മേളനത്തില്‍ പരിചയപ്പെടുത്തുന്നതിന് എത്തിയ ജോര്‍ജ്ജ് കുളങ്ങരയെ തുണി ഉരിയുന്ന വിധത്തിലാണ് ഫൊക്കാനാ സാഹിത്യസമ്മേളനത്തിനു ചുക്കാന്‍ പിടിച്ച മഹാനെന്നു ചിലര്‍ വിശേഷിപ്പിച്ച ജോര്‍ജ്ജ് മണ്ണിക്കരോട് അന്ന് പെരുമാറിയത്. ഫൊക്കാനാ സാഹിത്യസമ്മേളനത്തില്‍ കുറഞ്ഞത് അരമണിക്കൂറെങ്കിലും സംസാരിക്കാന്‍ സമയം കിട്ടുമെന്നുകരുതി നാട്ടില്‍നിന്നും ലക്ഷക്കണക്കിനു രൂപ മുടക്കി അമേരിക്കയിലെത്തി ടെക്‌സാസുവരെ എത്തിയ ജോര്‍ജ് കുളങ്ങരയെ വാസ്തവത്തില്‍ മണ്ണിക്കരോട് കോണകം ഉടുപ്പിക്കാന്‍ ശ്രമിച്ചു എന്ന് ഒരു ദൃക്‌സാക്ഷിയായ എനിക്കു തോന്നി. ഒരുമിനിറ്റുമാത്രം എന്ന് മണ്ണിക്കരോട്ടു പറഞ്ഞപ്പോള്‍ ആ ഫൊക്കാനാ സമൂഹത്തിനുവേണ്ടിയുള്ളതല്ല, ചില സ്ഥാപിത താല്പര്യക്കാരുടെയും അവരുടെ ശിങ്കിടികളുടെയും പെരുമകാണിക്കാനുള്ള ഒരു വേദി ആണെന്നു ഞാന്‍ തിരിച്ചറിഞ്ഞു.
മഹാനായ പ്രൊഫസര്‍ ഡോ.എം.എസ്.റ്റി. നമ്പൂതിരിയുടെ പ്രതിഭയ്ക്ക് മങ്ങലേല്പിച്ച ഒരു സംഭവമാണ് അന്ന് അവിടെ അരങ്ങേറിയത്. അതിന്റെ പ്രത്യാഘാതമെന്നോണം ടെക്‌സാസ് പോലീസ് വരെ എന്നെക്കാണാന്‍ വന്നത് എന്തുകൊണ്ടാണെന്ന് ഫൊക്കാനായുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം ഫൊക്കാനയെ പിളര്‍ത്തിയ ജെ. മാത്യൂസ് സാര്‍ എന്ന എന്റെ കടപ്ലാമറ്റംകാരന്‍ ഓര്‍മ്മിക്കുന്നുണ്ടാവുമെന്നു ഞാന്‍ കരുതുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഫൊക്കാനയും, ഫോമയും, സാമാന്യ ജനങ്ങള്‍ക്കുവേണ്ടിയുള്ളതല്ലെന്നു ഞാന്‍ തിരിച്ചറിഞ്ഞു.
അന്നത്തെ ഫൊക്കാനാ നേതാക്കള്‍ക്ക് ഞാനും നായനാരും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ എന്റെകൂടെ വന്ന ജോര്‍ജ് കുളങ്ങരയെ നാണം കെടുത്താന്‍ മുതിരുമായിരുന്നില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കന്മാരില്‍ പലര്‍ക്കും എന്നെ അറിയാമായിരുന്നു. ജോര്‍ജ് മണ്ണിക്കരോട്ട് ഇന്നു ജീവിച്ചിരിപ്പില്ല. പക്ഷേ വ്യക്തികളെ അപമാനിക്കുന്നതു ശരിയല്ല.
അന്നത്തെ ഫൊക്കാനാ സമ്മേളനത്തില്‍ ഞാന്‍ പരിചയപ്പെട്ട ഒരാളാണ് പ്രൊഫസര്‍ ഡി.വിനയചന്ദ്രന്‍ എന്ന കവി. ജോര്‍ജ് കുളങ്ങരയോടൊപ്പം അന്നു കേരളത്തില്‍നിന്നുവന്നതാണ് അദ്ദേഹവും, അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന പി.ജെ. ജോസഫും അദ്ദേഹത്തിനും അന്ന് ശരിക്കും സംസാരിക്കാനുള്ള അവസരം മണ്ണിക്കരോട്ട് നല്‍കിയില്ലാ എന്ന് ഒരുകാഴ്ചക്കാരനായ എനിക്കുപറയാന്‍ പറ്റും.
ഞാന്‍ ഇത്ര രൂക്ഷമായി ഇതെഴുതാന്‍ കാരണം നായനാര്‍ വന്നദിവസം ഞാന്‍ ശരിക്കും കുപിതനായി എന്നതാണ് സത്യം. ഇന്നാണെങ്കില്‍ അതുപോലുള്ള പ്രശ്‌നങ്ങളുണ്ടാകാന്‍ വിഷമമാണ്. ജോര്‍ജ് കുളങ്ങരയും ഞാനും ഒരുമുറിയിലാണ് കിടന്നിരുന്നത്. എല്ലാവിധ സൗകര്യങ്ങളുമുള്ള ഡബിള്‍ മുറി തന്നെ. പൊതുവേദിയില്‍ തന്നെ അവഹേളിച്ചു എന്നു മനസ്സിലാക്കിയ ജോര്‍ജ് കുളങ്ങര മുറിയിലെത്തി എന്നെ കുനിച്ചുനിര്‍ത്തി രണ്ട് അടി പിടലിക്കിട്ട്. പല വികാരങ്ങള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി. എന്റെ മക്കളെ വിളിച്ചു. എനിക്കു ദേഷ്യം വന്നാല്‍ അപകടമാണ്. ഒന്നുകില്‍ തിരിച്ചടിക്കണം, അതെല്ലങ്കില്‍ ജ്യേഷ്ഠനെ എടുത്ത് ഹോട്ടലിന്റെ മുകളില്‍ നിന്നും താഴേയ്ക്കിടണം. സൈക്കിയാട്രിയില്‍ മാസ്‌റ്റേഴ്‌സ് ഉള്ള എന്റെ സഹധര്‍മ്മിണി പറഞ്ഞു ഞാന്‍ ക്ഷുഭിതനായതിനാല്‍ എന്റെ ബി.പി നോക്കുക, നോക്കിയപ്പോള്‍ ഹോട്ടലിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ പറഞ്ഞു ഉടന്‍ എമര്‍ജന്‍സിയില്‍ പോവുക. അങ്ങിനെ 3 ദിവസം ഞാന്‍ യാതൊരു പരിചയവുമില്ലാത്ത ഡാളസ് ഹോസ്പിറ്റലില്‍ കിടന്നു. പക്ഷേ, ഞങ്ങള്‍ക്ക് അവിടെ സഹായത്തിന് ഫൊക്കാനായോ നേതാക്കളോ അല്ല എത്തിയത്, പാലാക്കാരനായ എന്റെ പിതാവിന്റെ സുഹൃത്തിന്റെ അനുജന്‍ മരങ്ങാട്ടുപിള്ളിക്കാര്‍ തന്നെ എത്തി. മൂഴയില്‍ ജോണ്‍സണ്‍ എന്നയാള്‍ ജോര്‍ജ് കുളങ്ങരയുടെ ആര്‍ട്ട് കോളജില്‍ പഠിച്ച് അമേരിക്കയിലെത്തിയ വിദ്യാര്‍ത്ഥിയാണ്. അദ്ദേഹത്തിന്റെ ജ്യേഷ്്ഠന്‍ ടെക്‌സാസിലെ അറിയപ്പെടുന്ന ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റും നല്ലനിലയില്‍ കഴിയുന്ന ആളുമാണ്. ഫൊക്കാനാ സമ്മേളനം ഏതാനും ദിവസങ്ങള്‍കൊണ്ടു കെട്ടടങ്ങി. ഞാന്‍ ഹോസ്പിറ്റലില്‍ പോയി എന്നറിഞ്ഞിട്ട് എന്തുപറ്റി എന്നുനോക്കാത്ത മനസ്സാക്ഷിയില്ലാത്ത മൃഗങ്ങളാണല്ലോ അമേരിക്കയിലെ വമ്പന്‍മാരെന്നു നടിക്കുന്ന മലയാളികള്‍ എന്ന് ഞാന്‍ അന്നോര്‍ത്തുപോയി.
പക്ഷേ, ഞാനും ജോര്‍ജ് കുളങ്ങരയും സഹോദരങ്ങളാണ്. വീണ്ടും ഞങ്ങള്‍ പൊരുത്തപ്പെടും. എന്റെ ഭാര്യ എന്നെ ശാന്തനാക്കി. ഇവിടെ ഒരുകാര്യം മനസ്സിലാക്കാന്‍ കഴിയും. അതായത് രാഷ്ട്രീയ ബന്ധങ്ങളും, ഫോമാ, ഫൊക്കാനാ എന്നീ ബന്ധങ്ങളും കുടുംബത്തോളം സുദൃഢമായ. ഒന്നല്ല. വെറും ക്ഷണികമായ ബന്ധങ്ങള്‍ മാത്രം.
പ്രൊഫസര്‍ ഡി. വിനയചന്ദ്രന്റെകാര്യം നേരത്തെ സൂചിപ്പിച്ചല്ലോ. 1996 കാലഘട്ടത്തില്‍ അമേരിക്കയില്‍ എയ്ഡ്‌സ് പരക്കെയുള്ള സമയമായിരുന്നു. അദ്ദേഹത്തിന് അമേരിക്കയിലെ ടോയ്‌ലറ്റില്‍ പോകാന്‍ ഭയമായിരുന്നു. ഇന്‍ഡ്യന്‍ ക്ലോസറ്റില്‍ പോയിക്കൊണ്ടിരുന്ന അദ്ദേഹം ടോയ്‌ലറ്റ് സീറ്റു പൊക്കിവച്ചിട്ടാണ് കാര്യം സാധിച്ചത് എന്ന് എന്നോടു പറയുകയുണ്ടായി. അതോടൊപ്പംതന്നെ രാവിലെ അല്‍പം വീര്യമുള്ള മദ്യം കഴിച്ചെങ്കില്‍ മാത്രമേ വയറ്റില്‍നിന്നും പോവുകയുള്ളൂ അത്രേ. ഞങ്ങളുടെ മുറിയില്‍ ഫ്രിഡ്ജില്‍ ഇഷ്ടംപോലെ ബ്രാണ്ടിയും വിസ്‌കിയും ഉണ്ടായിരുന്നത് അദ്ദേഹം തീര്‍ത്തു എന്നുപറഞ്ഞാല്‍ മതിയല്ലോ.
അങ്ങിനെ വ്യത്യസ്ഥ സാഹചര്യങ്ങളിലും വ്യത്യസ്ഥ രാജ്യങ്ങളിലും ജീവിച്ച എനിക്ക് മനുഷ്യരുടെ ജാഢ എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഞാന്‍ ജനിച്ചു വളര്‍ന്ന പാലക്കാട്ടുമലയിലെ ജീവിതം എത്ര സമത്വസുന്ദരമായിരുന്നു. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുമിച്ചു കളിച്ചു വളര്‍ന്ന സാഹചര്യം. പാലക്കാട്ടുമലക്കാരുടെ സ്‌നേഹഭാജനമായിരുന്ന പ്രൊഫസര്‍ ഡോ. എം.എസ്.റ്റി. നമ്പൂതിരിയുടെ 92-ാമത്തെ വയസ്സില്‍ അദ്ദേഹം ടെക്‌സാസില്‍ വച്ച് അന്തരിച്ചു. അമേരിക്കയിലെ ലാനാ (ലിറ്ററ്റി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക), ജനനി എന്നീ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രൊഫസര്‍, ഡോ. എം.എസ്.റ്റി. നമ്പൂതിരിയെപ്പോലെ പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ വളരെ ചുരുക്കംപേരെയുള്ളൂ. അദ്ദേഹത്തിന് എന്റെ നാടിന്റെ പേരില്‍ ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.
പാലക്കാട്ടുമലയിലെ മൂത്തേടത്തുകാവ് ഇന്നും അതിന്റെ മഹിമ കെട്ടടങ്ങാതെ നില്‍ക്കുന്നു.
കുളങ്ങര തറവാട്ടില്‍നിന്നും ഞാന്‍ പരിവാരസമ്മേതമാണ് എന്റെ ചെറുപ്പത്തില്‍ മൂത്തേടത്തു കാവിനടത്തുള്ള താഴത്തുരുത്തി എന്ന സ്ഥലത്തേയ്ക്കു രാവിലെ പണിക്കാരോടൊപ്പം ഇഞ്ചികൃഷി നടുന്നതിനായി പൊയ്‌ക്കൊണ്ടിരുന്നത്. കുളങ്ങര തറവാടിന്റെ പടിഞ്ഞാറു ഭാഗത്ത് താന്നിക്കപ്പാറ എന്നുപേരുള്ള കിഴക്കാംതൂക്കായ ഒരുപാറ ഉണ്ടായിരുന്നു. ആ പാറയില്‍ കുറുമ്പ, വിത്തകന്‍, ഓമല്‍, ചോഴന്‍, വെള്ളാനി, മൈലക്കിളി, കിളിക എന്നിവര്‍ താമസിച്ചിരുന്നു. അവരായിരുന്നു കുളങ്ങര തറവാട്ടിലെ പ്രധാനപണിക്കാര്‍. അവര്‍ക്കെല്ലാം എന്നെ എന്തുകാര്യമായിരുന്നെന്നോ. കാടുകയറിക്കിടന്നിരുന്ന താഴത്തുരുത്തില്‍ പറമ്പ് പൊന്നായി വിളയിക്കാന്‍ പ്രധാനകാരണക്കാര്‍ ഈ സാധുക്കളായ പണിക്കാര്‍ ആയിരുന്നു. ചരിത്രം പരിശോധിച്ചു നോക്കിയാല്‍ ഇവരുടെ പൂര്‍വ്വീകരെ ആ നാട്ടിലുള്ള ആരോ അടിമകളായി വാങ്ങിയതാണെന്നാണ് പഴമക്കാര്‍ പറഞ്ഞുകേട്ടത്. ഏതായാലും അവരെല്ലാം എത്ര ആത്മാര്‍ത്ഥതയുള്ള പണിക്കാരായിരുന്നു എന്ന കാര്യത്തില്‍ യാതൊരുതര്‍ക്കവുമില്ല. എന്നോടൊപ്പം സുന്ദരികളായ രണ്ടുമൂന്നു തരപ്പടിക്കാരും ഉണ്ടായിരുന്നു. എന്റെ അമ്മയുടെ ജ്യേഷ്ഠത്തിയുടെ മക്കള്‍ ലില്ലിയും, ലിസ്സിക്കുട്ടിയും. ഞാന്‍ എവിടെ പോകുന്നുണ്ടെങ്കിലും അവര്‍ എന്നോടൊപ്പമുണ്ടാവും. അന്നത്തെക്കാലത്ത് ഇഞ്ചിനട്ടാല്‍ അതിന്റെ വിളവ് ഇന്നത്തെക്കാലത്ത് ചിന്തിക്കാന്‍പോലും പറ്റാത്തതാണ്. ഇഞ്ചി വിത്ത് നന്നായൊരുക്കിയ കണ്ടത്തില്‍ കുഴി കുത്തി അതില്‍വച്ച് ചാണകം ഇട്ടുമൂടി അതിന്റെ മുകളില്‍ പച്ചിലയും ഇടും. നാല് ഇഞ്ചിക്കണ്ടത്തിന്റെ മൂലകള്‍ ചേരുന്ന സ്ഥലത്ത് കുഴികുത്തി മണ്ണിളക്കി, കൂനകൂട്ടി അതില്‍ കാച്ചില്‍ നടും. പാലാക്കാരായ കൃഷിക്കാരുടെ ഒരുപ്രത്യേകതയാണിത്. ഓരോ ഇഞ്ചിക്കണ്ടത്തിന്റെയും മൂലയ്ക്ക് കൂര്‍ക്ക, പയറ്, വറ്റല്‍ മുളകിന്റെ അരി എന്നിവ കുഴിച്ചിടും. ഇഞ്ചി വളരുന്നതോടൊപ്പം ഇവയും തഴച്ചുവളരും.
ഈ ഇഞ്ചി കൃഷിയോടൊപ്പം വരക്, എള്ള്, മുതിര എന്നിവയും ചീനിക്കിഴങ്ങ്, വെള്ളരി, മുള്ളരി, ചേമ്പ്, മഞ്ഞള്‍, ചേന, കച്ചോലം എന്നിവയും നട്ടിരുന്നു. അന്നത്തെക്കാലത്ത് ഭൂമിയില്‍ വിഷം തളിക്കുന്ന പ്രശ്‌നമേ ഇല്ലായിരുന്നു. മറ്റു സാധാരണ കൃഷിക്കാര്‍ കപ്പ കൃഷി കൂടുതലായി ചെയ്തിരുന്നപ്പോള്‍ എന്റെ വല്ല്യപ്പന്‍ ഇഞ്ചി കൃഷിക്കായിരുന്നു പ്രധാന്യം കൂടുതല്‍ കൊടുത്തിരുന്നത്. അതിനു പ്രത്യേകചില കാരണങ്ങളുണ്ട്. ഇഞ്ചി ചുരണ്ടി ചൂക്കാക്കിവച്ചാല്‍ അത് കുറെനാള്‍ കേടുകൂടാതെ ഇരിക്കും. വിലകൂടുമ്പോള്‍ മാത്രമേ വല്ല്യപ്പന്‍ ചുക്ക് വില്‍ക്കുകയുള്ളൂ. പ്രത്യേകിച്ച് ഏതെങ്കിലും പുതിയ പറമ്പ് വാങ്ങാന്‍നേരം മാത്രം.
2 ഏക്കറില്‍ നിന്നും 50 ഓളം ഏക്കര്‍ വാങ്ങിയ എന്റെ വല്ല്യപ്പന്‍ കേരളത്തിലെ പ്രഗത്ഭരായ സാമ്പത്തികശാസ്ത്രജ്ഞന്മാരെക്കാള്‍ അറിവുള്ള ഒരു വ്യക്തിയായിരുന്നു എന്നുള്ളത് ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമായ കാര്യമാണ്. 1950 കളിലും 1960 കളിലും രണ്ടും മൂന്നു ഏക്കര്‍ ഉണ്ടായിരുന്ന ചെറുകിടക്കാരായ കൃഷിക്കാര്‍ പ്രാരാബ്ദംകൊണ്ടു നട്ടംതിരിഞ്ഞ ഒരു സമയം പാലക്കാട്ടുമല, മരങ്ങാട്ടുപിള്ളി, ആണ്ടൂര്‍ പ്രദേശങ്ങളില്‍ വ്യാപകമായി ഉണ്ടായി. പലരും കിട്ടിയ വിലയ്ക്ക് ഭൂമി വിറ്റിട്ട് മലബാറിനു വച്ചുപിടിച്ചു. അവരില്‍ ചിലര്‍ സാമ്പത്തികമായി നല്ലനിലയിലെത്തിയെങ്കിലും മാരകവ്യാധികള്‍കൊണ്ട് ചിലര്‍ സാമ്പത്തികമായി തകര്‍ന്നതായും എനിക്കറിയാം.
എന്റെ വല്ല്യപ്പന്‍ എല്ലാത്തിനും കണക്കൂസൂക്ഷിക്കുന്ന ആളായിരുന്നു. അതുപോലെ ജനന- മരണ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരുന്നു. യൂസഫലിയും അദ്ദേഹത്തിന്റെ മരുമകന്‍ ഷംഷീര്‍ വയലിലും ബിസിനസ്സിലൂടെയാണ് സമ്പന്നരായതെങ്കില്‍ കൃഷിയിലൂടെ മാത്രം സമ്പന്നനായ ഒരാളാണ് ഔസേപ്പ് കുളങ്ങര എന്ന എന്റെ വല്ല്യപ്പന്‍. ഇതു ശരിക്കും മനസ്സിലാക്കിയതുകൊണ്ടാണ് കുളങ്ങര തറവാട്ടില്‍നിന്നും പഠിച്ച പ്രധാനപ്പെട്ട ചില ജീവിതരഹസ്യങ്ങള്‍ ഞാന്‍ ഇവിടെ കുറിക്കാന്‍ കാരണം.
എന്റെ ചെറുപ്പത്തില്‍ കുളങ്ങര തറവാട്ടില്‍ പൂര്‍വ്വീകരുടെ ഓര്‍മ്മയ്ക്കായി ശ്രാത്തം നടത്തുന്ന ഒരു ചടങ്ങുണ്ടായിരുന്നു. അക്കാലത്ത് ശ്രാത്തതിനുപോവുക എന്നാല്‍ ഒരു ഉത്സവത്തിനുപോകുന്ന പ്രതീതി ആയിരുന്നു. സദ്യയ്ക്കുള്ള എല്ലാ സാധനങ്ങളും കൃഷിയിടത്തില്‍ ഉല്‍പ്പാദിപ്പിച്ച ഒരു കൃഷിക്കാരനായിരുന്നു കുളങ്ങര കൊച്ചേട്ടന്‍. സദ്യയുടെ സമയം ആകുമ്പോള്‍ ഒരു പന്നി, ഒരുമൂരി, അങ്ങിനെ രണ്ടുകൂട്ടം ഇറച്ചി. ചിലപ്പോള്‍ കോഴിക്കറിയും ആവശ്യത്തിലധികം നെല്ല് ഉല്പാദിപ്പിച്ചിരുന്നതിനാല്‍ അതും വിലയ്ക്കുവാങ്ങേണ്ട ആവശ്യം ഇല്ലായിരുന്നു. എല്ലാത്തിനും പുറമെ ഇഷ്ടംപോലെ വാഴകൃഷിയും ഉണ്ടായിരുന്നതിനാല്‍ പഴം എന്നും സുലഭമായിരുന്നു. അങ്ങിനെ ഒരുകാലം നാട്ടില്‍ ഉണ്ടായിരുന്നു എന്നുള്ളത് ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാന്‍പോലും പറ്റാത്തതാണ്.
കുളങ്ങര തറവാട്ടിലെ ഒരു പ്രധാനപ്പെട്ട പാനീയം പനംകള്ളാണ്. നിരവധി പനകള്‍ ഉണ്ടായിരുന്നതിനാല്‍ ഇഷ്ടംപോലെ പനങ്കള്ള്് (ആഴ്ചയില്‍ ഒരുതവണ ചെത്തുന്ന കള്ള് ഉടമസ്ഥനാണ്) അതു മധുരകള്ളായിരിക്കും. അത് വറ്റിച്ച് പാനി, ശര്‍ക്കര എന്നിവ ഉണ്ടാക്കി വെക്കും. ശര്‍ക്കര ഉണ്ടാക്കുന്നതിനാല്‍ പഞ്ചസാര കടയില്‍ നിന്നും വാങ്ങേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. നൂറുകണക്കിന് സ്വന്തക്കാര്‍ ഉണ്ടായിരുന്ന ഒരു കുടുംബമായിരുന്നു കുളങ്ങര തറവാട്. അന്നത്തെക്കാലത്ത് ഒരു ശ്രാത്തത്തിന് ശരാശരി സ്വന്തക്കാര്‍ത്തന്നെ 400 ഓളം പേര്‍ വന്നിരുന്നു. രാമപുരം, ചക്കാമ്പുഴ, മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം എന്നിവിടങ്ങളില്‍ നിന്നുമെല്ലാമുള്ള ബന്ധുക്കളുടെ കൂട്ടായ്മ. അത് ഇന്നത്തെ സംഘടനകളുടെ കൂട്ടായ്മയെക്കാള്‍ എത്ര സ്‌നേഹനിര്‍ഭരമായിരുന്നു എന്നകാര്യം പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്.
അടുത്ത അധ്യായത്തില്‍ എന്റെ വല്ല്യപ്പന്റെ വിവാഹം പ്രേമവിവാഹം ആയിരുന്നു. അധ്യാപകന്‍ ശിഷ്യയെ വിവാഹം കഴിച്ച കഥ.
തുടരും...
Read More: https://www.emalayalee.com/writer/114