
താരസംഘടനയായ ‘അമ്മ’യിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് തുടർച്ചയായി ഹർജികൾ എത്തുന്നതിൽ വിമർശനവുമായി ഹൈക്കോടതി. ‘അമ്മ’ സംഘടനയ്ക്ക് വേണ്ടി പ്രത്യേക കോടതി തന്നെ വേണ്ടിവരുമല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം. പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഗണിക്കാനിരിക്കെ ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണോ കോടതിക്ക് സമയമുള്ളതെന്നും ഹൈക്കോടതി വിമർശിച്ചു.
നടി അൻസിബ ഹസന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ലക്ഷ്മി പ്രിയ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. സംഘടനയുമായി ബന്ധപ്പെട്ട് തുടർച്ചയായി ഹർജികൾ കോടതിയിലെത്തുന്ന സാഹചര്യത്തിലായിരുന്നു വിമർശനം. നേരത്തെ അൻസിബയും ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിന് പിന്നാലെയാണ് സംഘടനയ്ക്കുള്ളിൽ ഭിന്നത രൂക്ഷമായത്. സംഘടനയിലെ ഭാരവാഹികൾ പരസ്പരം സമൂഹമാധ്യമങ്ങളിലൂടെ ആരോപണങ്ങളും വിമർശനങ്ങളും ഉന്നയിച്ചതോടെ തർക്കം കൂടുതൽ വഷളായി. പിന്നീട് ഇത് വിവിധ കോടതികളിൽ വ്യത്യസ്ത കേസുകളായി മാറുകയായിരുന്നു.
ഏറ്റവും ഒടുവിലാണ് എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ലക്ഷ്മി പ്രിയ ഹൈക്കോടതിയെ സമീപിച്ചത്. സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ തുടർച്ചയായി നിയമപോരാട്ടങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, ഹർജികൾ പരിഗണിക്കവെ ഹൈക്കോടതി നടത്തിയ വിമർശനം ശ്രദ്ധേയമായിരിക്കുകയാണ്.